ആര്‍ക്കും വേണ്ടാത്ത ചങ്ങാതികള്‍

പ്രശസ്ത കഥാകാരനും നിരൂപകനുമായ ഡോ. എം. രാജീവ്കുമാര്‍ ഈയിടെ മുംബൈയില്‍ വന്നു. നാട്ടില്‍നിന്ന് എഴുത്തുകാര്‍ നഗരത്തില്‍ വരുമ്പോള്‍ അവരില്‍ അപൂര്‍വ്വം ചിലരേ ഇവിടെയുളള സുഹൃത്തുക്കളെ ഫോണ്‍വിളിക്കാനോ നേരില്‍ക്കാണാനോ താല്പര്യം കാണിക്കാറുളളു. അക്കൂട്ടത്തില്‍ രാജീവ്കുമാര്‍ മുന്‍പന്തിയിലാണ്. ഇത്തവണ രാജീവ്കുമാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ ചോദിച്ച കൂട്ടത്തിലൊന്ന് നാട്ടിലെ ഏതെല്ലാം പ്രസിദ്ധീകരണങ്ങളാണ് മുംബൈയില്‍ കിട്ടാറുളളത് എന്നാണ്.

മുടക്കം കൂടാതെ വാങ്ങാന്‍ കിട്ടുന്ന ഏതാനും പ്രസിദ്ധീകരണങ്ങളുടെ പേര് ഞാന്‍ പറഞ്ഞു. വാങ്ങി വായിക്കാന്‍ ആഗ്രഹമുളള മലയാളം, മാധ്യമം, പച്ചക്കുതിര എന്നിവ കിട്ടാനില്ല എന്ന് പറഞ്ഞപ്പോള്‍ രാജീവ്കുമാര്‍ അതിന്‍റെ കാരണം തിരക്കി. എന്‍റെ ഉത്തരം വളരെ ലളിതമായിരുന്നു. കച്ചവടക്കാര്‍ തങ്ങളുടെ കടകളില്‍ അവ വില്പനയ്ക്കു വയ്ക്കുന്നില്ല എന്ന എന്‍റെ മറുപടികേട്ട് രാജീവ്കുമാര്‍ തുടര്‍ന്ന് ചോദിച്ചു: എന്തുകൊണ്ട് തപാലില്‍ വരുത്തിക്കൂടാ?

യുക്തിഭദ്രമായ ആ ചോദ്യത്തിന് ഞാന്‍ മറുപടി നല്‍കിയത് അതു നടപ്പുളള കാര്യമല്ല എന്നാണ്. കാരണം തപാല്‍ വകുപ്പ് കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചിരുന്ന കാലം കഴിഞ്ഞുപോയി. ഉരുപ്പടി അതിന്‍റെ മേല്‍വിലാസക്കാരന് കിട്ടുന്നത് വളരെ താമസിച്ചാണ്. കേരളത്തില്‍നിന്ന് 10-ാം തീയതി സീലടിച്ച് അയക്കുന്ന പ്രസിദ്ധീകരണം അടുത്തമാസം 10-ം തീയതിപോലും കിട്ടില്ല എന്നതാണ് അവസ്ഥ. ഇടയ്ക്ക് വാരികകളും മാസികകളുമൊക്കെ കിട്ടാതെയുമിരിക്കാം. പ്രസിദ്ധീകരണ സ്ഥാപനങ്ങളെ കുറ്റംപറയാന്‍ വയ്യ. അവര്‍ വരിക്കാര്‍ക്ക് സാധനം മുറപോലെ തപാല്‍ ചെയ്യുന്നുണ്ട്. കുഴപ്പം തപാല്‍ വകുപ്പിന്‍റേതാണ്. നഷ്ടം സഹിക്കേണ്ടി വരുന്നത് വരിസംഖ്യ അടച്ചവര്‍ക്കും.

സൂര്യാ ടിവിയിലും പിന്നീട് കൈരളിയിലും രാജീവ്കുമാര്‍ കണ്ണട എന്ന പേരില്‍ പ്രതിവാര സാഹിത്യ പംക്തി അവതരിപ്പിച്ചിരുന്നു. അതില്‍ മറുനാടന്‍ മലയാളികള്‍ കേട്ടിട്ടുപോലും ഉണ്ടാകാന്‍ ഇടയില്ലാത്ത നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ രചനകള്‍ അദ്ദേഹം പരാമര്‍ശത്തിന് വിധേയമാക്കാറുണ്ടായിരുന്നു. പലപ്പോഴും മറുനാടുകളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നവയിലെ സൃഷ്ടികള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുളളതായിരിക്കും രാജീവ്കുമാറിന്‍റെ അവലോകനം. ജ്വാല, വിശാലകേരളം, പ്രവാസിശബ്ദം (പൂനെ) ഈ മാസികകളിലെ രചനകളെ തന്‍റെ പംക്തിയിലദ്ദേഹം പലകുറി പരാമര്‍ശിച്ചിട്ടുണ്ട്.
കിട്ടാത്ത മാസികള്‍ വായിച്ചുകൊളളട്ടെ എന്നു കരുതി രാജീവ്കുമാര്‍ അദ്ദേഹത്തിനുകിട്ടിയ പല പത്രമാസികളും എനിക്ക് തന്നിട്ടുണ്ട്. ഒരിക്കല്‍ വിവിധ മാസികകളുടെ ഒരു വലിയ കെട്ടുതന്നെ തന്നുവിട്ടു. അത് തൂക്കിവിറ്റാല്‍ അദ്ദേഹത്തിന് കാശുകിട്ടും. അതിലും വലിയ കാര്യം അദ്ദേഹത്തിന് അവ വായിക്കാന്‍ താല്പര്യമുളള ആരുടെയെങ്കിലും കയ്യില്‍ എത്തുക എന്നതായിരുന്നു. സ്വയം വായിക്കുകയും മറ്റുളളവര്‍ വായിക്കുന്നതില്‍ ആനന്ദിക്കുകയും ചെയ്യുന്നവര്‍ കുറവായ ഇക്കാലത്ത് രാജീവ്കുമാറിന്‍റെപോലെ മനസ്സുളളവരെ നമ്മള്‍ നമിക്കണം.

വായനയില്‍ താല്പര്യമില്ലാത്തവര്‍ക്ക് അപരന്മാര്‍ പത്രമാസികാദികള്‍ വാങ്ങുന്നതും അവ സൂക്ഷിച്ചുവയ്ക്കുന്നതും തമാശയാണ്. ഇതൊക്കെ വായിച്ചുകൂട്ടി എന്തിനു കണ്ണുകേടുവരുത്തുന്നു എന്ന് ചോദിക്കുന്നവരുണ്ട്. വേറെ ചിലര്‍ ചിന്തിക്കുന്നത് ഇതിനുവേണ്ടി ചിലവാക്കുന്ന പണം ബാങ്കിലിട്ടാല്‍ പലിശക്കൊപ്പം അത് വളരുമല്ലോ എന്നാണ്. കുടിയന്മാരുടെ തലയിലുളള ആശയം വേറൊന്നായിരിക്കും. എത്രകുപ്പിക്കുളള കാശാണ് ഇങ്ങനെപാഴാക്കിക്കളയുന്നത് എന്നാകും മദ്യപന്‍റെ ഏറ്റം ലളിതമായ ചിന്ത.
വായിച്ചുകഴിഞ്ഞും ഒരാള്‍ ആനുകാലികങ്ങള്‍ സൂക്ഷിച്ചുവെയ്ക്കുന്ന അതേ താല്പര്യത്തോടെ നാട്ടിലുളള ഒരു സുഹൃത്ത് അയാളുടെ വീട്ടുവളപ്പില്‍ കുടിച്ചൊഴിഞ്ഞ കുപ്പികള്‍ കൂട്ടിവച്ചത് ഞാന്‍ കണ്ടിട്ടുണ്ട്. അതിശയോക്തി കലര്‍ത്തി പറയുകയാണങ്കില്‍, കുപ്പികളുടെ ഒരു ഹിമാലയം!

മദ്യംപോലെതന്നെ വായനയും ഒരുതരത്തിലുളള ലഹരി നല്‍കുന്നുണ്ട്. പക്ഷേ, ഒരു വ്യത്യാസം. മദ്യപന്‍ കുടിച്ചു വഴിയില്‍ വീഴുന്നു; വായനക്കാരന്‍ വായിച്ച് അറിവിന്‍റെ വഴിയില്‍ മുന്നേറുന്നു.
നമ്മുടെ പൊതു സ്വഭാവങ്ങളിലൊന്നാണ് കമിഴ്ന്നുവീണാല്‍ കാല്‍പ്പണംകൂലി എന്ന നിര്‍ബ്ബന്ധം. കച്ചവടക്കണ്ണോടെ മാത്രമേ ഏതുകാര്യത്തിലും ഇടപെടൂ എന്ന ശാഠ്യം മറ്റ് സമൂഹങ്ങളെ അപേക്ഷിച്ച് കൂടുതലാണ് നമുക്ക്. കച്ചവടമാകുമ്പോള്‍ കൂടിയ ലാഭം തന്നെ കിട്ടണമല്ലോ. അതിനുപറ്റിയ ചരക്കുകളേ നമ്മള്‍ വില്പനയ്ക്കെടുക്കൂ. വാരിക-മാസികാദികള്‍ വിറ്റാല്‍ കിട്ടുന്ന ലാഭമാകട്ടെ തുഛവും. അരരൂപയോ ഒരുരൂപയോ ആയിരിക്കുമത്. എത്രയെണ്ണം വിറ്റാലാണ് നൂറുരൂപ ആദായം കിട്ടുക!

ചില ആഴ്ചപ്പതിപ്പുകളും മാസികകളും വിറ്റുപോയില്ലങ്കില്‍ അവ തിരിച്ചെടുക്കുക എന്ന പതിവില്ല. കിട്ടിയ ലാഭം കച്ചവടക്കാരന് ആവഴിക്ക് നഷ്ടമാവുന്നു. ഇമ്മാതിരി നഷ്ടം സഹിച്ചും മലയാളം വാരികകളും മാസികകളും വാങ്ങിക്കൊണ്ടുവന്ന് തന്‍റെ സ്ഥാപനത്തില്‍ മറ്റു സാധനങ്ങള്‍ക്കൊപ്പം വില്പന നടത്തുന്ന ഒരാളുണ്ട് - ഉല്ലാസ്നഗറിലെ മാന്നാര്‍ ആയുര്‍വ്വേദിക്സിന്‍റെ ഉടമ ബാബു മാന്നാര്‍. അദ്ദേഹം ഈ പണി ചെയ്തില്ലെങ്കില്‍ എനിക്ക് വായിക്കാന്‍ മാതൃഭൂമി, കലാകൌമുദി, കുങ്കുമം, ഫയര്‍, മനോരമ, മംഗളം എന്നീ പ്രസിദ്ധീകരണങ്ങള്‍ കിട്ടില്ല. പത്തു വിതച്ച് നൂറ് കൊയ്യുന്നവര്‍ക്കിടയില്‍ നല്ല വായനക്കാരനും കലാസ്നേഹിയുമായ ബാബു മാന്നാര്‍ വ്യത്യസ്തനായി നിലകൊളളുന്നു.

എട്ടുപത്ത് കൊല്ലത്തിനിടയില്‍ നഗരപ്രാന്തത്തില്‍ മലയാളികളുടെ ഉടമസ്ഥതയിലുളള കടകളുടെ എണ്ണം പതിന്മടങ്ങായിട്ടുണ്ട്. അവിടങ്ങളില്‍ എണ്ണപ്പലഹാരങ്ങളും ഉണക്കമീനും അടക്കം വിവിധ സാധനങ്ങള്‍ തകൃതിയായി വിറ്റഴിയുമ്പോള്‍ പ്രസിദ്ധീകരണങ്ങളുടെ വില്പന ലാഭകരമല്ല എന്ന കാരണത്താല്‍ മിക്കവരും അവ ഒഴിവാക്കിയിരിക്കുന്നു. കടയുടമകള്‍ എല്ലാവരും ബാബു മാന്നാറിന്‍റെ മനസ്സുളളവരല്ല എന്നര്‍ത്ഥം.
ദൃശ്യമാധ്യമങ്ങള്‍ വീടുകളിലേക്ക് തളളിക്കയറി സ്വീകരണമുറി കീഴടക്കുന്നതിന് മുന്‍പ് നഗരത്തിലെ ശരാശരി മലയാളി ഒന്നുരണ്ട് പ്രസിദ്ധീകരണങ്ങളെങ്കിലും വാങ്ങി ടീപ്പോയിമേല്‍ ഇടുന്ന പതിവുണ്ടായിരുന്നു. ഇന്ന് തങ്ങളുടെ സ്വീകരണമുറിയില്‍ പത്രമാസികാദികള്‍ വയ്ക്കുന്നതിന് മലയാളിയുടെ അഭിമാനബോധം സമ്മതിക്കാതായിട്ടുണ്ട്.

അക്ഷരമറിയാവുന്ന എല്ലാവരും ഈ നഗരത്തില്‍ ബുദ്ധിജീവികളാണ്. അന്യരുടേതൊന്നും വായിക്കാത്തവരുടേയും ബുദ്ധിജീവി ചമയുന്നവരുടെയും കേന്ദ്രമായിട്ടുണ്ട് ഇന്ന് ഈ മഹാനഗരം. സാങ്കേതിക സൌകര്യങ്ങള്‍ എല്ലാം തികഞ്ഞപ്പോള്‍ പുസ്തകങ്ങളുടെ സ്ഥാനം പടിക്കു പുറത്തായി. ഗ്രന്ഥങ്ങള്‍ എന്ന ചങ്ങാതികള്‍ എന്ന പേരില്‍ പണ്ട് പ്രബന്ധമെഴുതിയ സുകുമാര്‍ അഴീക്കോട് ഈ ചങ്ങാതിക്കൂട്ടത്തെ പുറത്താക്കിയതില്‍ വ്യസനിക്കുന്നുണ്ടാകണം.

സമാജങ്ങള്‍ നടത്തിവരുന്ന ഗ്രന്ഥശാലകള്‍ മിക്കതും പൊടിയടിഞ്ഞുകിടക്കുന്നു എന്ന പരാതി പൊതുവെ കേള്‍ക്കുന്നുണ്ട്. വായനാതല്പരര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. വാങ്ങല്‍ ശേഷി വര്‍ദ്ധിച്ചപ്പോള്‍ അവര്‍ സ്വന്തമായി പുസ്തകങ്ങള്‍ പ്രസാധകരില്‍നിന്ന് നേരിട്ടു വാങ്ങിത്തുടങ്ങി. അപൂര്‍വ്വമായി മാത്രമേ ഈവന്നകാലത്ത് ഗ്രന്ഥശാലകളെ ഇത്തരക്കാര്‍ക്ക് ആശ്രയിക്കേണ്ടിവരുന്നുളളു.

വായനശാലയില്‍ പോയി കുത്തിയിരുന്ന് ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ സമയം കിട്ടാത്ത യഥാര്‍ത്ഥ വായനാതല്പരരുണ്ട്. അവര്‍ക്കുവേണ്ടി സമാജങ്ങള്‍ക്ക് ഒരു സല്‍ക്കര്‍മ്മമെങ്കിലും ചെയ്യാന്‍ കഴിയും. വായനാതല്പരരുടെ ആവശ്യം കണക്കിലെടുത്ത് ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ നേരിട്ട് വിതരണത്തിനെടുക്കണം. എന്നിട്ട് ആവശ്യക്കാരുടെ വീട്ടില്‍ അത് എത്തിച്ചുകൊടുക്കണം. സാമൂഹിക സേവനത്തില്‍ സമാജങ്ങളുടെ കമ്മിറ്റി അംഗങ്ങള്‍ക്ക് ഇങ്ങനെയൊരു ദിശാബോധം ഉണ്ടാകുന്നത് നന്ന്.
സുരേഷ് വര്‍മ്മയുടെ ഒരു കഥയെപ്പറ്റി കഴിഞ്ഞലക്കം ഈ പംക്തിയില്‍ ഞാന്‍ എഴുതിയിരുന്നുവല്ലോ. എന്നാല്‍ കഥയുടെ ശീര്‍ഷകം മാറിപ്പോയി. ഗാന്ധി ചിക്കന്‍സ് എന്നതിനു പകരം മൂര്‍ദ്ദാറാം എന്നാണ് അബദ്ധത്തില്‍ ഞാന്‍ എഴുതിയത്. കുറെ കഥകള്‍ ഒര്‍ത്ത് വച്ചതുകൊണ്ട് സംഭവിച്ചുപോയ ഈ അബദ്ധം ആരും ചൂണ്ടിക്കാട്ടിയില്ല. കയര്‍ എഴുതിയത് എസ്.കെ. പൊറ്റക്കാട്ടാണന്ന് എഴുതിയാലും ആരും പോരിന് വരില്ലെന്നാണ് തോന്നുന്നത്. അത്രയ്ക്കുണ്ട് നഗരത്തിലെ മലയാളിയുടെ വായനാശീലത്തിന്‍റെ വ്യാപ്തി!

പിന്‍വാതില്‍:
സ്വന്തം ചെലവില്‍ അച്ചടിച്ച പുസ്തകത്തിന്‍റെ രണ്ട് വലിയ കെട്ട് നഗരത്തിലെ കവിക്ക് അയച്ചുകൊടുത്തു നാട്ടിലെ പ്രസാധകന്‍. ഒരു കെട്ട് വീട്ടില്‍ കൊണ്ടുപോയി വച്ചിട്ട് മറ്റേ കെട്ടെടുക്കാന്‍ കവി സ്റ്റേഷനില്‍ തിരിച്ചുചെന്നപ്പോള്‍ പുസ്തകകെട്ടിനടുത്ത് മറന്നുവച്ച പിടിയില്ലാത്ത പഴയ കുട, മുഖം തുടച്ച കൈലേസ്, റീഫില്‍ തീര്‍ന്ന രണ്ടുരൂപയുടെ പേന ഇതുമൂന്നും കാണ്മാനില്ല. അനാഥ ശവം പോലെ ഒന്നുമാത്രം വച്ചിടത്തുണ്ട് - പുസ്തകക്കെട്ട്.
________________
മേഘനാദന്‍

പാവം, അത് മാവേലിയായിരിക്കാം...

മാവേലി നാട് വാണീടും കാലം മാനുഷ്യരെല്ലാരും ഒന്നുപോലെ എന്ന പഴംപാട്ടിലെ മിത്തിനോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ് അക്കാലത്തെ മലയാളിക്കു പ്രവാസിയായി അന്യനാടുകളില്‍ അലയേണ്ട ഗതികേടുണ്ടായിരുന്നില്ല എന്നുളളതും.
എന്നാല്‍ മാവേലിക്ക് തന്നെ പ്രവാസിയായി പാതാളത്തിലേക്ക് പോകേണ്ടി വന്നതിനുശേഷമാണല്ലോ മാവേലിയുടെ പ്രജാ പരമ്പരയില്‍പ്പെട്ട നമ്മളും കാലാന്തരത്തില്‍ പ്രവാസികളായിത്തീര്‍ന്നത്. അതിനാല്‍ മലയാളിയെ സംബന്ധിച്ചിടത്തോളം നന്മയുടെ പ്രതീകമായ ഒരു രാജാവ് മാത്രമല്ല മാവേലി. മറിച്ച് പ്രവാസത്തില്‍ നമ്മുടെ ആദിഗുരുവും അഗ്രഗാമിയും കൂടിയാണ്.
ഇക്കാര്യം ഇവിടെ ചൂണ്ടിക്കാട്ടാന്‍ കാരണമുണ്ട്. ഒണം കഴിഞ്ഞിട്ട് നാളുകളേറെയായി. എന്നാല്‍ നഗരത്തില്‍ മലയാളി സമാജങ്ങളുടെ ഒണാഘോഷങ്ങള്‍ വെടിക്കെട്ടിനിടയില്‍ തെറിച്ചു പോയ പടക്കങ്ങള്‍ വെടിക്കെട്ട് തീര്‍ന്നിട്ടും അവിടവിടെ കിടന്ന് പിന്നേയും പൊട്ടിച്ചീറുന്നതുപോലെ ഇപ്പോഴും പലയിടത്തുമായി തുടര്‍ന്നുവരികയാണ്. ഒണത്തിന്‍റേയും നന്മയുടേയും പ്രതീകമായ മാവേലിയുടെ ഒര്‍മ്മയില്‍ അവര്‍ വടംവലി മുതല്‍ ബ്രേക്ക് ഡാന്‍സ് വരെ അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴും ആദ്യത്തെ പ്രവാസി മലയാളിയെന്ന നിലയില്‍ അദ്ദേഹത്തെ സ്മരിക്കുകയോ പരിഗണിക്കുയോ ചെയ്യുന്നില്ല എന്ന് പറഞ്ഞാല്‍ അതൊരു തമാശയായി തോന്നിയേക്കാം.
എന്നാല്‍ ഈയിടെ ഒരു സമാജം പ്രസിഡണ്ട് അതിലും വലിയൊരു തമാശ പറയുകയുണ്ടായി. അതായത്, മാവേലി പ്രവാസിയായി പോയത് പാതാളത്തിലേക്കാണ്. മുംബൈലേക്കല്ല. തിരുവോണ നാളില്‍ പാതാളത്തില്‍ നിന്നും തന്‍റെ പ്രജകളെ കാണാന്‍ കേരളത്തിലെത്തുന്ന മാവേലിക്ക് അതേ ദിവസംതന്നെ പലയിടത്തുംപ്രവാസികളായി കഴിയുന്ന മലയാളികളുടെ അടുത്ത് എത്തിച്ചേരാനുളള അസൌകര്യം പരിഗണിച്ചാണ് മുംബൈ മലയാളി സമാജങ്ങള്‍ ഒണം കഴിഞ്ഞിട്ടും പലനാളുകളിലും പലയിടങ്ങളിലുമായി ഒണാഘോഷങ്ങള്‍ തുടര്‍ന്നുവരുന്നതത്രെ.
അങ്ങനെയുളള ഒരോണാഘോഷച്ചടങ്ങില്‍ എന്‍ട്രി പാസ്സില്ലാതെതന്നെ പങ്ക് കൊളളാനവസരം ലഭിച്ചത് യാദൃച്ഛികമായിട്ടായിരുന്നു.
ഒണാഘോഷ പരിപാടികള്‍ രാവിലെ തന്നെ തുടക്കം കുറിച്ചിരുന്നു. എല്ലാ സമാജങ്ങളും അവതരിപ്പിച്ചു വരുന്ന സ്ഥിരം പരിപാടികളില്‍ നിന്നും വ്യത്യസ്ഥത അവകാശപ്പെടാവുന്ന ഒരു പരിപാടി ഈ ഒണാഘോഷത്തിലും കാണാനിടയായില്ല. സാംസ്കാരിക സമ്മേളനത്തിന് വിശിഷ്ടാതിഥിയായി എത്തിയിരുന്നത് നഗരത്തിലെ ഒരു പഴയ മലയാളി പണചാക്കാണ്. എന്നിട്ടുപോലും മുണ്ടുടുക്കാതെയാണ് കക്ഷി വേദിയില്‍ ഇരുന്നത്. എന്നുവച്ചാല്‍ സ്ഥിരം സഫാരി റോളിലെത്തിയ ആ സഫാരിക്കാരന്‍റെ വിടുവായിത്വം അപഹാസ്യവും അറുമുഷിപ്പനുമായിരുന്നു. എങ്കിലും സദ്യയുണ്ണാനുളള മോഹത്തില്‍ ജനം അയാളെ സഹിച്ചുകൊണ്ട് സമയം തളളിനീക്കി. ഒടുവില്‍ അടുത്തപരിപാടിയായ ഒണസദ്യയുടെ അറിയിപ്പുയര്‍ന്നു. ലോക്കല്‍ ട്രെയിനില്‍ സീറ്റ് പിടിക്കാന്‍ വേണ്ടിയുളള ആക്രാന്തവും മത്സരവും എന്നപോലെ സാംസ്കാരിക സമ്മേളനത്തില്‍ നിന്നും ഒരുവിധം രക്ഷപ്പെട്ട ജനക്കൂട്ടം പന്തിയിലേക്ക് ഇരച്ചുകയറി. സാമര്‍ത്ഥ്യമുളളവര്‍ക്കൊക്കെ സദ്യയുടെ ആദ്യറൌണ്ടില്‍ തന്നെ ഇരിപ്പിടം ലഭിച്ചു. അവരുടെ മുന്നില്‍ ഇലകളും ഇലകളില്‍ വിഭവങ്ങളും നിരന്നു. ഇതിനിടയില്‍ വിശിഷ്ടാതിഥിയേയും കൊണ്ട് സമാജം ഭാരവാഹികള്‍ കലാസാംസ്കാരിക പരിപാടികളരങ്ങേറിയ വേദിക്കു പിന്നിലെ ഗ്രീന്‍ റൂമിലേക്ക് നിഷ്ക്രമിക്കുന്നത് കണ്ടു. സദ്യവട്ടങ്ങളുടെ കൊതിപ്പിക്കുന്ന മണം കോമ്പൌണ്ടിനു പുറത്തോളം കടന്ന് വഴിയേ പോയിക്കൊണ്ടിരുന്നവരെപ്പോലും പ്രലോഭിപ്പിക്കുന്നതായിരുന്നു. ലൌഡ് സ്പീക്കറുകളില്‍ നിന്നും ഒണസ്മൃതികളുണര്‍ത്തിക്കൊണ്ട് മാവേലിനാട് വാണീടും കാലം... എന്ന ഗാനം ഒഴുകിയെത്തുന്നുണ്ടായിരുന്നുവെങ്കിലും ഊണിന്‍റെ ആവേശത്തില്‍ അതാരും കേട്ടില്ല.
ഇടക്കെപ്പോഴോ വിശിഷ്ടാതിഥിയും സമാജം ഭാരവാഹികളും വിയര്‍ത്തൊലിച്ച്, 70 എം.എം. ചിരിയുമായി ഗ്രീന്‍ റൂമില്‍ നിന്നിറങ്ങി സദ്യയുണ്ടുകൊണ്ടിരുന്ന എല്ലാവരേയും കൈകൂപ്പി തൊഴുതുകൊണ്ട് പന്തിയിലെത്തി. ഒണ ലഹരി സിരകളില്‍ ഒളം തല്ലിയപ്പോള്‍ അതിഥി വിശിഷ്ടന്‍ സദ്യയുണ്ണാത്തവരുടെ എച്ചില്‍ കൈകള്‍ ഗ്രഹിച്ച് ഒരോരുത്തര്‍ക്കും പ്രത്യേകം ഒണാശംസകള്‍ നല്‍കാനും മറന്നില്ല. പിന്നെ പുളളിക്കാരനും പന്തിഭോജനത്തില്‍ പങ്കാളിയായിക്കൊണ്ട് മലയാളി കൂട്ടായ്മക്ക് മാതൃകകാട്ടി. ഇതിന്‍റെയെല്ലാം വീഡിയോ ചിത്രീകരണവും നടക്കുന്നുണ്ടായിരുന്നു.
അപ്പോഴാണ് പന്തിയോട് ചേര്‍ന്നുളള ഗേറ്റിനടുത്ത് ഒരു ബഹളം. ഒണസദ്യയുണ്ണാനെത്തുന്നവരുടെ എന്‍ട്രി പാസ്സുകള്‍ പരിശോധിക്കാന്‍ ഗേറ്റില്‍ നിന്നിരുന്ന ചില വാളണ്ടിയര്‍മാര്‍ നീണ്ട താടിയും, മുടിയും, മുഷിഞ്ഞ വസ്ത്രങ്ങളുമായെത്തിയ മെലിഞ്ഞുണങ്ങി പ്രാകൃത രൂപിയായ ഒരു മധ്യവയസ്കനെകുത്തിന് പിടിച്ച് പുറത്തേക്ക് തളളുന്നു. എന്‍ട്രി പാസ്സില്ലാതെ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതാണ് കാരണം. അയാള്‍ മലയാളത്തില്‍ എന്തൊക്കെയോ പറഞ്ഞ് കേണപേക്ഷിക്കുന്നുണ്ട്. അത് ചെവിക്കൊളളാനാരും തയ്യാറിയില്ല. ഇത് കണ്ട് സദ്യ ഉണ്ണുകയായിരുന്ന ഒരു സരസന്‍റെ മനസ്സലിഞ്ഞു.
പാവം, അത് മാവേലിയായിരിക്കും. കടത്തിവിട്ട് അല്പം ഭക്ഷണം കൊടുക്കെടോ... ഒണാഘോഷമല്ലേ.
അയാള്‍ ഉറക്കെവിളിച്ചു പറഞ്ഞു. പക്ഷേ ഒണാഘോഷ പരിപാടികള്‍ക്ക് പ്രൊട്ടക്ഷന്‍ നല്‍കാന്‍ നിയുക്തരായ പോലീസുകാര്‍ അപ്പോഴേക്കും ആ പാവം മലയാളിയെ തൂക്കിയെടുത്ത് ജീപ്പിലിട്ടു. മാവേലി നാട് വാണീടും കാലം എന്ന ഗാനം അപ്പോഴും പന്തിയില്‍ മുഴങ്ങി കേള്‍ക്കാമായിരുന്നു.
_____________________
കാട്ടൂര്‍ മുരളി

നഗരം ഇവരെ തിരികെ വിളിക്കുന്നു

കവിയും സാംസ്കാരിക പ്രവര്‍ത്തകനും ആയ ഒരു സുഹൃത്ത് അദ്ദേഹത്തിന്‍റെ മൂന്നര പതിറ്റാണ്ടു കാലത്തെ മുംബൈ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചു. നഗരത്തിലെ ഭൂരിപക്ഷം കലാകരന്മാര്‍ക്ക് അഭിമതനായ അദ്ദേഹം കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ തിരക്കില്‍ വിവാഹംപോലും ചെയ്യാന്‍ മറന്ന ആളാണ്. സാത്ത്വിക ശുദ്ധിയും പരോപകാര തല്പരത്വവും ഈ മനുഷ്യന്‍റെ മുഖമുദ്രകളാണ്. കളള്, കഞ്ചാവ് ഇത്യാദി നമ്മുടെ ചില നഗരകവിപ്പയ്യന്മാര്‍ക്ക് പഥ്യമായതൊന്നും പുളളിക്കാരന്‍ കണ്ടിട്ടുകൂടിയില്ല.
ഇനി, പെണ്‍സംബന്ധമായ കാര്യം പറയുകയാണെങ്കിലോ? എല്ലാവരും അമ്മപെങ്ങന്മാര്‍.
നഗരത്തിലെ മുറിക്കവികള്‍ക്ക് നമ്മുടെ കവി പ്രാകൃതന്‍, പഴഞ്ചന്‍ അങ്ങനെ എന്തൊക്കെ പറയാമോ അതെല്ലാമായിരുന്നു. അങ്ങ് തിരുവനന്തപുരത്തുളള ഒരു കവിയാണ് പിളേളരുടെ റോള്‍ മോഡല്‍. പുളളിക്കാരന്‍ പുതിയ ഭാഷയില്‍ പറഞ്ഞാല്‍ താമരയത്രെ. എന്നുവച്ചാല്‍ എപ്പോഴും വെളളത്തില്‍. വെളളമടിക്കാത്തവന്‍ പിന്നെങ്ങിനെകവിയാകും?
കവിസുഹൃത്ത് മേല്‍പറഞ്ഞ വിശേഷണങ്ങളെയൊന്നും ഗൌനിച്ചിരുന്നില്ല എന്നുളളത് വേറെ കാര്യം. പൊക്കമില്ലാത്തതാണ് തന്‍റെ പൊക്കമെന്ന് കുഞ്ഞുണ്ണിമാഷ് അവകാശപ്പെട്ടതുപോലെ, ‘വെളള’ക്കവികള്‍ക്കിടയില്‍ വെളളമടിക്കാത്തതാണ് തന്‍റെ ഊറ്റമെന്ന് അവകാശപ്പെടാന്‍ നമ്മുടെ കവിക്കുമുണ്ട് തികഞ്ഞ യോഗ്യത.
ഒരിക്കല്‍ റോഡില്‍ വീണുകിടന്ന നാലായിരത്തില്‍ ചില്വാനം രൂപയടങ്ങിയ പേഴ്സ് കിട്ടി കവിക്ക്. മുന്‍പില്‍ കണ്ട ഒരു ഹോട്ടലുകാരനെഅത് ഏല്‍പ്പിച്ചിട്ട് അവകാശിക്ക് കൊടുക്കാന്‍ ഏര്‍പ്പാട് ചെയ്ത് സത്യസന്ധതയുടെ മാതൃകയായി കവി നടന്നുപോയി. ആര്‍ത്തിപ്പണ്ടാരമായ ഹോട്ടലുടമ ആ കാശ് വിഴുങ്ങിയത് സ്വാഭാവികം മാത്രം. എങ്കിലും ഒരു പാവം മാനവന്‍റെ ഹൃദയ വിശുദ്ധിയെ കളങ്കപ്പെടുത്തിയ ആ ഹോട്ടലുടമ കഠോര ഹൃദയനാണെന്നു പറയാതിരിക്കുന്നതെങ്ങനെ?
മുംബൈ വിടുന്നതിന് ഏതാനും നാള്‍ മുന്‍പ് മേശ, കസേര, പാത്രങ്ങള്‍, ഫാന്‍ ഇത്യാദി വകകള്‍ ഉണ്ടായിരുന്നത് പലര്‍ക്കായി കവി വീതംവച്ചു. എനിക്കും തന്നു സമ്മാനം - ഖലീല്‍ ജിബ്രാന്‍റെ ഒന്നുരണ്ടു പുസ്തകങ്ങള്‍.
ദീര്‍ഘകാലം ജോലി ചെയ്ത വകയില്‍ കമ്പനിയില്‍ നിന്ന് കിട്ടാനുളള ആനുകൂല്യങ്ങള്‍ കൈപ്പറ്റി കവി സുഹൃത്ത് നഗരം വിട്ടു. അതിനു മുന്‍പ് സുഹൃത്തുക്കളും സംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് ഗംഭീരമായ യാത്രയയപ്പ് നല്‍കി.
ഇടയ്ക്ക് നാട്ടില്‍ പോകുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ പോയി കാണും. ജീവിതം എങ്ങനെയുണ്ടെന്ന് ഞാന്‍ ചോദിക്കും. ഉത്സാഹ പ്രഹര്‍ഷത്തോടുകൂടിയ മറുപടികിട്ടും എനിക്ക്.
നാടിന്‍റെ അന്തരീക്ഷശുദ്ധിയെക്കുറിച്ചും സമ്മര്‍ദ്ദങ്ങളില്ലാതെ അവിടെ ജീവിക്കുന്നതിനെക്കുറിച്ചും ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞ കവി വാചാലമായി എന്നോട് സംസാരിക്കും. നഗരജീവിതം ഉപേക്ഷിച്ച് തന്നെപോലെ നാട്ടില്‍വന്ന് സ്ഥിരതാമസമാക്കാന്‍ സ്വാനുഭവത്തിന്‍റെ വെളിച്ചത്തില്‍ അദ്ദേഹം എന്നെ ഉപദേശിക്കാറുണ്ട്.
ഇളം പ്രായത്തില്‍ നഗരത്തിലേയ്ക്ക് പറിച്ചുനട്ട എന്‍റെ ജീവിതത്തിന്‍റെ വേരുകള്‍ അവിടെ ആഴ്ന്നുപോയെന്നും അതിനെപിഴുതെടുത്ത് തിരികെ നാട്ടില്‍ കൊണ്ടുവന്ന് നട്ടാല്‍ കരിഞ്ഞുപോവുകയേ ഉളളു എന്നും ഒരിക്കല്‍ ഞാന്‍ കവിസുഹൃത്തിനോട് പറഞ്ഞു. നാടിന്‍റെ മാറിയ ജീവിതശൈലിയോട് പൊരുത്തപ്പെട്ടു പോകാന്‍ ആവില്ലന്നുതന്നെയാണ് എന്‍റെ വിശ്വാസം. അക്കാര്യം പറഞ്ഞപ്പോള്‍ അത് എന്‍റെ മിഥ്യാധാരണ മാത്രമാണന്ന് അദ്ദേഹം വീറോടെ വാദിച്ചു.
മുംബൈജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കിയ ചിലരുടെ അനുഭവങ്ങള്‍ ഞാന്‍ സുഹൃത്തിന്‍റെ മുന്നില്‍ നിരത്തി. ചിറയില്‍ ശ്രീധരന്‍, ഉഴവ ശ്രീധരന്‍ നായര്‍, ടി. കെ. നായര്‍ ചൂണ്ടല്‍, എടയാളി ഗോപാലകൃഷ്ണന്‍, സുബ്രഹ്മണ്യന്‍ വൈലോപ്പിളളി ഇവര്‍ തങ്ങളുടെ സാഹിത്യജീവിതത്തില്‍ അഭ്യുന്നതിയും വിശ്രമജീവിതത്തില്‍ ശാന്തിയും കാംക്ഷിച്ചുകൊണ്ടാണ് നഗരം വിട്ടത്. എന്നാല്‍ ഇവരുടെ കാവ്യ-സാഹിത്യ പരിശ്രമങ്ങള്‍ തുടര്‍ന്ന് അധികമൊന്നും വെളിച്ചത്തില്‍ വന്നുകണ്ടില്ല.
ജന്മനാട്ടില്‍ സ്വന്തം ഭവനമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ചിറയില്‍ ശ്രീധരന്‍ ആവതുശ്രമിച്ചത് വയ്യാവേലിയായി. അത് കലാശിച്ചത് ആത്മഹത്യയിലാണ്.
എടയാളി ഗോപാലകൃഷ്ണന്‍ ആദ്യം ആലുവയിലും അവിടെന്നുമാറി കുറച്ചുകാലം കോട്ടയത്തും താമസിച്ചു. അവിടെയും അദ്ദേഹം തൃപ്തനായിരുന്നില്ല. തിരികെ മുംബൈയിലേക്കുവരാന്‍ ആലോചിക്കുന്നതിനിടയിലാണ് മരണം മഞ്ചലുമായി വന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്.
ശേഷമുളളവര്‍ക്ക് എന്തുസംഭവിച്ചുവെന്ന് അറിഞ്ഞുകൂടാ.
മുംബൈ നഗരത്തിന്‍റെ കവിയാണ് വന്ദ്യവയോധികനായ കൃഷ്ണന്‍ പറപ്പളളി. വിശ്രമജീവിതം നയിക്കാന്‍ അദ്ദേഹം നാടല്ല, നഗരമാണ് തിരഞ്ഞെടുത്തത്. ആയതിനാല്‍ അദ്ദേഹത്തിന് ഇവിടെയിരുന്ന് കാവ്യസപര്യ തുടരാന്‍ സാധിക്കുന്നു. മറിച്ച് നാട്ടില്‍ പോയിരുന്നുവെങ്കില്‍ അദ്ദേഹത്തിന്‍റെ കാവ്യഭാവനതുരുമ്പെടുത്തേനേ.
എന്‍റെ സുഹൃത്തുക്കളായ പി.എ. ദിവാകരനും അഷ്ടമൂര്‍ത്തിയും പ്രഭാശങ്കറും അവരുടെ മികച്ച കഥകളെഴുതിയത് മുംബൈയിലായിരുന്നപ്പോഴാണ്.
തിരുവില്വാമലയില്‍ സ്ഥിരവാസമാക്കിയതിനു ശേഷം ഉണ്ണിമേനോന്‍ മാഷടെ തിരിച്ചുവരവ്, റസ്റ്റോറന്‍റ് എന്നീ കഥകളുടെ നിലവാരമുളള കഥയെഴുതാന്‍ പി.എ. ദിവാകരന് സാധിച്ചിട്ടില്ല. അഷ്ടമൂര്‍ത്തിയുടെ കാര്യവും തഥൈവ. തൃശൂരില്‍ വൈദ്യശാല നോക്കി നടത്തുന്നതിനിടയില്‍ അഷ്ടമൂര്‍ത്തിയുടെ സര്‍ഗപ്രതിഭയും ഉള്‍വലിഞ്ഞുവോ എന്നാണ് സംശയം. പ്രഭാശങ്കറാകട്ടെ കോയമ്പത്തൂര്‍, രാമനാഥപുരം എന്നിവിടങ്ങളില്‍ ചുറ്റിക്കറങ്ങുന്നുണ്ടെന്ന് ആരോ പറഞ്ഞു. നല്ല ഉയരമുളള പ്രഭാശങ്കറില്‍നിന്ന് ഉയരമുളളവര്‍ ഞങ്ങള്‍ പോലൊരു കഥ മേല്‍പ്പറഞ്ഞ ഇടങ്ങളില്‍ ചുറ്റിക്കറങ്ങിയിട്ടും നമുക്ക് കിട്ടിയില്ല.
മഹാനഗരങ്ങള്‍ അന്നും ഇന്നും കഥയുടെയും കവിതയുടെയും വിളഭൂമിയാണ്. കുറെക്കാലം ഡല്‍ഹിയിലും മുംബൈയിലും കഴിച്ചുകൂട്ടിയവര്‍ക്ക് സര്‍ഗപരമായ വിളവെടുപ്പിന് പറ്റിയത് നഗരങ്ങളത്രെ.
ബാലകൃഷ്ണന്‍, എം.ജി.രാധാകൃഷ്ണന്‍, ഗിരിജാവല്ലഭന്‍ മുതല്‍ പേര്‍ക്ക് തങ്ങളുടെ സര്‍ഗസാന്നിധ്യം പ്രകടമാക്കാന്‍ കഴിയുന്നത് അവര്‍ മുംബൈയിലായതാണ് കാരണമെന്ന് ഞാന്‍ നമ്മുടെ കവിയോട് പറഞ്ഞു.
സുരേഷ് വര്‍മ്മ (അദ്ദേഹം പോയവര്‍ഷത്തെ മംഗളം ഒണപ്പതിപ്പില്‍ എഴുതിയ മൂര്‍ദ്ദാറാം എന്ന കഥ ഒര്‍ക്കുക)യും പവിത്രന്‍ കണ്ണപുരവും വല്ലപ്പോഴുമാണങ്കില്‍ പോലും എഴുതുന്നത് മറ്റൊരു കാരണംകൊണ്ടല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
പത്രാധിപന്മാരെ പരിചയമുളളതുകൊണ്ട് മാത്രമാണ് കേരളത്തിലെ പല കവികളുടെയും കഥാകൃത്തുകളുടെയും രചനകള്‍ ഇപ്പോള്‍ അവിടത്തെ മാധ്യമങ്ങളില്‍ അച്ചടിമഷി പുരണ്ടുവരുന്നത്. കവിത എന്ന പേരില്‍ ചിലര്‍ എഴുതുന്ന ആഭാസങ്ങള്‍ വായിച്ചാല്‍ ഭാഷാസ്നേഹമുളള വായനാക്കാര്‍ കെട്ടിത്തൂങ്ങാന്‍ കയര്‍ അന്വേഷിക്കും.
ബാലചന്ദ്രന്‍ ചുളളിക്കാട് പോലും ഇന്ന് കാവ്യഗുണംകൊണ്ടല്ല പ്രശസ്തിയുടെ പിന്‍ബലം കൊണ്ടാണ് കവിതയുടെ രംഗത്ത് പിടിച്ചുനില്‍ക്കുന്നത്. മാതൃഭൂമി വാരികയില്‍ ഈയിടെ അദ്ദേഹം എഴുതിയ മണിനാദം എന്ന കവിത വായിച്ചാല്‍ ഇക്കാര്യം ബോധ്യമാകും.
ഒന്നുരണ്ട് കൊല്ലം മുന്‍പ് യാത്രയയപ്പ് നല്‍കി ഈ നഗരം നാട്ടിലയച്ച നമ്മുടെ കവിയുടെ അവസ്ഥ കരയ്ക്കുപിടിച്ചിട്ട മത്സ്യത്തെപ്പോലെയാണന്ന കാര്യം അപൂര്‍വ്വം ചിലര്‍ക്കേ അറിഞ്ഞുകൂടൂ. ഇവിടത്തെപ്പോലെ പ്രവര്‍ത്തിക്കാന്‍ അവിടെ മേഖലകളില്ല പാവം കവിക്ക്. കവിത എഴുതാനാണങ്കില്‍ വേണ്ടത്ര ഉണര്‍വുമില്ല. നാടന്‍ ജീവിതത്തിന്‍റെ അലംഭാവവും സന്തോഷവുമെല്ലാം വെറും പ്രകടനങ്ങള്‍ മാത്രം. നഗരത്തിലെ ദീര്‍ഘകാല വാസംകൊണ്ട് നേടിയെടുത്ത സുഹൃത്തുക്കള്‍ മാത്രമല്ല അദ്ദേഹത്തിന് നഷ്ടമായത്, നാടകം പോലെ പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്ന മേഖലകൂടിയാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. നഗരത്തില്‍നിന്ന് നാട്ടില്‍ സ്ഥിരവാസത്തിനുപോയ എഴുത്തുകാരും കലാകാരന്മാരും ഇവിടേയ്ക്ക് ഒരു മടങ്ങിവരവ് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, ഒരു പ്രതിബന്ധം. അവരില്‍ പലരേയും ശാന്തിയും സമാധാനവും നേര്‍ന്ന് ഈ നഗരം യാത്രയയച്ചതാണ്. വീണ്ടും ഇങ്ങോട്ടുവരാന്‍ ആത്മാഭിമാനം അവര്‍ക്ക് തടസ്സമാകുന്നു.
ഈയിടെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ നമ്മുടെ കവി സുഹൃത്തും ഈ പ്രശ്നമാണ് മുന്നോട്ടുവെച്ചത്. അദ്ദേഹത്തിന് നഗരത്തിലേയ്ക്ക് തിരിച്ചുവന്നാല്‍ കൊളളാമെന്നുണ്ട്. പക്ഷേ നഗരവാസികളെ എങ്ങനെഅഭിമുഖീകരിക്കുമെന്നത് കവിയെ വല്ലാതെ അലട്ടുന്നു.
കലാകാരന്മാരോടും കവികളോടുമുളള സ്നേഹത്തിന്‍റെ പ്രത്യക്ഷപ്രകടനമായ യാത്രയയപ്പ് എന്ന കര്‍മ്മം അവര്‍ക്ക് പാരയാവാത്ത മട്ടില്‍ വേണം സംഘടിപ്പിക്കാന്‍. നഗരവാതില്‍ എല്ലാവര്‍ക്കുമായി തുറന്നു കിടക്കുകയാണ്. അതിലൂടെ എപ്പോള്‍ വേണമെങ്കിലും തിരിച്ച് പ്രവേശിക്കാമെന്ന ഉദ്ബോധനം നമ്മുടെ കവിസുഹൃത്തിനെപോലുളളവര്‍ക്ക് ആശ്വാസദായകമായിരിക്കും. അതിലും നന്ന് യാത്രയയപ്പ് എന്ന കൃത്യം തന്നെ വേണ്ടന്നുവെയ്ക്കുന്നത് !
പിന്‍വാതില്‍:
ഒഫീസില്‍ ഒരാള്‍ക്ക് യാത്രയയപ്പ് നല്‍കുകയാണ്. സഹപ്രവര്‍ത്തകരെല്ലാം ഒത്തുകൂടിയിട്ടുണ്ട്. പിരിഞ്ഞുപോകുന്ന ആളുടെ ഇല്ലാഗുണങ്ങളെ പ്രശംസിച്ചുകൊണ്ട് ഒരോരുത്തരായി സംസാരിച്ചു. പിരിവെടുത്തു വാങ്ങിയ സമ്മാനപ്പൊതി നല്‍കി സുഖകരമായ വിശ്രമജീവിതം ആശംസിച്ച് സഹപ്രവര്‍ത്തകര്‍ അയാളെ യാത്രയാക്കി.
പിറ്റേന്ന് ഒഫീസിലെത്തിയ ജീവനക്കാര്‍ കണ്ടത് തലേന്ന് അവര്‍ യാത്രയാക്കിയ സഹപ്രവര്‍ത്തകന്‍ പതിവുപോലെ കസേരയില്‍ ഇരിക്കുന്നതാണ്.
______________________
മേഘനാദന്‍

നമുക്ക് ചുറ്റും

വേണം നമുക്ക് ശശി തരൂരിനെ

ഒരു ശരാശരി രാഷ്ട്രീയ നേതാവിന്റെ നേട്ടങ്ങള്‍ നമ്മള്‍ എങ്ങനെയാണിന്ന് വിലയിരുത്തുക? ഇദ്ദേഹം വിദ്യാര്‍ത്ഥി പ്രക്ഷോഭണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ടോ...? എത്ര സര്‍ക്കാര്‍ വാഹനങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ത്തിട്ടുണ്ട്? നമ്മള്‍ അങ്ങനെയാണ്. നമ്മെ ഭരിക്കുന്നവരെക്കുറിച്ച് വ്യക്തമായ ഒരു മുന്‍ധാരണ രൂപപ്പെടുത്തി വെച്ചിട്ടുണ്ട്. അത്തരം നിര്‍വ്വചനങ്ങള്‍ക്ക് വഴങ്ങാതെ പോയതാണ് ശശിതരൂര്‍ എന്ന പ്രതിഭാധനനായ വ്യക്തിയുടെ ദുര്യോഗം. വിദേശത്ത് കഴിയുമ്പോള്‍ മലയാളിക്ക് ശശിതരൂര്‍ സമാരാധ്യനായ ലോകനേതാവായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്തതോടെ പിന്നീട് നാളിതുവരെ വിവാദങ്ങളുടെ കളിക്കൂട്ടുകാരന്‍ തന്നെയാണ് തരൂര്‍. കാലിത്തൊഴുത്ത് വിവാദമാണല്ലോ ഏറ്റവുമൊടുവില്‍ തരൂരിന് പ്രധാനമന്ത്രിയെയും സോണിയയെയും നേരില്‍ കണ്ട് ഖേദം പ്രകടിപ്പിക്കേണ്ടിവന്ന അവസാനസംഭവം. ട്വിറ്റര്‍ നെറ്റ് വര്‍ക്കില്‍ എക്കാലത്തും തരൂര്‍ നടത്തിയിട്ടുള്ള കമന്റുകള്‍ ധിഷണയുടെ മാത്രമല്ല ആക്ഷേപ ഹാസ്യത്തിന്റെയും മികവുറ്റ മാതൃകകളാണ്. താങ്കള്‍ ചിലവുചുരുക്കലിന്റെ ഭാഗമായി കാറ്റില്‍ ക്ളാസ്സില്‍ സഞ്ചരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു തരൂരിന്റെ മറുപടി. നിമിഷങ്ങള്‍ക്കകം കാലിത്തൊഴുത്തെന്നും പരിശുദ്ധ പശുക്കളെന്നും മൊഴിമാറ്റി നമ്മള്‍ വിമര്‍ശനത്തിന്റെ വാളുയര്‍ത്തി കഴിഞ്ഞു. അം ജനതയെ മുഴുവന്‍ തരൂര്‍ അപമാനിച്ചു എന്നായിരുന്നു മാധ്യമ പ്രചരണം. വിദര്‍ഭയിലെയോ കുട്ടനാട്ടിലെയോ നന്ദിഗ്രാമിലെയോ എത്ര പാവം കര്‍ഷകരാണ് ഇക്കോണോമിക് ക്ളാസ്സില്‍ വിമാനയാത്ര നടത്തുന്നത്? തരൂരിന്റെ ഓരോ നിമിഷത്തെയും വിവാദങ്ങളിലേക്ക് പരിഭാഷപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന കഠിനയത്നങ്ങള്‍ പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നു. ഇതിന്റെ പിന്നില്‍ ചൈനയുടെയും അമേരിക്കയുടെയും ഗൂഢാലോചനയുണ്ട് എന്ന വാദത്തെ തീര്‍ത്തും നിരാകരിച്ചു കൂടാ. ഇന്ത്യയോട് സൌഹൃദമെന്ന പ്രഖ്യാപിക്കുകയും ശത്രുതയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുകയാണല്ലോ ചൈനയുടെ രീതി. ബാന്‍ കി ടൂണുമായുള്ള യു.എന്‍ സെക്രട്ടറി ജനറല്‍ പദവിയിലേക്കുള്ള മത്സരം ഓര്‍മ്മിക്കുക. യു.എസ്സിന്റെ നെഗറ്റീവ് വോട്ടും, ചൈനവോട്ടിംഗില്‍ നിന്നും വിട്ടുനിന്നതും വഴി നഷ്ടപ്പെട്ട രണ്ട് വോട്ടുകള്‍ക്കായിരുന്നല്ലോ തരൂരിന്റെ പരാജയം. ചൈനയ്ക്ക് ഇന്തയക്കാരനെയും കൊറിയക്കാരനെയും ഒരുപോലെ വെറുപ്പാണ്. തരൂര്‍ വിജയിച്ചരുന്നെങ്കില്‍ തീര്‍ച്ചയായും യു.എന്നില്‍ സെക്യൂരിറ്റി കൌണ്‍സിലില്‍ ഇന്ത്യയ്ക്ക് സ്ഥിരം അംഗത്വം നേടിയെടുക്കുമായിരുന്നു. തരൂരുമായി ബന്ധപ്പെട്ട സമകാലീനവിവാദങ്ങള്‍ ശ്രദ്ധിക്കുക. ഇറക്കുമതി ചെയ്യപ്പെട്ട സ്ഥാനാര്‍ത്ഥിയെന്ന് ആദ്യം പറഞ്ഞത് സ്ഥാനമോഹികളായ ചില കോണ്‍ഗ്രസ്സ് നേതാക്കളാണ്. അന്നോളം യുഎന്‍ പരമാധികാര പദത്തിലേക്ക് പോലും നിര്‍ദ്ദേശിക്കപ്പെട്ട മലയാളിയെന്ന് തരൂരിനെവാഴ്ത്തിയവര്‍ പെട്ടെന്ന് അദ്ദേഹത്തെ രാഷ്ട്രീയ ശിശുവായി മുദ്രകുത്തി. മുണ്ടുടുക്കാനറിയാത്ത, മലയാളം വശമില്ലാത്ത ശശിതരൂര്‍ പാര്‍ലമെന്റില്‍ എന്തുചെയ്യും എന്നായി അടുത്ത മണ്ടച്ചോദ്യം. മണ്ഡലത്തിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനുള്ള മലയാളം തനിക്ക് വശമുണ്ടെന്നും തരൂര്‍ പ്രതിവചിച്ചു. കേന്ദ്ര അവഗണനയെക്കുറിച്ച് സദാ രോഷം കൊള്ളുമെങ്കിലും നമ്മുടെ പ്രശ്നങ്ങളെ വേണ്ടവിധം സഭയില്‍ ഉന്നയിക്കാന്‍ കഴിവുള്ള എം.പിമാര്‍ നമുക്ക് നന്നേ കുറവാണ്. പലകുറി മുഖ്യമന്ത്രിയായിരുന്ന പാര്‍ലമെന്റേറിയന്‍ കെ. കരുണാകരന്‍ പോലും മന്ത്രിയെന്ന നിലയില്‍ എഴുതി തയ്യാറാക്കിയ ഉത്തരങ്ങള്‍ പറയാന്‍ മാത്രമാണ് സഭയില്‍ അപൂര്‍വ്വമായി ശബ്ദം ഉയര്‍ത്തിയിട്ടുള്ളത്. ഇവിടെയാണ് തരൂരിനെപ്പോലെ ലോകത്തിന്റെ ഭൂപടമറിയുന്ന ഒരു വ്യക്തിയുടെ പ്രസക്തി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അടുത്ത കാലം വരെ ദിശാബോധമില്ലാത്ത ഒരാള്‍ക്കൂട്ടമായി വിലയിരരുത്തപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത കാലത്തായി പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ആ പാര്‍ട്ടി നടത്തിവരുന്നുണ്ട്. സോറന്‍ - ലാലു-മുലായങ്ങളില്ലാത്ത സര്‍ക്കാരും കൂടുതല്‍ യുവജനമുന്നേറ്റവുമെല്ലാം ശ്രദ്ധേയമായ കാല്‍വെയ്പുകളാണ്. ഒപ്പം തരൂരിന്റെ മന്ത്രിസഭാ പ്രവേശനം പാര്‍ട്ടിയുടെയും കാബിനറ്റിന്റെയും പ്രതിച്ഛായ കൂട്ടി. മഹാത്മജി നിരാഹാരം കിടന്നു മരിക്കട്ടെ എന്ന് പ്രഖ്യാപിച്ച വിന്‍സ്റന്‍ ചര്‍ച്ചിലിനെഒരിന്ത്യക്കാരനും സ്നേഹിക്കാനാവില്ല. എന്നാല്‍ ധിഷണയുടെ പാരമ്യതയില്‍ മാത്രം പിറവികൊള്ളുന്ന ഹാസ്യം തുളുമ്പുന്ന ചര്‍ച്ചില്‍ വചനങ്ങള്‍ ഇന്നും നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നു. പാലക്കാട് ചിറ്റിലഞ്ചേരി തറവാട്ടിലെ ചന്ദ്രന്‍ തരൂരിന്റെ മകന്‍ പിറന്നത് ലണ്ടനിലാണ് (1956). പഠനം ലണ്ടണിലും, മുംബൈയിലും, കല്‍ക്കട്ടയിലും. 78 മുതല്‍ യുഎന്‍ ആസ്ഥാനത്ത് ജോലി. മികച്ച എഴുത്തുകാരന്‍. ദ് ഗ്രേറ്റ് ഇന്ത്യ നോവല്‍ എന്ന കൃതിക്ക് 26 എഡിഷന്‍. 96 ലെ യുഗോസ്ളോവിയന്‍ സമാധാനദൌത്യത്തിന്റെ വിജയം തരൂരിന് കൂടുതല്‍ ലോകശ്രദ്ധ നേടിക്കൊടുത്തു. ട്വിറ്റര്‍ സൌഹൃദം തരൂരിന്റെ ദൌര്‍ബല്യമാണ്. ഈ നെറ്റ് വര്‍ക്കിനെ ഇത്രയോറെ പ്രശസ്തമാക്കിയത് തരൂര്‍ തന്നെയാണ്. ഇപ്പോള്‍ 1,80,000 ത്തിലധികം അംഗങ്ങളുണ്ട് ഈ ശൃംഖലയില്‍. കൊച്ചിയിലെ കൊതുകുകള്‍ക്ക് വോട്ടവകാശമുണ്ടെങ്കില്‍ അവിടെ മത്സരിച്ചാല്‍ എല്ലാ തെരഞ്ഞെടുപ്പിലും എനിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കും എന്ന് പറയാന്‍ നമുക്ക് തരൂര്‍ എന്ന ട്വീറ്ററെ വേണം. അമേരിക്കയില്‍ പെട്രോള്‍ പമ്പുകളില്‍ 25 കൊല്ലം പാര്‍ട്ട് ടൈം ജോലി ചെയ്യുന്നയാള്‍പോലും ഇന്ത്യയില്‍ വന്നാല്‍ ഫൈവ്സ്റാര്‍ ഹോട്ടലില്‍ തങ്ങും. അപ്പോള്‍ 78 മുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യു.എന്‍ ദൌത്യവുമായി നിരവധി രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച തരൂര്‍മാര്‍ കാറ്റില്‍ ക്ളാസ്സില്‍ തന്നെ കഴിയണമെന്ന നിര്‍ബന്ധബുദ്ധികൊണ്ട് എത്ര ചിലവു ചുരുക്കലാണ് പ്രതീക്ഷിക്കുന്നത്? (മഹാത്മജിയെ ഒന്നാം ക്ളാസ്സ് കംപാര്‍ട്ട്മെന്റില്‍ നിന്ന് പുറത്താക്കിയതില്‍ ഇന്നും രോഷം കൊള്ളുന്നവരാണ് നമ്മള്‍!) തരൂരും, രാഹുല്‍ ഗന്ധിയും ദില്ലിയില്‍ നിന്നും കെ.കെ. എക്സ്പ്രസ്സില്‍ കേരളത്തിലേക്ക് യാത്രചെയ്താലുള്ള സ്ഥിതി ഒന്നു സങ്കല്പിക്കുക. സുരക്ഷാ പ്രശ്നവും എര്‍ത്തുകളുടെ ബാഹുല്യവും മൂലം കഷ്ടപ്പെടുന്നത് പാവം സഹയാത്രികരാകും. കാര്‍ യാത്രയ്ക്കിടയില്‍ പോലും ഫയലുകള്‍ പഠിക്കുന്ന തരൂരിനെപ്പോലെ ഉയര്‍ന്ന പദവിയിലുള്ളവര്‍ക്ക് മുന്തിയ ജീവിത സൌകര്യങ്ങള്‍ നല്‍കാന്‍ നമുക്ക് ബാധ്യതയുണ്ട്. നമ്മുടെ സ്പീക്കര്‍ മീരാകുമാര്‍ പറയുംപോലെ ചിലവുചുരുക്കല്‍ സ്വയം തീരുമാനിക്കട്ടെ. ഇതൊരു തരൂര്‍ സ്തുതിപാഠമല്ല, മറിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന് പുത്തന്‍ പ്രതീക്ഷ നല്‍കുന്ന ഇത്തരം വ്യക്തികളെ ഏതുവിധത്തിലും ഒഴവാക്കാനുള്ള ഗൂഢാലോചനകളെ ചെറുത്തു തോല്പിക്കേണ്ടതുണ്ട് എന്ന് സമര്‍ത്ഥിക്കാനുള്ള ഒരു ചെറു സൂചിക മാത്രം. തരൂര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനായ വ്യക്തിയെന്ന് പറയാനാവില്ല. ഇസ്രയേല്‍ കൂട്ടക്കൊലയെ ന്യായീകരിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനം കടുത്ത വിമര്‍ശനം നേരിട്ടിട്ടുണ്ട്. വരും നാളുകളിലും തരൂര്‍ തരൂരിന്റെ ശൈലിയില്‍ തന്നെ തുടരുമെന്ന് നമുക്ക് പ്രത്യാശിക്കാം. സായിപ്പു പറയുന്ന ഹൌഡ്ലസ്സ് ചിക്കന്‍സിനെ അദ്ദേഹം പൂര്‍ണ്ണമായും അവഗണിക്കട്ടെ.

___________________
സുരേഷ് വര്‍മ്മ