നഗരം ഇവരെ തിരികെ വിളിക്കുന്നു

കവിയും സാംസ്കാരിക പ്രവര്‍ത്തകനും ആയ ഒരു സുഹൃത്ത് അദ്ദേഹത്തിന്‍റെ മൂന്നര പതിറ്റാണ്ടു കാലത്തെ മുംബൈ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചു. നഗരത്തിലെ ഭൂരിപക്ഷം കലാകരന്മാര്‍ക്ക് അഭിമതനായ അദ്ദേഹം കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ തിരക്കില്‍ വിവാഹംപോലും ചെയ്യാന്‍ മറന്ന ആളാണ്. സാത്ത്വിക ശുദ്ധിയും പരോപകാര തല്പരത്വവും ഈ മനുഷ്യന്‍റെ മുഖമുദ്രകളാണ്. കളള്, കഞ്ചാവ് ഇത്യാദി നമ്മുടെ ചില നഗരകവിപ്പയ്യന്മാര്‍ക്ക് പഥ്യമായതൊന്നും പുളളിക്കാരന്‍ കണ്ടിട്ടുകൂടിയില്ല.
ഇനി, പെണ്‍സംബന്ധമായ കാര്യം പറയുകയാണെങ്കിലോ? എല്ലാവരും അമ്മപെങ്ങന്മാര്‍.
നഗരത്തിലെ മുറിക്കവികള്‍ക്ക് നമ്മുടെ കവി പ്രാകൃതന്‍, പഴഞ്ചന്‍ അങ്ങനെ എന്തൊക്കെ പറയാമോ അതെല്ലാമായിരുന്നു. അങ്ങ് തിരുവനന്തപുരത്തുളള ഒരു കവിയാണ് പിളേളരുടെ റോള്‍ മോഡല്‍. പുളളിക്കാരന്‍ പുതിയ ഭാഷയില്‍ പറഞ്ഞാല്‍ താമരയത്രെ. എന്നുവച്ചാല്‍ എപ്പോഴും വെളളത്തില്‍. വെളളമടിക്കാത്തവന്‍ പിന്നെങ്ങിനെകവിയാകും?
കവിസുഹൃത്ത് മേല്‍പറഞ്ഞ വിശേഷണങ്ങളെയൊന്നും ഗൌനിച്ചിരുന്നില്ല എന്നുളളത് വേറെ കാര്യം. പൊക്കമില്ലാത്തതാണ് തന്‍റെ പൊക്കമെന്ന് കുഞ്ഞുണ്ണിമാഷ് അവകാശപ്പെട്ടതുപോലെ, ‘വെളള’ക്കവികള്‍ക്കിടയില്‍ വെളളമടിക്കാത്തതാണ് തന്‍റെ ഊറ്റമെന്ന് അവകാശപ്പെടാന്‍ നമ്മുടെ കവിക്കുമുണ്ട് തികഞ്ഞ യോഗ്യത.
ഒരിക്കല്‍ റോഡില്‍ വീണുകിടന്ന നാലായിരത്തില്‍ ചില്വാനം രൂപയടങ്ങിയ പേഴ്സ് കിട്ടി കവിക്ക്. മുന്‍പില്‍ കണ്ട ഒരു ഹോട്ടലുകാരനെഅത് ഏല്‍പ്പിച്ചിട്ട് അവകാശിക്ക് കൊടുക്കാന്‍ ഏര്‍പ്പാട് ചെയ്ത് സത്യസന്ധതയുടെ മാതൃകയായി കവി നടന്നുപോയി. ആര്‍ത്തിപ്പണ്ടാരമായ ഹോട്ടലുടമ ആ കാശ് വിഴുങ്ങിയത് സ്വാഭാവികം മാത്രം. എങ്കിലും ഒരു പാവം മാനവന്‍റെ ഹൃദയ വിശുദ്ധിയെ കളങ്കപ്പെടുത്തിയ ആ ഹോട്ടലുടമ കഠോര ഹൃദയനാണെന്നു പറയാതിരിക്കുന്നതെങ്ങനെ?
മുംബൈ വിടുന്നതിന് ഏതാനും നാള്‍ മുന്‍പ് മേശ, കസേര, പാത്രങ്ങള്‍, ഫാന്‍ ഇത്യാദി വകകള്‍ ഉണ്ടായിരുന്നത് പലര്‍ക്കായി കവി വീതംവച്ചു. എനിക്കും തന്നു സമ്മാനം - ഖലീല്‍ ജിബ്രാന്‍റെ ഒന്നുരണ്ടു പുസ്തകങ്ങള്‍.
ദീര്‍ഘകാലം ജോലി ചെയ്ത വകയില്‍ കമ്പനിയില്‍ നിന്ന് കിട്ടാനുളള ആനുകൂല്യങ്ങള്‍ കൈപ്പറ്റി കവി സുഹൃത്ത് നഗരം വിട്ടു. അതിനു മുന്‍പ് സുഹൃത്തുക്കളും സംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് ഗംഭീരമായ യാത്രയയപ്പ് നല്‍കി.
ഇടയ്ക്ക് നാട്ടില്‍ പോകുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ പോയി കാണും. ജീവിതം എങ്ങനെയുണ്ടെന്ന് ഞാന്‍ ചോദിക്കും. ഉത്സാഹ പ്രഹര്‍ഷത്തോടുകൂടിയ മറുപടികിട്ടും എനിക്ക്.
നാടിന്‍റെ അന്തരീക്ഷശുദ്ധിയെക്കുറിച്ചും സമ്മര്‍ദ്ദങ്ങളില്ലാതെ അവിടെ ജീവിക്കുന്നതിനെക്കുറിച്ചും ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞ കവി വാചാലമായി എന്നോട് സംസാരിക്കും. നഗരജീവിതം ഉപേക്ഷിച്ച് തന്നെപോലെ നാട്ടില്‍വന്ന് സ്ഥിരതാമസമാക്കാന്‍ സ്വാനുഭവത്തിന്‍റെ വെളിച്ചത്തില്‍ അദ്ദേഹം എന്നെ ഉപദേശിക്കാറുണ്ട്.
ഇളം പ്രായത്തില്‍ നഗരത്തിലേയ്ക്ക് പറിച്ചുനട്ട എന്‍റെ ജീവിതത്തിന്‍റെ വേരുകള്‍ അവിടെ ആഴ്ന്നുപോയെന്നും അതിനെപിഴുതെടുത്ത് തിരികെ നാട്ടില്‍ കൊണ്ടുവന്ന് നട്ടാല്‍ കരിഞ്ഞുപോവുകയേ ഉളളു എന്നും ഒരിക്കല്‍ ഞാന്‍ കവിസുഹൃത്തിനോട് പറഞ്ഞു. നാടിന്‍റെ മാറിയ ജീവിതശൈലിയോട് പൊരുത്തപ്പെട്ടു പോകാന്‍ ആവില്ലന്നുതന്നെയാണ് എന്‍റെ വിശ്വാസം. അക്കാര്യം പറഞ്ഞപ്പോള്‍ അത് എന്‍റെ മിഥ്യാധാരണ മാത്രമാണന്ന് അദ്ദേഹം വീറോടെ വാദിച്ചു.
മുംബൈജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കിയ ചിലരുടെ അനുഭവങ്ങള്‍ ഞാന്‍ സുഹൃത്തിന്‍റെ മുന്നില്‍ നിരത്തി. ചിറയില്‍ ശ്രീധരന്‍, ഉഴവ ശ്രീധരന്‍ നായര്‍, ടി. കെ. നായര്‍ ചൂണ്ടല്‍, എടയാളി ഗോപാലകൃഷ്ണന്‍, സുബ്രഹ്മണ്യന്‍ വൈലോപ്പിളളി ഇവര്‍ തങ്ങളുടെ സാഹിത്യജീവിതത്തില്‍ അഭ്യുന്നതിയും വിശ്രമജീവിതത്തില്‍ ശാന്തിയും കാംക്ഷിച്ചുകൊണ്ടാണ് നഗരം വിട്ടത്. എന്നാല്‍ ഇവരുടെ കാവ്യ-സാഹിത്യ പരിശ്രമങ്ങള്‍ തുടര്‍ന്ന് അധികമൊന്നും വെളിച്ചത്തില്‍ വന്നുകണ്ടില്ല.
ജന്മനാട്ടില്‍ സ്വന്തം ഭവനമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ചിറയില്‍ ശ്രീധരന്‍ ആവതുശ്രമിച്ചത് വയ്യാവേലിയായി. അത് കലാശിച്ചത് ആത്മഹത്യയിലാണ്.
എടയാളി ഗോപാലകൃഷ്ണന്‍ ആദ്യം ആലുവയിലും അവിടെന്നുമാറി കുറച്ചുകാലം കോട്ടയത്തും താമസിച്ചു. അവിടെയും അദ്ദേഹം തൃപ്തനായിരുന്നില്ല. തിരികെ മുംബൈയിലേക്കുവരാന്‍ ആലോചിക്കുന്നതിനിടയിലാണ് മരണം മഞ്ചലുമായി വന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്.
ശേഷമുളളവര്‍ക്ക് എന്തുസംഭവിച്ചുവെന്ന് അറിഞ്ഞുകൂടാ.
മുംബൈ നഗരത്തിന്‍റെ കവിയാണ് വന്ദ്യവയോധികനായ കൃഷ്ണന്‍ പറപ്പളളി. വിശ്രമജീവിതം നയിക്കാന്‍ അദ്ദേഹം നാടല്ല, നഗരമാണ് തിരഞ്ഞെടുത്തത്. ആയതിനാല്‍ അദ്ദേഹത്തിന് ഇവിടെയിരുന്ന് കാവ്യസപര്യ തുടരാന്‍ സാധിക്കുന്നു. മറിച്ച് നാട്ടില്‍ പോയിരുന്നുവെങ്കില്‍ അദ്ദേഹത്തിന്‍റെ കാവ്യഭാവനതുരുമ്പെടുത്തേനേ.
എന്‍റെ സുഹൃത്തുക്കളായ പി.എ. ദിവാകരനും അഷ്ടമൂര്‍ത്തിയും പ്രഭാശങ്കറും അവരുടെ മികച്ച കഥകളെഴുതിയത് മുംബൈയിലായിരുന്നപ്പോഴാണ്.
തിരുവില്വാമലയില്‍ സ്ഥിരവാസമാക്കിയതിനു ശേഷം ഉണ്ണിമേനോന്‍ മാഷടെ തിരിച്ചുവരവ്, റസ്റ്റോറന്‍റ് എന്നീ കഥകളുടെ നിലവാരമുളള കഥയെഴുതാന്‍ പി.എ. ദിവാകരന് സാധിച്ചിട്ടില്ല. അഷ്ടമൂര്‍ത്തിയുടെ കാര്യവും തഥൈവ. തൃശൂരില്‍ വൈദ്യശാല നോക്കി നടത്തുന്നതിനിടയില്‍ അഷ്ടമൂര്‍ത്തിയുടെ സര്‍ഗപ്രതിഭയും ഉള്‍വലിഞ്ഞുവോ എന്നാണ് സംശയം. പ്രഭാശങ്കറാകട്ടെ കോയമ്പത്തൂര്‍, രാമനാഥപുരം എന്നിവിടങ്ങളില്‍ ചുറ്റിക്കറങ്ങുന്നുണ്ടെന്ന് ആരോ പറഞ്ഞു. നല്ല ഉയരമുളള പ്രഭാശങ്കറില്‍നിന്ന് ഉയരമുളളവര്‍ ഞങ്ങള്‍ പോലൊരു കഥ മേല്‍പ്പറഞ്ഞ ഇടങ്ങളില്‍ ചുറ്റിക്കറങ്ങിയിട്ടും നമുക്ക് കിട്ടിയില്ല.
മഹാനഗരങ്ങള്‍ അന്നും ഇന്നും കഥയുടെയും കവിതയുടെയും വിളഭൂമിയാണ്. കുറെക്കാലം ഡല്‍ഹിയിലും മുംബൈയിലും കഴിച്ചുകൂട്ടിയവര്‍ക്ക് സര്‍ഗപരമായ വിളവെടുപ്പിന് പറ്റിയത് നഗരങ്ങളത്രെ.
ബാലകൃഷ്ണന്‍, എം.ജി.രാധാകൃഷ്ണന്‍, ഗിരിജാവല്ലഭന്‍ മുതല്‍ പേര്‍ക്ക് തങ്ങളുടെ സര്‍ഗസാന്നിധ്യം പ്രകടമാക്കാന്‍ കഴിയുന്നത് അവര്‍ മുംബൈയിലായതാണ് കാരണമെന്ന് ഞാന്‍ നമ്മുടെ കവിയോട് പറഞ്ഞു.
സുരേഷ് വര്‍മ്മ (അദ്ദേഹം പോയവര്‍ഷത്തെ മംഗളം ഒണപ്പതിപ്പില്‍ എഴുതിയ മൂര്‍ദ്ദാറാം എന്ന കഥ ഒര്‍ക്കുക)യും പവിത്രന്‍ കണ്ണപുരവും വല്ലപ്പോഴുമാണങ്കില്‍ പോലും എഴുതുന്നത് മറ്റൊരു കാരണംകൊണ്ടല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
പത്രാധിപന്മാരെ പരിചയമുളളതുകൊണ്ട് മാത്രമാണ് കേരളത്തിലെ പല കവികളുടെയും കഥാകൃത്തുകളുടെയും രചനകള്‍ ഇപ്പോള്‍ അവിടത്തെ മാധ്യമങ്ങളില്‍ അച്ചടിമഷി പുരണ്ടുവരുന്നത്. കവിത എന്ന പേരില്‍ ചിലര്‍ എഴുതുന്ന ആഭാസങ്ങള്‍ വായിച്ചാല്‍ ഭാഷാസ്നേഹമുളള വായനാക്കാര്‍ കെട്ടിത്തൂങ്ങാന്‍ കയര്‍ അന്വേഷിക്കും.
ബാലചന്ദ്രന്‍ ചുളളിക്കാട് പോലും ഇന്ന് കാവ്യഗുണംകൊണ്ടല്ല പ്രശസ്തിയുടെ പിന്‍ബലം കൊണ്ടാണ് കവിതയുടെ രംഗത്ത് പിടിച്ചുനില്‍ക്കുന്നത്. മാതൃഭൂമി വാരികയില്‍ ഈയിടെ അദ്ദേഹം എഴുതിയ മണിനാദം എന്ന കവിത വായിച്ചാല്‍ ഇക്കാര്യം ബോധ്യമാകും.
ഒന്നുരണ്ട് കൊല്ലം മുന്‍പ് യാത്രയയപ്പ് നല്‍കി ഈ നഗരം നാട്ടിലയച്ച നമ്മുടെ കവിയുടെ അവസ്ഥ കരയ്ക്കുപിടിച്ചിട്ട മത്സ്യത്തെപ്പോലെയാണന്ന കാര്യം അപൂര്‍വ്വം ചിലര്‍ക്കേ അറിഞ്ഞുകൂടൂ. ഇവിടത്തെപ്പോലെ പ്രവര്‍ത്തിക്കാന്‍ അവിടെ മേഖലകളില്ല പാവം കവിക്ക്. കവിത എഴുതാനാണങ്കില്‍ വേണ്ടത്ര ഉണര്‍വുമില്ല. നാടന്‍ ജീവിതത്തിന്‍റെ അലംഭാവവും സന്തോഷവുമെല്ലാം വെറും പ്രകടനങ്ങള്‍ മാത്രം. നഗരത്തിലെ ദീര്‍ഘകാല വാസംകൊണ്ട് നേടിയെടുത്ത സുഹൃത്തുക്കള്‍ മാത്രമല്ല അദ്ദേഹത്തിന് നഷ്ടമായത്, നാടകം പോലെ പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്ന മേഖലകൂടിയാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. നഗരത്തില്‍നിന്ന് നാട്ടില്‍ സ്ഥിരവാസത്തിനുപോയ എഴുത്തുകാരും കലാകാരന്മാരും ഇവിടേയ്ക്ക് ഒരു മടങ്ങിവരവ് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, ഒരു പ്രതിബന്ധം. അവരില്‍ പലരേയും ശാന്തിയും സമാധാനവും നേര്‍ന്ന് ഈ നഗരം യാത്രയയച്ചതാണ്. വീണ്ടും ഇങ്ങോട്ടുവരാന്‍ ആത്മാഭിമാനം അവര്‍ക്ക് തടസ്സമാകുന്നു.
ഈയിടെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ നമ്മുടെ കവി സുഹൃത്തും ഈ പ്രശ്നമാണ് മുന്നോട്ടുവെച്ചത്. അദ്ദേഹത്തിന് നഗരത്തിലേയ്ക്ക് തിരിച്ചുവന്നാല്‍ കൊളളാമെന്നുണ്ട്. പക്ഷേ നഗരവാസികളെ എങ്ങനെഅഭിമുഖീകരിക്കുമെന്നത് കവിയെ വല്ലാതെ അലട്ടുന്നു.
കലാകാരന്മാരോടും കവികളോടുമുളള സ്നേഹത്തിന്‍റെ പ്രത്യക്ഷപ്രകടനമായ യാത്രയയപ്പ് എന്ന കര്‍മ്മം അവര്‍ക്ക് പാരയാവാത്ത മട്ടില്‍ വേണം സംഘടിപ്പിക്കാന്‍. നഗരവാതില്‍ എല്ലാവര്‍ക്കുമായി തുറന്നു കിടക്കുകയാണ്. അതിലൂടെ എപ്പോള്‍ വേണമെങ്കിലും തിരിച്ച് പ്രവേശിക്കാമെന്ന ഉദ്ബോധനം നമ്മുടെ കവിസുഹൃത്തിനെപോലുളളവര്‍ക്ക് ആശ്വാസദായകമായിരിക്കും. അതിലും നന്ന് യാത്രയയപ്പ് എന്ന കൃത്യം തന്നെ വേണ്ടന്നുവെയ്ക്കുന്നത് !
പിന്‍വാതില്‍:
ഒഫീസില്‍ ഒരാള്‍ക്ക് യാത്രയയപ്പ് നല്‍കുകയാണ്. സഹപ്രവര്‍ത്തകരെല്ലാം ഒത്തുകൂടിയിട്ടുണ്ട്. പിരിഞ്ഞുപോകുന്ന ആളുടെ ഇല്ലാഗുണങ്ങളെ പ്രശംസിച്ചുകൊണ്ട് ഒരോരുത്തരായി സംസാരിച്ചു. പിരിവെടുത്തു വാങ്ങിയ സമ്മാനപ്പൊതി നല്‍കി സുഖകരമായ വിശ്രമജീവിതം ആശംസിച്ച് സഹപ്രവര്‍ത്തകര്‍ അയാളെ യാത്രയാക്കി.
പിറ്റേന്ന് ഒഫീസിലെത്തിയ ജീവനക്കാര്‍ കണ്ടത് തലേന്ന് അവര്‍ യാത്രയാക്കിയ സഹപ്രവര്‍ത്തകന്‍ പതിവുപോലെ കസേരയില്‍ ഇരിക്കുന്നതാണ്.
______________________
മേഘനാദന്‍

0 comments:

Post a Comment