അനുശോചന സംസ്കാരത്തിന്റെ കാലം





മേഘനാദന്‍
( mob.09975855108 / 09323190126)

അനുശോചനസംസ്കാരം എന്നൊരു പുതിയ സംസ്കാരം രൂപം കൊള്ളുകയും നിലവില്‍ വരികയും ചെയ്തിരിക്കുന്നു. നമ്മുടെ സംഘടനകള്‍ മിക്കതും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത് അനുശോചനം രേഖപ്പെടുത്തുന്ന കാര്യത്തില്‍ മാത്രമായിരിക്കുന്നു. പ്രശസ്ത വ്യക്തികളുടെ മരണത്തില്‍ അനുശോചിക്കാന്‍ സംഘടനകളുടെ ഭാരവാഹികള്‍ കാത്തിരിക്കുന്നതുപോലെയാണു തോന്നുന്നത്.
നടന്‍ രാജന്‍ പി. ദേവ് അന്തരിച്ച വാര്‍ത്ത പത്രത്തില്‍ വായിച്ച അതേ ദിവസം ആ പത്രത്തിന്റെ മൂന്നാം പേജില്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഒരു സാംസ്കാരിക സംഘടനഅനുശോചനം രേഖപ്പെടുത്തിയ വാര്‍ത്തയും വായിച്ചു. മത്സരിച്ച് ചാനലുകള്‍ ഫ്ളാഷ് ന്യൂസ് എഴുതിക്കാണിക്കുന്നതുപോലെ ഫ്ളാഷ് അനുശോചനവും!
യോഗം കൂടി അനുശോചനം രേഖപ്പെടുത്തിയിട്ടല്ല പല സംഘടനകളും പത്രത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്. സംഘടനയുടെ ലെറ്റര്‍പാഡില്‍നിന്ന് കീറിയെടുത്ത ഒരു താളില്‍ കലാവിഭാഗത്തിന്റെ ചുമതലയുള്ള ആരെങ്കിലും വാര്‍ത്ത എഴുതി പത്രത്തിനു കൊടുക്കും. അയാള്‍ തനിക്ക് ഇഷ്ടമുള്ളവരുടെ പേരുകള്‍ അനുശോചനം രേഖപ്പെടുത്തിയവരുടെ കൂട്ടത്തില്‍ എഴുതി ചേര്‍ത്തിരിക്കും. മലയാളം പത്രം തൊടുന്നതുതന്നെ അറപ്പാണെന്നു പറയുന്നവരുടെ പേരും കാണും അനുശോചനം രേഖപ്പെടുത്തിയവരുടെ പട്ടികയില്‍.
ഏതായാലും അവര്‍ തങ്ങളുടെ പേര് അച്ചടിച്ചിട്ടുണ്ടെന്ന് അറിഞ്ഞാല്‍ നേരെ പത്രം വാങ്ങാനായി ഓടും. എന്നിട്ട് തങ്ങളുടെ പേരു കാണുന്ന ഭാഗം മുറിച്ചെടുത്ത് ഫയലില്‍ വെയ്ക്കും.
ഇത്തരം കപട അനുശോചനങ്ങള്‍ ധാരാളം നടക്കുന്നുണ്ട്. പരേതരെ നിന്ദിക്കുന്നതിന് തുല്യമാണത്. പരേതരെക്കുറിച്ച് കൂടുതലെന്തെങ്കിലും അറിഞ്ഞിട്ടല്ല പലരും അനുശോചന സംരംഭത്തിനു മുതിരുന്നത് എന്നത് കാപട്യത്തിന്റെ ആക്കം കൂട്ടുന്നു. ഒരു സംഭവം പറയാം.
പമ്മന്‍ കുറെക്കാലം മുംബൈ മലയാളികള്‍ക്കിടയില്‍ അവരുമായി ഇടപഴകിക്കഴിഞ്ഞ എഴുത്തുകാരനായിരുന്നു. ഔദ്യോഗിക ബഹുമതികളോടെയല്ല അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകള്‍ നടന്നത് എന്നതു പോകട്ടെ. അദ്ദേഹം ഭേദപ്പെട്ട നോവലിസ്റും ചെറുകഥാകൃത്തും ആയിരുന്നുവെന്ന് സമ്മതിക്കാതെ വയ്യ. ചന്ദ്രഹാസം എന്ന പേരില്‍ ഒരു നാടകവും അദ്ദേഹത്തില്‍നിന്ന് നമുക്ക് കിട്ടിയിട്ടുണ്ട്. ചട്ടക്കാരി അടക്കം പല സിനിമകളുടെയും കഥ അദ്ദേഹത്തിന്റേതാണ്. മാത്രമല്ല, അവാര്‍ഡ് ലഭിച്ച സ്വപ്നാടനം എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാരചനയില്‍ സംവിധായകന്‍ കെ.ജി. ജോര്‍ജിന്റെ പങ്കാളികൂടിയായിരുന്നു.
പമ്മന്‍ അന്തരിച്ചു എന്നു കേട്ടപാടേ ഒരു കലാസംഘടനയുടെ തലപ്പത്തിരിക്കുന്ന സുഹൃത്ത് എന്നെ ഫോണില്‍ വിളിച്ചു ചോദിച്ചു:
പമ്മന്റെ ശരിയായ പേരെന്താണ്?
ആര്‍.പി. പരമേശ്വരമേനോന്‍ എന്നാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. അപ്പോള്‍ മറുതലയ്ക്കല്‍നിന്ന് വീണ്ടും ചോദ്യം വന്നു.
അദ്ദേഹത്തിന്റെ നോവലുകള്‍ ഏതൊക്കെയാണ്?
ഞാന്‍: അടിമകള്‍, ചട്ടക്കാരി, അമ്മിണി അമ്മാവന്‍, സമരം, വഷളന്‍, ഭ്രാന്ത്...
സാഹിത്യരചനയ്ക്ക് അദ്ദേഹത്തിന് ഏതെങ്കിലും അവാര്‍ഡ് കിട്ടിയിട്ടുണ്ടോ? സുഹൃത്ത് ആരാഞ്ഞു.
ഇല്ലെന്നു തോന്നുന്നു. അക്കാര്യം ഉറപ്പില്ല. കുറെക്കഴിഞ്ഞു വിളിക്കൂ. നോക്കിയിട്ട് പറയാം. ഇപ്പോള്‍ ഇതെല്ലാം ചോദിക്കാന്‍ കാരണമെന്താണ്?
പമ്മന്‍ മരിച്ച വിവരം അന്നേരം ഞാന്‍ അറിഞ്ഞിരുന്നില്ല.
പമ്മന്‍ മരിച്ചത് നിങ്ങളറിഞ്ഞില്ലേ? ടി.വി.ഓണ്‍ ചെയ്തു നോക്കൂ. അതില്‍ വാര്‍ത്തയുണ്ട്. അനുശോചനക്കുറിപ്പെഴുതി പത്രത്തിനു കൊടുക്കുമ്പോള്‍ പരേതന്റെ ചില വിവരങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തണമല്ലൊ. നമ്മളായിരിക്കണം ആദ്യം അനുശോചിക്കുന്നത്. അനുശോചനയോഗത്തില്‍ നിങ്ങള്‍ കൂടി സംബന്ധിച്ചു എന്ന് എഴുതട്ടോ?
വേണ്ടെന്നു ഞാന്‍ പറഞ്ഞിട്ടും സുഹൃത്ത് വിടാനായിരുന്നില്ല ഭാവം. നിര്‍ബന്ധം അസഹ്യമായപ്പോള്‍ എനിക്ക് താക്കീതു ചെയ്യേണ്ടി വന്നു:
നിങ്ങള്‍ എന്റെ പേര് അനുശോചിച്ചവരുടെ കൂട്ടത്തില്‍ കൊടുക്കുകയാണെങ്കില്‍ മറ്റൊന്നു സംഭവിക്കും. നിങ്ങളെക്കുറിച്ചുള്ള അനുശോചനക്കുറിപ്പെഴുതാന്‍ നിങ്ങള്‍ക്ക് വേറൊരാളെ ഉടന്‍ ഏര്‍പ്പാടു ചെയ്യേണ്ടിവരും.
സുഹൃത്ത് ഉളുപ്പുകൂടാതെ പതിവു ചിരി ചിരിച്ചിട്ട് ഫോണ്‍ വച്ചു.

അനുശോചനയോഗമായാലും അനുമോദനയോഗമായാലും അതില്‍ പങ്കുകൊള്ളുന്ന ചില സ്ഥിരം കക്ഷികളുണ്ട്. മുംബൈയിലെ പത്രക്കാര്‍ ഈ സ്ഥിരം കക്ഷികളുടെ പേര് കമ്പ്യൂട്ടറില്‍ സേവ് ചെയ്തു വച്ചിരിക്കുകയാണെന്നാണ് ഒരു സരസന്‍ പറഞ്ഞത്.

ഡി.ടി.പി. ചെയ്യുന്ന ആളിന് അടിക്കുന്ന മാറ്ററില്‍ പരേതന്റെ പേരുമാത്രം മാറ്റിയാല്‍ മതിയത്രെ. ബാക്കിയെല്ലാം കോപ്പി ചെയ്യാം.ജീവിച്ചിരുന്നപ്പോള്‍ നല്ല രണ്ട് വാക്ക് പറയാന്‍ മടിച്ചവരായിരിക്കും ഈ അനുശോചനപ്രേമികള്‍. മരിച്ചു കഴിഞ്ഞാല്‍ ഏതു ദുര്യോധനനും അനുശോചനക്കാരുടെ ഭാഷയില്‍ ധര്‍മ്മപുത്രനാകും എന്നതാണ് അനുശോചനങ്ങളിലെ പൊള്ളത്തരം. മരിച്ചവരോട് പരാക്രമമരുത് എന്നൊരു സിദ്ധാന്തംതന്നെയുണ്ടല്ലോ. അത് അപ്പടി നടപ്പാക്കുന്നതില്‍ വിജയികളാകാറുണ്ട് അനുശോചനപ്രസംഗകര്‍.

ഒരു കലാകാരനെക്കുറിച്ച് അയാള്‍ ജിവിച്ചിരിക്കുമ്പോള്‍ പറയുന്ന നല്ല കാര്യങ്ങള്‍ അയാള്‍ക്ക് പ്രോത്സാഹജനകമാണ്. മരം ഉണങ്ങിക്കഴിഞ്ഞ് അതിന്റെ ചുവട്ടില്‍ വെള്ളമൊഴിക്കുന്നതുകൊണ്ട് ഫലമെന്ത്? അതുപോലെ പ്രയോജനരഹിതമായ കൃത്യമാണ് അന്തരിച്ചവരുടെ മേല്‍ സ്തുതിവചനങ്ങള്‍ ചൊരിയുന്നത്.
പരേതാത്മാക്കളെ അനുശോചനങ്ങള്‍കൊണ്ടും അവരുടെ പ്രവര്‍ത്തനങ്ങളെ പൊള്ളയായി പ്രശംസിച്ചുകൊണ്ടും പൊറുതി മുട്ടിക്കാതെ അവരെ സ്വസ്ഥമായി എവിയെങ്കിലും കുടികൊള്ളാന്‍ അനുവദിച്ചാല്‍ അതായിരിക്കും കലാസാംസ്കാരിക സംഘടനകള്‍ അവരോടുചെയ്യുന്ന ഏറ്റവും വലിയ നീതി.

മാധവിക്കുട്ടി പോയി. അനുശോചനയോഗങ്ങള്‍ നടന്നു. ഇപ്പോള്‍ തലങ്ങും വിലങ്ങും അവരുടെ ജീവിതത്തെക്കുറിച്ചും കൃതികളെക്കുറിച്ചുമുള്ള പഠനങ്ങളുടെയും ചര്‍ച്ചകളുടെയും മഹാമാരിയാണ്. തനിക്ക് വേണ്ടത്ര അംഗീകാരം കിട്ടിയില്ല എന്ന പരിഭവമായിരുന്നു മാധവിക്കുട്ടിക്ക് എപ്പോഴും. അവരുടെ കൃതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവര്‍ ജീവിച്ചിരുന്നപ്പോഴേ ആകാമായിരുന്നു.

ഈ മഹാനഗരത്തിലും ചുറ്റുവട്ടത്തും കലാകാരന്മാര്‍ ഏറെയുണ്ട്. അവര്‍ മരിക്കാന്‍ കാത്തിരിക്കാതെ അവരുടെ കൃതികളെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കണം. കഥയരങ്ങും കാവ്യനിശയും നടത്തിയുള്ള കശപിശയല്ല ഉദ്ദേശിക്കുന്നത്. കൃതികളുടെ പേരില്‍ അവര്‍ പ്രശംസ അര്‍ഹിക്കുന്നു എങ്കില്‍ മതിവരുവോളം അവരെ പ്രശംസിക്കൂ! മരിച്ചാല്‍ നിങ്ങളുടെ പ്രശംസാവചനങ്ങള്‍ കേള്‍ക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നറിയുക.

പിന്‍വാതില്‍:
പന്തിയില്‍ പക്ഷാഭേദം പാടില്ല എന്നു പറയുമെങ്കിലും അനുശോചനയോഗം വിളിച്ചുകൂട്ടുന്നതില്‍ നമ്മുടെ സംഘടനകള്‍ക്കും നേതാക്കള്‍ക്കും പക്ഷഭേദമുണ്ട്. മഹാത്മാഗാന്ധിയുടെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തി മാതൃകകാണിച്ച കൌമുദി ടീച്ചര്‍ എന്ന മഹതി കഴിഞ്ഞ 4ന് അന്തരിച്ചു. പറയുന്നതില്‍ കഴമ്പുണ്ടോ ഇല്ലയോ എന്ന കാര്യം അവിടെ നില്‍ക്കട്ടെ. കൌമുദി ടീച്ചറുടെ മാതൃകാജീവിതത്തെ ഒന്നു ഉയര്‍ത്തി കാട്ടാനായിട്ടെങ്കിലും ആരെങ്കിലും ഒരനുശോചനയോഗം വിളിച്ചുകൂട്ടിയോ? മറിച്ച്, എപ്പോഴെങ്കിലും ചെങ്കൊടിയേന്തിയ ഒരു കുട്ടിസ്സഖാവാണ് മരിച്ചതെങ്കില്‍ അനുശോചനയോഗങ്ങളുടെ മഹാപ്രളയത്തില്‍ നമ്മള്‍ മുങ്ങിപ്പോകുമായിരുന്നില്ലേ?

ഗൃഹാതുരത്വമുണര്‍ത്തുന്ന കുറെ ഓര്‍മ്മകളുമായി ഓരോണക്കാലംകൂടി.

നഗരജീവിതത്തിലെ യാന്ത്രികതയില്‍ ക്ളാവുപിടിച്ച ഓര്‍മ്മകളില്‍ നന്മ പരത്തുന്ന ബാല്യകാലവും ഓണദിനങ്ങളും നമുക്ക് അന്യമാവുന്നുവോ?
അത്തം മുതല്‍ തിരുവോണംവരെയുള്ള പൂക്കളമൊരുക്കലുകളും പൂ പറിക്കലും ഓണ വിരുന്നുകളും തുമ്പി തുള്ളലും ഏതോ കുറേ ഓണക്കഥകള്‍പോലെ, മിത്തുകള്‍ മാത്രമായി തീര്‍ന്നുവോ?
ലോകത്തിന്റെ ഏതു കോണില്‍ ചെന്നു ചേക്കേറിയാലും അവിടുത്തെ ചുറ്റുവട്ടങ്ങളോടും സാംസകാരിക പെരുമകളോടും ലയിക്കാന്‍ കഴിവുള്ള മലയാളികളുടെ മനസ്സില്‍ മധുരതരമായ ഒരു നൊസ്റാള്‍ജിയ എന്നും ഒഴിയാബാധപോലെ അവര്‍ കാത്തു സൂക്ഷിക്കുന്നുവെന്നതു വിസമരിക്കാവുന്നതല്ല. വാമനന്‍ കണിച്ച അനീതിയുടെ ഓര്‍മ്മയിലുപരിയായ മഹാബലി തമ്പുരാന്റെ ത്യാഗത്തിന്റെ സമരണകളെയാണ് മലയാളികളായ നാം കാലങ്ങളായി പാടി പുകഴത്തിയും ഓണത്തിന്റെ മഹിമായി ഉയര്‍ത്തിപ്പിടിച്ചതും.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളക്കരയാകെ ഓണതനിമകളില്‍ നിന്നകന്ന് ഒരു തരം ഇന്‍സ്റന്റ് ഓണസംസകാരത്തിന്റെ പിടിയിലകപ്പെട്ടപ്പോഴും പ്രവാസികളായ നാം ഗതകാലത്തിന്റെ മധുരസമരണകളും പേറി ഓണം അതിന്റെ എല്ലാ തനിമകളോടും ആഘോഷിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ആ പഴയ സമ്പന്നമായ മലയാളി കൂട്ടായമ നഷടപ്പെട്ടതുകൊണ്ടോ എന്തോ ഇപ്പോള്‍ നഗരവാസികളായ മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് മങ്ങലേറ്റിരിക്കുന്നു. ഹൈടെക് യുഗത്തന്റെയും ഇന്റര്‍നെറ്റിന്റെയും അതിപ്രസരത്തിലമര്‍ന്ന നഗരത്തിലെ പുത്തന്‍ തലമുറയക്ക് ഓണവും ഓണതനിമകളും ഓണ മഹിമകളും ഓണ പുരാവൃത്തങ്ങളും തികച്ചു അന്യമായെന്നു പറയാം.
ആഗോള താപമാനത്തിന്റെയും, മാന്ദ്യത്തിന്റെയും തൊഴിലില്ലായമകളുടെയും ജലവിഭവക്ഷാമത്തിന്റെയും കരാളഹസതങ്ങളില്‍പെട്ടുഴലുന്ന നമ്മുടെ സമൂഹത്തിന് എങ്ങനെ സുഖകരമായ ഓരൊണം ആഘോഷിക്കാനോ സ്വപനം കാണാനോ കഴിയും. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് മാത്രമാണ് അതിനു മറുപടി.
ആഗോളവതകരണത്തിന്റെ പിടിയിലകപ്പെട്ട നമുക്കും ഇപ്പോള്‍ ഓണസദ്യകള്‍ ഇന്‍സ്റന്റ്അടയും കിറ്റുപായസമൊക്കെയാണ്. ഉപഭോഗസംസകാരത്തിന്റെ ജീര്‍ണ്ണിച്ച ഉതപന്നങ്ങള്‍ വെച്ചു വിളമ്പുന്ന ടെലിവിഷനില്‍ മാത്രം കേള്‍ക്കുന്ന ആര്‍പ്പുവിളികളും ഓണാഘോഷങ്ങളും ഇനിയുമെത്രകാലം.
നഗരത്തിന്റെ യാന്ത്രികതയില്‍ വളര്‍ന്ന് മുക്കുറ്റി പൂക്കളം തുമ്പപൂക്കളം എന്തെന്നറിയാത്ത നമ്മുടെ കുട്ടികളോടെ ഗോത്രസ്മൃതികളുണര്‍ത്തുന്ന ഓണത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ഇനി എന്തു പറഞ്ഞുകൊടുക്കണം. നഗരത്തിലെ ഈ ഓണാഘോഷങ്ങള്‍ അന്യമാവുന്ന ദിനങ്ങള് വിദൂരമല്ല. കാരണം മലയാളികളുടെ തന്നെ കലാസ്വാദനത്തിന്റെയും ആഘോഷങ്ങളുടെയും അഭിരുചികളില്‍ വന്ന കാതലായ മാറ്റങ്ങള്‍ അത്രയക്കു വലുതാണ്. നാളകളുടെ ഒരു സാംസകാരിക ദുരന്തത്തിന്റെ സൂചനകളാണത്.
ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഭക്തിയുടെയും നിറവില്‍ നാം പണക്കൊഴുപ്പു കണിക്കുമ്പോഴും ഈ നഗരത്തിലെ അശരണരും നിരാലംബരുമായ ഒരു സമൂഹത്തെ ഓര്‍ക്കാതിരിക്കുന്നത് നമ്മുടെ പോറ്റമ്മയായ നഗരത്തോടു കാണിക്കുന്ന അനീതിയായിരിക്കും. ആഗസത് മുതല്‍ ഡിസംബര്‍ വരെ ഓണസദ്യയും ഗാനമേളയും കൈകൊട്ടിക്കളിയുമായി അവയലെബിള്‍ വി.ഐ.പി.കള്‍ക്കുവേണ്ടി ഓണം കൊണ്ടാടുന്ന ഇവിടുത്തെ സമാജങ്ങളും ജാതിസമുദായ സംഘടനകളും മറ്റു കലാ-സാംസകാരിക സംഘടനകളും ഒരു നേരമെങ്കിലും ഏതാനും അനാഥവിദ്യാലയങ്ങളിലെ കുട്ടികള്‍ക്കു വയറുനിറയെ ഭക്ഷണം നല്‍കാന്‍ മുന്‍കൈയ്യെടുത്തിരുന്നുവെങ്കില്‍ നമ്മുടെ ഓണം എന്നും നിറവിന്റെ ആഘോഷമായി നിലനില്‍ക്കുകയും മറുനാട്ടുകാരുടെ ആശീര്‍വാദങ്ങളേറ്റുവാങ്ങി ഒരു സാമൂഹ്യസേവനത്തിന്റെ നിറവില്‍ ഏല്ലാ കാലവും നിലനില്‍ക്കും
കെ.വി.എസ. നെല്ലുവായ്
9920144581

കോണ്‍ഗ്രസില്‍ പ്രതീക്ഷ

കോണ്‍ഗ്രസില്‍ പ്രതീക്ഷയുണ്ടെന്നും സസ്പെന്‍ഷന്‍ കാലവുധി തീരും വരെ കാത്തിരിക്കുമെന്നും - മുരളീധരന്‍