പ്രശസ്ത കഥാകാരനും നിരൂപകനുമായ ഡോ. എം. രാജീവ്കുമാര്‍ ഈയിടെ മുംബൈയില്‍ വന്നു. നാട്ടില്‍നിന്ന് എഴുത്തുകാര്‍ നഗരത്തില്‍ വരുമ്പോള്‍ അവരില്‍ അപൂര്‍വ്വം ചിലരേ ഇവിടെയുളള സുഹൃത്തുക്കളെ ഫോണ്‍വിളിക്കാനോ നേരില്‍ക്കാണാനോ താല്പര്യം കാണിക്കാറുളളു. അക്കൂട്ടത്തില്‍ രാജീവ്കുമാര്‍ മുന്‍പന്തിയിലാണ്. ഇത്തവണ രാജീവ്കുമാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ ചോദിച്ച കൂട്ടത്തിലൊന്ന് നാട്ടിലെ ഏതെല്ലാം പ്രസിദ്ധീകരണങ്ങളാണ് മുംബൈയില്‍ കിട്ടാറുളളത് എന്നാണ്.
മുടക്കം കൂടാതെ വാങ്ങാന്‍ കിട്ടുന്ന ഏതാനും പ്രസിദ്ധീകരണങ്ങളുടെ പേര് ഞാന്‍ പറഞ്ഞു. വാങ്ങി വായിക്കാന്‍ ആഗ്രഹമുളള മലയാളം, മാധ്യമം, പച്ചക്കുതിര എന്നിവ കിട്ടാനില്ല എന്ന് പറഞ്ഞപ്പോള്‍ രാജീവ്കുമാര്‍ അതിന്‍റെ കാരണം തിരക്കി. എന്‍റെ ഉത്തരം വളരെ ലളിതമായിരുന്നു. കച്ചവടക്കാര്‍ തങ്ങളുടെ കടകളില്‍ അവ വില്പനയ്ക്കു വയ്ക്കുന്നില്ല എന്ന എന്‍റെ മറുപടികേട്ട് രാജീവ്കുമാര്‍ തുടര്‍ന്ന് ചോദിച്ചു: എന്തുകൊണ്ട് തപാലില്‍ വരുത്തിക്കൂടാ?
യുക്തിഭദ്രമായ ആ ചോദ്യത്തിന് ഞാന്‍ മറുപടി നല്‍കിയത് അതു നടപ്പുളള കാര്യമല്ല എന്നാണ്. കാരണം തപാല്‍ വകുപ്പ് കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചിരുന്ന കാലം കഴിഞ്ഞുപോയി. ഉരുപ്പടി അതിന്‍റെ മേല്‍വിലാസക്കാരന് കിട്ടുന്നത് വളരെ താമസിച്ചാണ്. കേരളത്തില്‍നിന്ന് 10-ാം തീയതി സീലടിച്ച് അയക്കുന്ന പ്രസിദ്ധീകരണം അടുത്തമാസം 10-ം തീയതിപോലും കിട്ടില്ല എന്നതാണ് അവസ്ഥ. ഇടയ്ക്ക് വാരികകളും മാസികകളുമൊക്കെ കിട്ടാതെയുമിരിക്കാം. പ്രസിദ്ധീകരണ സ്ഥാപനങ്ങളെ കുറ്റംപറയാന്‍ വയ്യ. അവര്‍ വരിക്കാര്‍ക്ക് സാധനം മുറപോലെ തപാല്‍ ചെയ്യുന്നുണ്ട്. കുഴപ്പം തപാല്‍ വകുപ്പിന്‍റേതാണ്. നഷ്ടം സഹിക്കേണ്ടി വരുന്നത് വരിസംഖ്യ അടച്ചവര്‍ക്കും.
സൂര്യാ ടിവിയിലും പിന്നീട് കൈരളിയിലും രാജീവ്കുമാര്‍ കണ്ണട എന്ന പേരില്‍ പ്രതിവാര സാഹിത്യ പംക്തി അവതരിപ്പിച്ചിരുന്നു. അതില്‍ മറുനാടന്‍ മലയാളികള്‍ കേട്ടിട്ടുപോലും ഉണ്ടാകാന്‍ ഇടയില്ലാത്ത നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ രചനകള്‍ അദ്ദേഹം പരാമര്‍ശത്തിന് വിധേയമാക്കാറുണ്ടായിരുന്നു. പലപ്പോഴും മറുനാടുകളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നവയിലെ സൃഷ്ടികള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുളളതായിരിക്കും രാജീവ്കുമാറിന്‍റെ അവലോകനം. ജ്വാല, വിശാലകേരളം, പ്രവാസിശബ്ദം (പൂനെ) ഈ മാസികകളിലെ രചനകളെ തന്‍റെ പംക്തിയിലദ്ദേഹം പലകുറി പരാമര്‍ശിച്ചിട്ടുണ്ട്.
കിട്ടാത്ത മാസികള്‍ വായിച്ചുകൊളളട്ടെ എന്നു കരുതി രാജീവ്കുമാര്‍ അദ്ദേഹത്തിനുകിട്ടിയ പല പത്രമാസികളും എനിക്ക് തന്നിട്ടുണ്ട്. ഒരിക്കല്‍ വിവിധ മാസികകളുടെ ഒരു വലിയ കെട്ടുതന്നെ തന്നുവിട്ടു. അത് തൂക്കിവിറ്റാല്‍ അദ്ദേഹത്തിന് കാശുകിട്ടും. അതിലും വലിയ കാര്യം അദ്ദേഹത്തിന് അവ വായിക്കാന്‍ താല്പര്യമുളള ആരുടെയെങ്കിലും കയ്യില്‍ എത്തുക എന്നതായിരുന്നു. സ്വയം വായിക്കുകയും മറ്റുളളവര്‍ വായിക്കുന്നതില്‍ ആനന്ദിക്കുകയും ചെയ്യുന്നവര്‍ കുറവായ ഇക്കാലത്ത് രാജീവ്കുമാറിന്‍റെപോലെ മനസ്സുളളവരെ നമ്മള്‍ നമിക്കണം.
വായനയില്‍ താല്പര്യമില്ലാത്തവര്‍ക്ക് അപരന്മാര്‍ പത്രമാസികാദികള്‍ വാങ്ങുന്നതും അവ സൂക്ഷിച്ചുവയ്ക്കുന്നതും തമാശയാണ്. ഇതൊക്കെ വായിച്ചുകൂട്ടി എന്തിനു കണ്ണുകേടുവരുത്തുന്നു എന്ന് ചോദിക്കുന്നവരുണ്ട്. വേറെ ചിലര്‍ ചിന്തിക്കുന്നത് ഇതിനുവേണ്ടി ചിലവാക്കുന്ന പണം ബാങ്കിലിട്ടാല്‍ പലിശക്കൊപ്പം അത് വളരുമല്ലോ എന്നാണ്. കുടിയന്മാരുടെ തലയിലുളള ആശയം വേറൊന്നായിരിക്കും. എത്രകുപ്പിക്കുളള കാശാണ് ഇങ്ങനെപാഴാക്കിക്കളയുന്നത് എന്നാകും മദ്യപന്‍റെ ഏറ്റം ലളിതമായ ചിന്ത.
വായിച്ചുകഴിഞ്ഞും ഒരാള്‍ ആനുകാലികങ്ങള്‍ സൂക്ഷിച്ചുവെയ്ക്കുന്ന അതേ താല്പര്യത്തോടെ നാട്ടിലുളള ഒരു സുഹൃത്ത് അയാളുടെ വീട്ടുവളപ്പില്‍ കുടിച്ചൊഴിഞ്ഞ കുപ്പികള്‍ കൂട്ടിവച്ചത് ഞാന്‍ കണ്ടിട്ടുണ്ട്. അതിശയോക്തി കലര്‍ത്തി പറയുകയാണങ്കില്‍, കുപ്പികളുടെ ഒരു ഹിമാലയം!
മദ്യംപോലെതന്നെ വായനയും ഒരുതരത്തിലുളള ലഹരി നല്‍കുന്നുണ്ട്. പക്ഷേ, ഒരു വ്യത്യാസം. മദ്യപന്‍ കുടിച്ചു വഴിയില്‍ വീഴുന്നു; വായനക്കാരന്‍ വായിച്ച് അറിവിന്‍റെ വഴിയില്‍ മുന്നേറുന്നു.
നമ്മുടെ പൊതു സ്വഭാവങ്ങളിലൊന്നാണ് കമിഴ്ന്നുവീണാല്‍ കാല്‍പ്പണംകൂലി എന്ന നിര്‍ബ്ബന്ധം. കച്ചവടക്കണ്ണോടെ മാത്രമേ ഏതുകാര്യത്തിലും ഇടപെടൂ എന്ന ശാഠ്യം മറ്റ് സമൂഹങ്ങളെ അപേക്ഷിച്ച് കൂടുതലാണ് നമുക്ക്. കച്ചവടമാകുമ്പോള്‍ കൂടിയ ലാഭം തന്നെ കിട്ടണമല്ലോ. അതിനുപറ്റിയ ചരക്കുകളേ നമ്മള്‍ വില്പനയ്ക്കെടുക്കൂ. വാരിക-മാസികാദികള്‍ വിറ്റാല്‍ കിട്ടുന്ന ലാഭമാകട്ടെ തുഛവും. അരരൂപയോ ഒരുരൂപയോ ആയിരിക്കുമത്. എത്രയെണ്ണം വിറ്റാലാണ് നൂറുരൂപ ആദായം കിട്ടുക!
ചില ആഴ്ചപ്പതിപ്പുകളും മാസികകളും വിറ്റുപോയില്ലങ്കില്‍ അവ തിരിച്ചെടുക്കുക എന്ന പതിവില്ല. കിട്ടിയ ലാഭം കച്ചവടക്കാരന് ആവഴിക്ക് നഷ്ടമാവുന്നു. ഇമ്മാതിരി നഷ്ടം സഹിച്ചും മലയാളം വാരികകളും മാസികകളും വാങ്ങിക്കൊണ്ടുവന്ന് തന്‍റെ സ്ഥാപനത്തില്‍ മറ്റു സാധനങ്ങള്‍ക്കൊപ്പം വില്പന നടത്തുന്ന ഒരാളുണ്ട് - ഉല്ലാസ്നഗറിലെ മാന്നാര്‍ ആയുര്‍വ്വേദിക്സിന്‍റെ ഉടമ ബാബു മാന്നാര്‍. അദ്ദേഹം ഈ പണി ചെയ്തില്ലെങ്കില്‍ എനിക്ക് വായിക്കാന്‍ മാതൃഭൂമി, കലാകൌമുദി, കുങ്കുമം, ഫയര്‍, മനോരമ, മംഗളം എന്നീ പ്രസിദ്ധീകരണങ്ങള്‍ കിട്ടില്ല. പത്തു വിതച്ച് നൂറ് കൊയ്യുന്നവര്‍ക്കിടയില്‍ നല്ല വായനക്കാരനും കലാസ്നേഹിയുമായ ബാബു മാന്നാര്‍ വ്യത്യസ്തനായി നിലകൊളളുന്നു.
എട്ടുപത്ത് കൊല്ലത്തിനിടയില്‍ നഗരപ്രാന്തത്തില്‍ മലയാളികളുടെ ഉടമസ്ഥതയിലുളള കടകളുടെ എണ്ണം പതിന്മടങ്ങായിട്ടുണ്ട്. അവിടങ്ങളില്‍ എണ്ണപ്പലഹാരങ്ങളും ഉണക്കമീനും അടക്കം വിവിധ സാധനങ്ങള്‍ തകൃതിയായി വിറ്റഴിയുമ്പോള്‍ പ്രസിദ്ധീകരണങ്ങളുടെ വില്പന ലാഭകരമല്ല എന്ന കാരണത്താല്‍ മിക്കവരും അവ ഒഴിവാക്കിയിരിക്കുന്നു. കടയുടമകള്‍ എല്ലാവരും ബാബു മാന്നാറിന്‍റെ മനസ്സുളളവരല്ല എന്നര്‍ത്ഥം.
ദൃശ്യമാധ്യമങ്ങള്‍ വീടുകളിലേക്ക് തളളിക്കയറി സ്വീകരണമുറി കീഴടക്കുന്നതിന് മുന്‍പ് നഗരത്തിലെ ശരാശരി മലയാളി ഒന്നുരണ്ട് പ്രസിദ്ധീകരണങ്ങളെങ്കിലും വാങ്ങി ടീപ്പോയിമേല്‍ ഇടുന്ന പതിവുണ്ടായിരുന്നു. ഇന്ന് തങ്ങളുടെ സ്വീകരണമുറിയില്‍ പത്രമാസികാദികള്‍ വയ്ക്കുന്നതിന് മലയാളിയുടെ അഭിമാനബോധം സമ്മതിക്കാതായിട്ടുണ്ട്.
അക്ഷരമറിയാവുന്ന എല്ലാവരും ഈ നഗരത്തില്‍ ബുദ്ധിജീവികളാണ്. അന്യരുടേതൊന്നും വായിക്കാത്തവരുടേയും ബുദ്ധിജീവി ചമയുന്നവരുടെയും കേന്ദ്രമായിട്ടുണ്ട് ഇന്ന് ഈ മഹാനഗരം. സാങ്കേതിക സൌകര്യങ്ങള്‍ എല്ലാം തികഞ്ഞപ്പോള്‍ പുസ്തകങ്ങളുടെ സ്ഥാനം പടിക്കു പുറത്തായി. ഗ്രന്ഥങ്ങള്‍ എന്ന ചങ്ങാതികള്‍ എന്ന പേരില്‍ പണ്ട് പ്രബന്ധമെഴുതിയ സുകുമാര്‍ അഴീക്കോട് ഈ ചങ്ങാതിക്കൂട്ടത്തെ പുറത്താക്കിയതില്‍ വ്യസനിക്കുന്നുണ്ടാകണം.
സമാജങ്ങള്‍ നടത്തിവരുന്ന ഗ്രന്ഥശാലകള്‍ മിക്കതും പൊടിയടിഞ്ഞുകിടക്കുന്നു എന്ന പരാതി പൊതുവെ കേള്‍ക്കുന്നുണ്ട്. വായനാതല്പരര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. വാങ്ങല്‍ ശേഷി വര്‍ദ്ധിച്ചപ്പോള്‍ അവര്‍ സ്വന്തമായി പുസ്തകങ്ങള്‍ പ്രസാധകരില്‍നിന്ന് നേരിട്ടു വാങ്ങിത്തുടങ്ങി. അപൂര്‍വ്വമായി മാത്രമേ ഈവന്നകാലത്ത് ഗ്രന്ഥശാലകളെ ഇത്തരക്കാര്‍ക്ക് ആശ്രയിക്കേണ്ടിവരുന്നുളളു.
വായനശാലയില്‍ പോയി കുത്തിയിരുന്ന് ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ സമയം കിട്ടാത്ത യഥാര്‍ത്ഥ വായനാതല്പരരുണ്ട്. അവര്‍ക്കുവേണ്ടി സമാജങ്ങള്‍ക്ക് ഒരു സല്‍ക്കര്‍മ്മമെങ്കിലും ചെയ്യാന്‍ കഴിയും. വായനാതല്പരരുടെ ആവശ്യം കണക്കിലെടുത്ത് ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ നേരിട്ട് വിതരണത്തിനെടുക്കണം. എന്നിട്ട് ആവശ്യക്കാരുടെ വീട്ടില്‍ അത് എത്തിച്ചുകൊടുക്കണം. സാമൂഹിക സേവനത്തില്‍ സമാജങ്ങളുടെ കമ്മിറ്റി അംഗങ്ങള്‍ക്ക് ഇങ്ങനെയൊരു ദിശാബോധം ഉണ്ടാകുന്നത് നന്ന്.
സുരേഷ് വര്‍മ്മയുടെ ഒരു കഥയെപ്പറ്റി കഴിഞ്ഞലക്കം ഈ പംക്തിയില്‍ ഞാന്‍ എഴുതിയിരുന്നുവല്ലോ. എന്നാല്‍ കഥയുടെ ശീര്‍ഷകം മാറിപ്പോയി. ഗാന്ധി ചിക്കന്‍സ് എന്നതിനു പകരം മൂര്‍ദ്ദാറാം എന്നാണ് അബദ്ധത്തില്‍ ഞാന്‍ എഴുതിയത്. കുറെ കഥകള്‍ ഒര്‍ത്ത് വച്ചതുകൊണ്ട് സംഭവിച്ചുപോയ ഈ അബദ്ധം ആരും ചൂണ്ടിക്കാട്ടിയില്ല. കയര്‍ എഴുതിയത് എസ്.കെ. പൊറ്റക്കാട്ടാണന്ന് എഴുതിയാലും ആരും പോരിന് വരില്ലെന്നാണ് തോന്നുന്നത്. അത്രയ്ക്കുണ്ട് നഗരത്തിലെ മലയാളിയുടെ വായനാശീലത്തിന്‍റെ വ്യാപ്തി!
പിന്‍വാതില്‍:
സ്വന്തം ചെലവില്‍ അച്ചടിച്ച പുസ്തകത്തിന്‍റെ രണ്ട് വലിയ കെട്ട് നഗരത്തിലെ കവിക്ക് അയച്ചുകൊടുത്തു നാട്ടിലെ പ്രസാധകന്‍. ഒരു കെട്ട് വീട്ടില്‍ കൊണ്ടുപോയി വച്ചിട്ട് മറ്റേ കെട്ടെടുക്കാന്‍ കവി സ്റ്റേഷനില്‍ തിരിച്ചുചെന്നപ്പോള്‍ പുസ്തകകെട്ടിനടുത്ത് മറന്നുവച്ച പിടിയില്ലാത്ത പഴയ കുട, മുഖം തുടച്ച കൈലേസ്, റീഫില്‍ തീര്‍ന്ന രണ്ടുരൂപയുടെ പേന ഇതുമൂന്നും കാണ്മാനില്ല. അനാഥ ശവം പോലെ ഒന്നുമാത്രം വച്ചിടത്തുണ്ട് - പുസ്തകക്കെട്ട്.
________________
മേഘനാദന്‍
0 comments:
Post a Comment