പന്തളം രാജാവിനോടൊപ്പം....

പി. രാമവര്മ്മ രാജ തമ്പുരാന്റെ ബാല്യം മുതലുളള നാളുകള് നന്നേ തിളക്കമുളളതായിരുന്നു.

ഗണിതവും സ്പോര്ട്സുമാണ് അദ്ദേഹത്തിന്റെ ജീവിതത്തിന് എക്കാലത്തും അടുക്കും ചിട്ടയും കൃത്യതയും നല്കിപ്പോന്നിട്ടുളളത്.

മാവേലിക്കരയിലെ സ്പെഷല് സ്ക്കൂളില് ഹോസ്റ്റലില് താമസിച്ചു പഠിക്കുന്ന കാലം മുതല് സംസ്കൃതത്തിലും ഗണിതത്തിലും എന്നപോലെ കായിക വിനോദങ്ങളിലും വലിയ കമ്പമായിരന്നു. ഏതാണ്ട് 75 വര്ഷങ്ങള്ക്ക് മുമ്പ്

ക്രിക്കറ്റ് ഏറെയൊന്നും ജനകീയമല്ലാത്ത കാലത്ത് തന്നെ അദ്ദേഹം മികച്ച ക്രിക്കറ്ററായിരുന്നു.

ഇന്റര് യൂണിവേഴ്സിറ്റി തലത്തില് നടന്ന മികവുറ്റ ഒരു മത്സരത്തില് അവസാനക്യാച്ചിലൂടെ ടീമിന്റെ വിജയം ഉറപ്പാക്കിയത് തമ്പുരാന് ഇന്നും അഭിമാനപൂര്വ്വം ഒര്ക്കുന്നു.

വൃശ്ചികപ്പുലരിയുടെ നേര്ത്ത തണുപ്പിലേക്ക് പകലോന് കനകകാന്തി പകരുന്നതേയുളളു. ഞങ്ങള് യാത്ര തുടങ്ങുകയാണ്. സ്വാമി അയ്യപ്പന്റെ പിതൃശ്രേണിയനായ സാക്ഷാല് പന്തളം രാജാവിന്റെ സവിധത്തിലേക്ക്. പന്തളം മഹാരാജനെകാണാന് ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിലെത്തുക എന്നതായിരുന്നു ഞങ്ങളുടെ നിയോഗം. നവതി പിന്നിട്ട ഒരാഢ്യന് തമ്പുരാനോട് എങ്ങിനെപെരുമാറണം എന്നതായിരുന്നു ഹ്രസ്വമായ യാത്രക്കിടയില് ഞങ്ങളുടെ ചര്ച്ച. മഹാരാജാവ് തിരുവിതാംകൂര് മന്നനെപ്പോലെ മൃദുഭാഷിയാണോ അതോ പഴയ മന്നാഡിയാന്മാരെപ്പോലെ ഉഗ്രപ്രതാപിയാണോ എന്നാരാഞ്ഞപ്പോള് സഹോദരപുത്രനായ വര്മ്മ ടെലിഫോണിലൂടെ പൊട്ടിച്ചിരിച്ചു. വന്നു നേരില് കാണുക എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പി. രാമവര്മ്മ രാജ തമ്പുരാന്റെ ബാല്യം മുതലുളള നാളുകള് നന്നേ തിളക്കമുളളതായിരുന്നു. ഗണിതവും സ്പോര്ട്സുമാണ് അദ്ദേഹത്തിന്റെ ജീവിതത്തിന് എക്കാലത്തും അടുക്കും ചിട്ടയും കൃത്യതയും നല്കിപ്പോന്നിട്ടുളളത്.

മാവേലിക്കരയിലെ സ്പെഷല് സ്ക്കൂളില് ഹോസ്റ്റലില് താമസിച്ചു പഠിക്കുന്ന കാലം മുതല് സംസ്കൃതത്തിലും ഗണിതത്തിലും എന്നപോലെ കായിക വിനോദങ്ങളിലും വലിയ കമ്പമായിരന്നു. ഏതാണ്ട് 75 വര്ഷങ്ങള്ക്ക് മുമ്പ് ക്രിക്കറ്റ് ഏറെയൊന്നും ജനകീയമല്ലാത്ത കാലത്ത് തന്നെ അദ്ദേഹം മികച്ച ക്രിക്കറ്ററായിരുന്നു.

ഇന്റര് യൂണിവേഴ്സിറ്റി തലത്തില് നടന്ന മികവുറ്റ ഒരു മത്സരത്തില് അവസാനക്യാച്ചിലൂടെ ടീമിന്റെ വിജയം ഉറപ്പാക്കിയത് തമ്പുരാന് ഇന്നും അഭിമാനപൂര്വ്വം ഒര്ക്കുന്നു.

ചെന്നെത്തുമ്പോള് തമ്പുരാന് പൂമുഖത്തെ ചാരുകസാലയില് പത്രവായനയില് മുഴുകിക്കിടക്കുന്നു. പത്നി രുഗ്മിണി തമ്പുരാട്ടി ഞങ്ങളുടെ ആഗമനം അറിയിച്ചതോടെ തമ്പുരാന് കൂപ്പുകൈയോടെ മുറ്റത്തേക്കിറങ്ങി. നിറഞ്ഞ ചിരിയോടെ. തീര്ച്ചയായും അത് പഴയ നാടുവാഴിത്തത്തിന്റെ ഫ്യൂഡലിസ്റ്റ് ചിരിയല്ല. സ്നേഹത്തിന്റെ സൌരഭ്യം ചുരത്തുന്ന... നന്മയുടെ തേജസ്സുളള ശബ്ദമില്ലാത്ത ചിരി....

വെളളമുണ്ടുടുത്ത ആടയാഭരണങ്ങളോ രാജചിഹ്നങ്ങളോ ഇല്ലാത്ത തമ്പുരാന് ഞങ്ങളെ ആദരപൂര്വ്വം അകത്തളത്തിലേക്ക് ക്ഷണിച്ചു. ഒരു തീന്മേശയ്ക്ക് ചുറ്റുമായി ഞങ്ങള് ഇരുപ്പുറപ്പിച്ചു. ചില ചിത്രങ്ങളെടുക്കുവാനുളള വൈറ്റ്ലൈന് വാര്ത്താ ഫോട്ടോഗ്രാഫറുടെ മോഹത്തോട് നിങ്ങള്ക്ക് സന്തോഷമുളള കാര്യം... എനിക്ക് ഒരു നഷ്ടവുമില്ലാത്ത കാര്യവും... നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് അദ്ദേഹം തുടര്ന്നു.

എത്ര വേണമെങ്കിലും ആകാം...

ഞങ്ങള് മുഖവുരയില്ലാതെ അഭിമുഖത്തിലേക്ക് കടന്നു.

പന്തളം വലിയകോവിലകത്തെ മൂത്തകാരണവരാണല്ലോ മഹാരാജാവായും മണികണ്ഠന്റെ പിതൃതുല്യനായും വാഴ്ത്തപ്പെടുന്നത് സൌഭാഗ്യത്തെ അങ്ങ് എങ്ങിനെ വിലയിരുത്തുന്നു?

നോക്കൂ... മഹാരാജാവെന്നാല് രാജ്യഭാരമൊന്നുമില്ലല്ലോ എനിക്ക്. വെറുതെ സിംഹാസനത്തിലിരുന്ന് നേരംപോക്കുന്നത് എന്റെ ശീലവുമല്ല. നിങ്ങള് വരുന്നതിന് തൊട്ടുമുമ്പ് പറമ്പില് തെല്ലധ്വാനത്തിലായിരുന്നു ഞാന്. പിന്നെ അയ്യപ്പന്റെ പിതാവായി ലോകം എന്നെ കാണുന്നതില് എനിക്ക് അഭിമാനമുണ്ട്. അത് കൂടുതല് നല്ല മനുഷ്യനായി ജീവിക്കാന് എന്നെ പ്രേരിപ്പിക്കുന്നു.

അങ്ങ് സ്വയം എങ്ങനെവിലയിരുത്തുന്നു?

ഞാനൊരു നല്ല കമ്മ്യൂണിസ്റ്റ്കാരനാണ്.

അപ്പോള് അങ്ങും അവിശ്വാസിയാണോ?

ഭാഗ്യം... നിങ്ങള് ഏതു ഗ്രൂപ്പിലാണ് എന്ന് ചോദിച്ചില്ലല്ലോ! ഞാന് ഒരു കക്ഷിരാഷ്ട്രീയത്തിന്റെയും ഭാഗമല്ല. അയ്യപ്പനെപ്പോലെ സര്വ്വചരാചരങ്ങളെയും സമഭാവനയോടെ വീക്ഷിക്കുന്ന മറ്റൊരു മൂര്ത്തിയുണ്ടോ നമുക്ക്....? സ്ത്രീപുരുഷ ഭേദമന്യേ, ജാതി-മത-പ്രാദേശിക-ഭാഷ വേര്തിരിവുകളില്ലാതെ വിശ്വമാനവികതയുടെ അതുല്യനിദര്ശനമായി വാഴുന്ന സാക്ഷാല് മണികണ്ഠന് തന്നെയാണ് ഞാനറിയുന്ന മികച്ച കമ്മ്യൂണിസ്റ്റുകാരന്. കമ്മ്യൂണിസവും ആത്മീയതയുമായുളള അഭേദ്യബന്ധത്തെക്കുറിച്ച് നമ്മള് ഏറെ ചിന്തിച്ചിട്ടില്ലെന്ന് തോന്നുന്നു.

അങ്ങേയ്ക്ക് പ്രൊട്ടസ്റ്റന്റ് തമ്പുരാന് എന്നൊരു പേരുണ്ടല്ലോ. ഇങ്ങനെ മറിച്ചു ചിന്തിക്കുന്നതുകൊണ്ടാണോ വിളിപ്പേര്.

(ചിരി) അതുമറ്റുളളവര് പറയട്ടെ.

ഒരുപാടു കാലം മുംബൈയിലായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

അതെ... മൂന്നു ദശകങ്ങളിലധികം.... ബോംബെയില് ഇന്ന് നിങ്ങള് മധ്യറെയില്വെ എന്ന് വിളിക്കുന്ന പ്രവിശ്യ പണ്ട് ജി..പി. (ഠവല ഏൃലമ കിറശമി ജലിശuെഹമൃ) റെയില്വെ ആയിരുന്നു. ബോംബെ വി.ടിയില് 1945ല് മെക്കാനിക്കല് വിഭാഗത്തില് സീനിയര് ക്ലാര്ക്കായി പ്രവേശിച്ചു. തുടക്കത്തില് 140 . ആയിരുന്നു ശമ്പളം. മധ്യറയില്വെയില് നിന്നും 1977ല് കംപൈലേഷന് ഒഫീസറായി വിരമിച്ചു.

അക്കാലത്തെ ജീവിതാനുഭവങ്ങളെ ആധാരമാക്കി സര്വ്വീസ് സ്റ്റോറിയോ ഡയറിക്കുറിപ്പുകളോ....

ഇല്ലേ ഇല്ല. അതുവേണമെന്ന് തോന്നിയിട്ടില്ല. എങ്കിലും ചില അനുഭവങ്ങള് മനസ്സില് മായാതെ നില്ക്കുന്നു. റെയില്വേ ഉദ്യോഗത്തിനുളള അപേക്ഷാഫോറത്തില് റിലിജിയന് (മതം) എന്ന കോളത്തില് ഇന്ഡ്യന് എന്നാണ് ഞാനെഴുതിയത്. സായിപ്പന്മാരുടെ മേല്ക്കോയ്മയുളള കാലമാണെന്നോര്ക്കുക. സുബ്രഹ്മണ്യ ഭാരതീയാരുടെയും മറ്റും വാക്കുകള് ഉളളില് തട്ടിനിന്നിരുന്ന ഒരുകാലമായിരുന്നു അത്. എന്തായാലും വലിയ പ്രശ്നമൊന്നും ഉണ്ടായില്ല.

അക്കാലത്ത് മുംബൈ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില് മലയാളി പ്രാതിനിധ്യം...

അത്രയ്ക്കൊന്നും അഭിപ്രായം പറയാന് എനിക്ക് കഴിയില്ല. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ ട്രേഡ് യൂണിയന് മാതൃകയിലുളള പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്ത്തിച്ചിരുന്നു. സരോജിനി നായിഡു നേതൃത്വം നല്കിയിരുന്ന ഫ്രണ്സ് ഒഫ് സോവിയറ്റ് യൂണിയന് എന്ന പ്രസ്ഥാനത്തിനുവേണ്ടി ആയിരുന്നു ഞങ്ങള് ഏറെയും പ്രവര്ത്തിച്ചിരുന്നത്. അന്നത്തെ കമ്മ്യൂണിസ്റ്റുകാര്ക്കും പ്രസ്ഥാനത്തോട് വലിയ ആദരവായിരുന്നു.

കമ്മ്യൂണിസത്തിന്റെ അപചയത്തെക്കുറിച്ച്

കമ്മ്യൂണിസം ഒരു മഹത്തായ സങ്കല്പമാണ്. ലോകാ സമസ്താ സുഖിനോ ഭവന്തുഃ എന്നുതന്നെയാണ് കമ്മ്യൂണിസവും കാംക്ഷിക്കുന്നത്. പക്ഷെ അതൊന്നും നടപ്പുളള കാര്യമല്ലെന്ന് മെല്ലെ ബോധ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഗോര്വച്ചേവ് എല്ലാം തുലച്ചു.

ഇന്ത്യന് കമ്മ്യൂണിസമോ

ബോംബെയില് രണദിവെയും എസ്.. ഡാങ്കെയും തമ്മിലുണ്ടായ ഈഗോ ക്ലാഷ് തന്നെയാണ് പാര്ട്ടിയെ പിളര്ത്തിയതെന്നാണ് ഇന്നും എന്റെ വിശ്വാസം. ബാക്കിയെല്ലാം അനുബന്ധങ്ങള് മാത്രം.

ഗാന്ധിസം പോലും ഇന്ന് എത്ര ചിലവേറിയ കാര്യമാണ്? ഖദറിനൊക്കെ എന്താ വില? (ചിരി) അതുകൊണ്ട് രണ്ടുവെളളമുണ്ടു മതിയെന്ന് തീരുമാനിച്ചു.

എങ്ങനെയാണ് ബോബെയില് വന്നെത്തിയത്?

നിങ്ങളെപ്പോലെതന്നെ തൊഴില് തേടി പോയതാണ്. തിരുവിതാംകൂര് യൂണിവേഴ്സിറ്റിയില് നിന്നും ബി.എസ്.സി. പാസ്സായി. സി.എം.എസ്സ് കോളേജില് (കോട്ടയം) കെ.ആര്. നാരായണന് സീനിയറായിരുന്നു. ഗണിതമായിരുന്നു എന്റെ വിഷയം. പന്തളം മെഴുവേലി സ്ക്കൂളിന്റെ മാനേജര് വന്ന് വിളിച്ചുകൊണ്ടുപോയി. അവിടെ അധ്യാപകനായി. അന്നേ പഠിപ്പിക്കുന്നതിനേക്കാള്, പഠിക്കാനായിരുന്നു താല്പര്യം. ജോലി ഉപേക്ഷിച്ചു ദിവസങ്ങള്ക്കകം മറ്റൊരു സ്ക്കൂള് മാനേജര് പൂഞ്ഞാര് ഹൈസ്ക്കൂളിലേക്ക് നിയമിച്ചു. പിന്നീട് വര്ക്കല ഹൈസ്ക്കൂള്. ഇനിയൊരു മാനേജര് ക്ഷണിക്കും മുമ്പേ ബോബെയിലെത്തി. ആര്.ബി.ഐയില് പെര്സണല് ഒഫീസറായിരുന്ന ശ്രീകുമാര് ചേട്ടനായിരുന്നു എന്നെ ബോംബെയിലേക്ക് ആനയിച്ചത്.

മുംബൈ ജീവിതം

നല്ല മനുഷ്യരാണ്. 32 കൊല്ലം ബോംബെയില് ഉദ്യോഗം. 32 കൊല്ലത്തിലധികമായി പെന്ഷന്! എല്ലാം അയ്യപ്പന്റെ കൃപ.

അങ്ങ് ശബരിമല സന്ദര്ശിച്ചിട്ടുണ്ടോ?

ഉണ്ട്. പലകുറി. ഇനിയുളളകാലം സാധ്യമല്ല. അയ്യപ്പന്റെ പിതാവിന് പുത്രനെസന്ദര്ശിച്ചുകൂടാ. 86ല് രാജപ്രതിനിധിയായി തിരുവാഭരണവുമായി ശബരിമല സന്ദര്ശിച്ചിട്ടുണ്ട്. അന്ന് ദക്ഷിണയായി ലഭിച്ച മുഴുവന് പണവും പുതിയ കോവിലകം നിര്വ്വാഹക സമിതിയെ ഏല്പ്പിച്ചു. അതുപോലെ കഴിഞ്ഞ വര്ഷം തിരുവാഭരണത്തെ അനുഗമിച്ച എന്റെ പ്രതിപുരുഷന് വാഹനത്തിലല്ല മടങ്ങിയത്.

ശബരിമലയില് സ്ത്രീകള്ക്ക് പ്രവേശനം നല്കാത്തത് എക്കാലത്തെയും വിവാദമാണല്ലോ?

അതെ. ഏതോ പന്തളത്ത് തമ്പുരാട്ടി രജസ്വലയായിരിക്കെ എതിര്പ്പിനെ വകവെയ്ക്കാതെ തിരുവാഭരണത്തെ അനുഗമിച്ചുവെന്നും ശാപംകൊണ്ട് ശിലയായെന്നുമാണ് ഐതീഹ്യം. പക്ഷെ എല്ലാ കീഴ്വഴക്കങ്ങളും കാലാനുസൃതമായി മാറണമെന്ന് തന്നെയാണ് എന്റെ പക്ഷം. സഹോദരിസ്ഥാനത്ത് മാളികപ്പുറത്തിനെപ്രതിഷ്ഠിച്ച മണികണ്ഠന് സ്ത്രീ സാമീപ്യം ദേവീസാന്നിധ്യം തന്നെയാണ്. ശബരിമലയില് സ്ത്രീകള്ക്കും സന്ദര്ശിക്കുവാന് വേണ്ട സജ്ജീകരണങ്ങള് ഉണ്ടാകണം. ഇനി സ്ത്രീകള് ഭക്തന്മാരുടെ നിഷ്ഠകളെ ഭംഗിക്കുമെന്ന് പറയുകയാണെങ്കില് തീര്ത്ഥാടനത്തിനെത്തുന്ന 5 കോടി ഭക്തന്മാരെ അനാദരിക്കുകയാണ്. അവര് വൃതശുദ്ധിയുളള അയ്യപ്പന്റെ തത്സ്വരൂപങ്ങള് തന്നെയാണ്.


_________________

അനില്‍ രാഘവന്‍ / സുരേഷ് വര്‍മ