പാവം, അത് മാവേലിയായിരിക്കാം...

മാവേലി നാട് വാണീടും കാലം മാനുഷ്യരെല്ലാരും ഒന്നുപോലെ എന്ന പഴംപാട്ടിലെ മിത്തിനോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ് അക്കാലത്തെ മലയാളിക്കു പ്രവാസിയായി അന്യനാടുകളില്‍ അലയേണ്ട ഗതികേടുണ്ടായിരുന്നില്ല എന്നുളളതും.
എന്നാല്‍ മാവേലിക്ക് തന്നെ പ്രവാസിയായി പാതാളത്തിലേക്ക് പോകേണ്ടി വന്നതിനുശേഷമാണല്ലോ മാവേലിയുടെ പ്രജാ പരമ്പരയില്‍പ്പെട്ട നമ്മളും കാലാന്തരത്തില്‍ പ്രവാസികളായിത്തീര്‍ന്നത്. അതിനാല്‍ മലയാളിയെ സംബന്ധിച്ചിടത്തോളം നന്മയുടെ പ്രതീകമായ ഒരു രാജാവ് മാത്രമല്ല മാവേലി. മറിച്ച് പ്രവാസത്തില്‍ നമ്മുടെ ആദിഗുരുവും അഗ്രഗാമിയും കൂടിയാണ്.
ഇക്കാര്യം ഇവിടെ ചൂണ്ടിക്കാട്ടാന്‍ കാരണമുണ്ട്. ഒണം കഴിഞ്ഞിട്ട് നാളുകളേറെയായി. എന്നാല്‍ നഗരത്തില്‍ മലയാളി സമാജങ്ങളുടെ ഒണാഘോഷങ്ങള്‍ വെടിക്കെട്ടിനിടയില്‍ തെറിച്ചു പോയ പടക്കങ്ങള്‍ വെടിക്കെട്ട് തീര്‍ന്നിട്ടും അവിടവിടെ കിടന്ന് പിന്നേയും പൊട്ടിച്ചീറുന്നതുപോലെ ഇപ്പോഴും പലയിടത്തുമായി തുടര്‍ന്നുവരികയാണ്. ഒണത്തിന്‍റേയും നന്മയുടേയും പ്രതീകമായ മാവേലിയുടെ ഒര്‍മ്മയില്‍ അവര്‍ വടംവലി മുതല്‍ ബ്രേക്ക് ഡാന്‍സ് വരെ അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴും ആദ്യത്തെ പ്രവാസി മലയാളിയെന്ന നിലയില്‍ അദ്ദേഹത്തെ സ്മരിക്കുകയോ പരിഗണിക്കുയോ ചെയ്യുന്നില്ല എന്ന് പറഞ്ഞാല്‍ അതൊരു തമാശയായി തോന്നിയേക്കാം.
എന്നാല്‍ ഈയിടെ ഒരു സമാജം പ്രസിഡണ്ട് അതിലും വലിയൊരു തമാശ പറയുകയുണ്ടായി. അതായത്, മാവേലി പ്രവാസിയായി പോയത് പാതാളത്തിലേക്കാണ്. മുംബൈലേക്കല്ല. തിരുവോണ നാളില്‍ പാതാളത്തില്‍ നിന്നും തന്‍റെ പ്രജകളെ കാണാന്‍ കേരളത്തിലെത്തുന്ന മാവേലിക്ക് അതേ ദിവസംതന്നെ പലയിടത്തുംപ്രവാസികളായി കഴിയുന്ന മലയാളികളുടെ അടുത്ത് എത്തിച്ചേരാനുളള അസൌകര്യം പരിഗണിച്ചാണ് മുംബൈ മലയാളി സമാജങ്ങള്‍ ഒണം കഴിഞ്ഞിട്ടും പലനാളുകളിലും പലയിടങ്ങളിലുമായി ഒണാഘോഷങ്ങള്‍ തുടര്‍ന്നുവരുന്നതത്രെ.
അങ്ങനെയുളള ഒരോണാഘോഷച്ചടങ്ങില്‍ എന്‍ട്രി പാസ്സില്ലാതെതന്നെ പങ്ക് കൊളളാനവസരം ലഭിച്ചത് യാദൃച്ഛികമായിട്ടായിരുന്നു.
ഒണാഘോഷ പരിപാടികള്‍ രാവിലെ തന്നെ തുടക്കം കുറിച്ചിരുന്നു. എല്ലാ സമാജങ്ങളും അവതരിപ്പിച്ചു വരുന്ന സ്ഥിരം പരിപാടികളില്‍ നിന്നും വ്യത്യസ്ഥത അവകാശപ്പെടാവുന്ന ഒരു പരിപാടി ഈ ഒണാഘോഷത്തിലും കാണാനിടയായില്ല. സാംസ്കാരിക സമ്മേളനത്തിന് വിശിഷ്ടാതിഥിയായി എത്തിയിരുന്നത് നഗരത്തിലെ ഒരു പഴയ മലയാളി പണചാക്കാണ്. എന്നിട്ടുപോലും മുണ്ടുടുക്കാതെയാണ് കക്ഷി വേദിയില്‍ ഇരുന്നത്. എന്നുവച്ചാല്‍ സ്ഥിരം സഫാരി റോളിലെത്തിയ ആ സഫാരിക്കാരന്‍റെ വിടുവായിത്വം അപഹാസ്യവും അറുമുഷിപ്പനുമായിരുന്നു. എങ്കിലും സദ്യയുണ്ണാനുളള മോഹത്തില്‍ ജനം അയാളെ സഹിച്ചുകൊണ്ട് സമയം തളളിനീക്കി. ഒടുവില്‍ അടുത്തപരിപാടിയായ ഒണസദ്യയുടെ അറിയിപ്പുയര്‍ന്നു. ലോക്കല്‍ ട്രെയിനില്‍ സീറ്റ് പിടിക്കാന്‍ വേണ്ടിയുളള ആക്രാന്തവും മത്സരവും എന്നപോലെ സാംസ്കാരിക സമ്മേളനത്തില്‍ നിന്നും ഒരുവിധം രക്ഷപ്പെട്ട ജനക്കൂട്ടം പന്തിയിലേക്ക് ഇരച്ചുകയറി. സാമര്‍ത്ഥ്യമുളളവര്‍ക്കൊക്കെ സദ്യയുടെ ആദ്യറൌണ്ടില്‍ തന്നെ ഇരിപ്പിടം ലഭിച്ചു. അവരുടെ മുന്നില്‍ ഇലകളും ഇലകളില്‍ വിഭവങ്ങളും നിരന്നു. ഇതിനിടയില്‍ വിശിഷ്ടാതിഥിയേയും കൊണ്ട് സമാജം ഭാരവാഹികള്‍ കലാസാംസ്കാരിക പരിപാടികളരങ്ങേറിയ വേദിക്കു പിന്നിലെ ഗ്രീന്‍ റൂമിലേക്ക് നിഷ്ക്രമിക്കുന്നത് കണ്ടു. സദ്യവട്ടങ്ങളുടെ കൊതിപ്പിക്കുന്ന മണം കോമ്പൌണ്ടിനു പുറത്തോളം കടന്ന് വഴിയേ പോയിക്കൊണ്ടിരുന്നവരെപ്പോലും പ്രലോഭിപ്പിക്കുന്നതായിരുന്നു. ലൌഡ് സ്പീക്കറുകളില്‍ നിന്നും ഒണസ്മൃതികളുണര്‍ത്തിക്കൊണ്ട് മാവേലിനാട് വാണീടും കാലം... എന്ന ഗാനം ഒഴുകിയെത്തുന്നുണ്ടായിരുന്നുവെങ്കിലും ഊണിന്‍റെ ആവേശത്തില്‍ അതാരും കേട്ടില്ല.
ഇടക്കെപ്പോഴോ വിശിഷ്ടാതിഥിയും സമാജം ഭാരവാഹികളും വിയര്‍ത്തൊലിച്ച്, 70 എം.എം. ചിരിയുമായി ഗ്രീന്‍ റൂമില്‍ നിന്നിറങ്ങി സദ്യയുണ്ടുകൊണ്ടിരുന്ന എല്ലാവരേയും കൈകൂപ്പി തൊഴുതുകൊണ്ട് പന്തിയിലെത്തി. ഒണ ലഹരി സിരകളില്‍ ഒളം തല്ലിയപ്പോള്‍ അതിഥി വിശിഷ്ടന്‍ സദ്യയുണ്ണാത്തവരുടെ എച്ചില്‍ കൈകള്‍ ഗ്രഹിച്ച് ഒരോരുത്തര്‍ക്കും പ്രത്യേകം ഒണാശംസകള്‍ നല്‍കാനും മറന്നില്ല. പിന്നെ പുളളിക്കാരനും പന്തിഭോജനത്തില്‍ പങ്കാളിയായിക്കൊണ്ട് മലയാളി കൂട്ടായ്മക്ക് മാതൃകകാട്ടി. ഇതിന്‍റെയെല്ലാം വീഡിയോ ചിത്രീകരണവും നടക്കുന്നുണ്ടായിരുന്നു.
അപ്പോഴാണ് പന്തിയോട് ചേര്‍ന്നുളള ഗേറ്റിനടുത്ത് ഒരു ബഹളം. ഒണസദ്യയുണ്ണാനെത്തുന്നവരുടെ എന്‍ട്രി പാസ്സുകള്‍ പരിശോധിക്കാന്‍ ഗേറ്റില്‍ നിന്നിരുന്ന ചില വാളണ്ടിയര്‍മാര്‍ നീണ്ട താടിയും, മുടിയും, മുഷിഞ്ഞ വസ്ത്രങ്ങളുമായെത്തിയ മെലിഞ്ഞുണങ്ങി പ്രാകൃത രൂപിയായ ഒരു മധ്യവയസ്കനെകുത്തിന് പിടിച്ച് പുറത്തേക്ക് തളളുന്നു. എന്‍ട്രി പാസ്സില്ലാതെ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതാണ് കാരണം. അയാള്‍ മലയാളത്തില്‍ എന്തൊക്കെയോ പറഞ്ഞ് കേണപേക്ഷിക്കുന്നുണ്ട്. അത് ചെവിക്കൊളളാനാരും തയ്യാറിയില്ല. ഇത് കണ്ട് സദ്യ ഉണ്ണുകയായിരുന്ന ഒരു സരസന്‍റെ മനസ്സലിഞ്ഞു.
പാവം, അത് മാവേലിയായിരിക്കും. കടത്തിവിട്ട് അല്പം ഭക്ഷണം കൊടുക്കെടോ... ഒണാഘോഷമല്ലേ.
അയാള്‍ ഉറക്കെവിളിച്ചു പറഞ്ഞു. പക്ഷേ ഒണാഘോഷ പരിപാടികള്‍ക്ക് പ്രൊട്ടക്ഷന്‍ നല്‍കാന്‍ നിയുക്തരായ പോലീസുകാര്‍ അപ്പോഴേക്കും ആ പാവം മലയാളിയെ തൂക്കിയെടുത്ത് ജീപ്പിലിട്ടു. മാവേലി നാട് വാണീടും കാലം എന്ന ഗാനം അപ്പോഴും പന്തിയില്‍ മുഴങ്ങി കേള്‍ക്കാമായിരുന്നു.
_____________________
കാട്ടൂര്‍ മുരളി

1 comments:

സന്തോഷ്‌ പല്ലശ്ശന said...

കാട്ടൂര്‍... നന്ദി, ഈ അനുഭവം ഇവിടെ പങ്കുവച്ചതിന്‌

Post a Comment