നഗരത്തിലെ ആതിഥേയ റാക്കറ്റ്കള്‍

ആംസ്ട്രോങ് പണ്ട് ചന്ദ്രനില്‍ കാലുകുത്തിയപ്പോള്‍ മലയാളിയായ ഒരു ചായക്കച്ചവടക്കാരന്‍ അദ്ദേഹത്തിന്‍റെ മുന്നിലെത്തുകയുണ്ടായെന്ന് നമ്മള്‍ മലയാളികള്‍ തന്നെ ചമച്ചുണ്ടാക്കിയ ഒരു തമാശക്കഥയാണല്ലോ.
ലോകത്തിന്‍റെ ഏത് മുക്കിലും മൂലയിലും പ്രവാസിയായ ഒരു മലയാളിയെ കണ്ടുമുട്ടാന്‍ പ്രയാസമില്ലെന്നുളളതിന് അനുബന്ധമായിത്തീരുന്ന ആ തമാശക്കഥയ്ക്ക് മറ്റൊരനുബന്ധമാണ് കേരളത്തിലെ ഏതൊരു കുടുംബത്തിന്‍റേയും വിദൂര ബന്ധത്തിലുളള ഒരാളെങ്കിലും ഈ നഗരത്തിലുണ്ടെന്നുളള കാര്യവും. ഇവര്‍ തമ്മില്‍ പൊതുവേ പരസ്പര വിനിമയമൊന്നും നടത്തിയില്ലെങ്കില്‍ പോലും എന്നെങ്കിലുമൊരാവശ്യവുമായി ബന്ധപ്പെട്ട് ഇവിടം സന്ദര്‍ശിക്കേണ്ടിവരുമ്പോഴായിരിക്കും നാട്ടില്‍ നിന്നും ഇവിടെയുളള ബന്ധുക്കളുടെ മേല്‍വിലാസവും തേടിപ്പിടിച്ച് പലരും ഇങ്ങോട്ട് വണ്ടികയറുക. അതും യാതൊരു മുന്നറിയിപ്പുമില്ലാതെ. ഇതിലവരെ കുറ്റപ്പെടുത്തിക്കൂടാ. കാരണം പുളളിക്കാരന്‍ അങ്ങ് മുംബൈയില്‍ സ്വന്തം ഫ്ളാറ്റുമൊക്കെയായി നല്ലനിലയിലാണെന്നാണല്ലോ നാട്ടിലെ കേള്‍വിയും പ്രചാരണവും.
എന്നാല്‍ ഇവിടെ എത്തിക്കഴിയുമ്പോഴായിരിക്കും നല്ലനിലയില്‍ കഴിയുന്ന ആ ബന്ധു ഫ്ളാറ്റ് എന്ന് വിളിക്കുന്നതും അക്ഷരാര്‍ത്ഥത്തില്‍ അണുകുടുംബവുമായ ഇത്തിരി ചതുരക്കളത്തിന്‍റെ പരിമിതിയില്‍ കിടന്ന് വീര്‍പ്പ്മുട്ടുന്ന കാര്യം മനസ്സിലാവുക. വെപ്പും, തീറ്റയും, കുളിയും, തൂറലും, പെടുക്കലും എന്നുവേണ്ട ജീവിതത്തിലെ എല്ലാ സ്വകാര്യകൃത്യങ്ങളും ആ ഇത്തിരി ചതുരക്കളത്തിനുളളില്‍ തന്നെ. അതിനാല്‍ ഒരു മുന്നറിയിപ്പുമില്ലാതെ അതിഥികളായെത്തുന്ന ബന്ധുക്കള്‍ മുംബൈ മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു തലവേദന തന്നെയാണെന്നും എങ്കിലും അമര്‍ഷവും അപകര്‍ഷതാ ബോധവും അടക്കിപ്പിടിച്ച് ആ ബന്ധുക്കള്‍ക്ക് ആതിഥ്യമൊരുക്കാന്‍ അവന്‍ നിര്‍ബ്ബന്ധിതനാണ്.
അതേ സമയം ഇവിടെയുളള ബന്ധുക്കളുടെയൊന്നും മേല്‍വിലാസമില്ലാതെ തന്നെ നിരന്തരം ഇവിടെയെത്തി അടിച്ച് പൊളിച്ച് തിരിച്ചുപോകുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ കേരളത്തിലുണ്ട്. മന്ത്രിമാര്‍, സാഹിത്യകാരന്മാര്‍, സിനിമാക്കാര്‍ മുതല്‍ ക്ഷേത്രതന്ത്രിമാര്‍ വരെ ഉള്‍പ്പെടുന്ന വി.ഐ.പി. ഗണത്തില്‍പ്പെട്ടവരാണവര്‍. അവര്‍ക്കൊന്നും ഇവിടെ ബന്ധുക്കളില്ലാഞ്ഞിട്ടല്ല. പക്ഷേ ഇവിടുത്തെ നക്ഷത്ര ഹോട്ടലുകളിലെ ആതിഥ്യമായിരുന്നു അവര്‍ക്കെല്ലാം പ്രിയം. ഓദ്യോഗിക ദൌത്യത്തിലെത്തുന്ന മന്ത്രിമാരും രാഷ്ട്രീയനേതാക്കള്‍ പോലും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. കേരള സര്‍ക്കാര്‍ ഇവിടെ പണികഴിപ്പിച്ചിട്ടുളള കേരളഹൌസിലെ സുഖസൌകര്യങ്ങള്‍ ഇവരെ ആകര്‍ഷിക്കുന്നില്ല.
എന്നാല്‍ നക്ഷത്ര ഹോട്ടലുകളിലെ ആവര്‍ത്തനവിരസമായ സുഖസൌകര്യങ്ങളും ഇവര്‍ക്ക് മടുത്തുകഴിഞ്ഞു. അതിനാല്‍ നക്ഷത്ര സൌകര്യങ്ങളെ വെല്ലുന്ന മറ്റ് ചില പ്രത്യേക സങ്കേതങ്ങളോടാണ് ഈ വി.ഐ.പികള്‍ക്കെല്ലാം ഇപ്പോള്‍ ആര്‍ത്തി. ഈ സങ്കേതങ്ങള്‍ ഇവിടുത്തെ അതിഥി പ്രേമികളായ ചില മലയാളി പ്രമാണിമാര്‍ ഉപചാരപൂര്‍വ്വം ഒരുക്കുന്നതാണ്. ഇതിനായി ഇത്തരം പ്രമാണിമാരുള്‍പ്പെടുന്ന സ്ഥിരം ആതിഥേയ റാക്കറ്റ് തന്നെയുണ്ടിവിടെ. മന്ത്രി മുതല്‍ തന്ത്രിവരെ ഏത് ഗണത്തില്‍പ്പെട്ട വി.ഐ.പിയും നഗരത്തിലെത്തുന്ന കാര്യം ആദ്യം മണത്തറിയുക ഈ റാക്കറ്റില്‍പ്പെട്ട പ്രമാണിമാരായിരിക്കും. ഉടനെതന്നെ ഇവര്‍ കാറുമായി വിമാനത്താവളത്തിലോ റെയില്‍വേ സ്റ്റേഷനിലോ എത്തും. ഉപചാര-െപാങ്ങച്ച പ്രകടനങ്ങള്‍ കൊണ്ട് ഇവര്‍ വി.ഐ.പിയെ കയ്യിലെടുത്ത് റാഞ്ചിക്കൊണ്ടുപോകും. അത് സ്വന്തം ഫ്ളാറ്റിലേക്കോ അതുപോലുളള മറ്റേതെങ്കിലും ഒളിസങ്കേതത്തിലേക്കോ ആയിരിക്കും. പിന്നെ അതിഥി സല്‍ക്കാരത്തിന്‍റെ ആറാട്ട് മഹോത്സവമായിരിക്കും. സ്വന്തം ഫ്ളാറ്റിലെ കിടപ്പറപോലും വി.ഐ.പിയായ അതിഥിക്കുവേണ്ടി ഒഴിഞ്ഞുകൊടുത്ത് ആതിഥേയ പ്രമാണി അടുക്കളയിലോ വരാന്തയിലോ ചുരുണ്ടുകൂടിക്കൊളളും. അതിഥി ദൈവത്തിന് തുല്യനാണെന്നാണല്ലോ സങ്കല്പം. എന്നിട്ട് നേരം വെളുക്കുമ്പോള്‍ നാട്നീളെ പറഞ്ഞു നടക്കും, വി.ഐ.പി. ദൈവം ഇന്നലെ തന്‍റെ ഗസ്റ്റായിരുന്നുവെന്ന്. ഈ പ്രമാണിമാരെ സംബന്ധിച്ചിടത്തോളം അതൊരുതരം സുഖം തന്നെയാണ്.
ഈയൊരു യാഥാര്‍ത്ഥ്യത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി സംഭവങ്ങള്‍ അരങ്ങേറാറുണ്ടിവിടെ. അവയിലൊന്നുമാത്രമാണ് ഈയിടെ കേരളത്തിലെ ഒരു മന്ത്രി മുംബൈ സന്ദര്‍ശനത്തിനെത്തിയപ്പോഴുണ്ടായതും. മന്ത്രിയെ സ്വീകരിക്കാന്‍ ഓദ്യോഗികമായി ഉത്തരവാദപ്പെട്ട ആള്‍ വിമാനത്താവളത്തില്‍ കാത്ത് നില്പുണ്ടായിരുന്നു. പക്ഷേ, അയാളുടെ കണ്‍മുന്നില്‍വച്ച് തന്നെ ഇവിടുത്തെ ആതിഥേയ റാക്കറ്റില്‍പ്പെട്ട ഒരു പ്രമാണി മന്ത്രിയെ റാഞ്ചി ഏതോ അജ്ഞാത സങ്കേതത്തിലേക്ക് കൊണ്ടുപോവുകയാണുണ്ടായത്.
ചുരുക്കിപ്പറഞ്ഞാല്‍ നഗരത്തിലെത്തുന്ന ഇത്തരം വി.ഐ.പികളുടെ ശീലങ്ങള്‍ വെടക്കാക്കുന്നത് ഇവിടുത്തെ ആതിഥേയ റാക്കറ്റില്‍പ്പെട്ടവര്‍ തന്നെയാണെന്നുളളതില്‍ സംശയമില്ല. അങ്ങനെയുളള അതിഥികള്‍ക്കെന്തിനിവിടെ ബന്ധുക്കള്‍?!!

____________

കാട്ടൂര്‍ മുരളി