നമുക്ക് ചുറ്റും

വേണം നമുക്ക് ശശി തരൂരിനെ

ഒരു ശരാശരി രാഷ്ട്രീയ നേതാവിന്റെ നേട്ടങ്ങള്‍ നമ്മള്‍ എങ്ങനെയാണിന്ന് വിലയിരുത്തുക? ഇദ്ദേഹം വിദ്യാര്‍ത്ഥി പ്രക്ഷോഭണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ടോ...? എത്ര സര്‍ക്കാര്‍ വാഹനങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ത്തിട്ടുണ്ട്? നമ്മള്‍ അങ്ങനെയാണ്. നമ്മെ ഭരിക്കുന്നവരെക്കുറിച്ച് വ്യക്തമായ ഒരു മുന്‍ധാരണ രൂപപ്പെടുത്തി വെച്ചിട്ടുണ്ട്. അത്തരം നിര്‍വ്വചനങ്ങള്‍ക്ക് വഴങ്ങാതെ പോയതാണ് ശശിതരൂര്‍ എന്ന പ്രതിഭാധനനായ വ്യക്തിയുടെ ദുര്യോഗം. വിദേശത്ത് കഴിയുമ്പോള്‍ മലയാളിക്ക് ശശിതരൂര്‍ സമാരാധ്യനായ ലോകനേതാവായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്തതോടെ പിന്നീട് നാളിതുവരെ വിവാദങ്ങളുടെ കളിക്കൂട്ടുകാരന്‍ തന്നെയാണ് തരൂര്‍. കാലിത്തൊഴുത്ത് വിവാദമാണല്ലോ ഏറ്റവുമൊടുവില്‍ തരൂരിന് പ്രധാനമന്ത്രിയെയും സോണിയയെയും നേരില്‍ കണ്ട് ഖേദം പ്രകടിപ്പിക്കേണ്ടിവന്ന അവസാനസംഭവം. ട്വിറ്റര്‍ നെറ്റ് വര്‍ക്കില്‍ എക്കാലത്തും തരൂര്‍ നടത്തിയിട്ടുള്ള കമന്റുകള്‍ ധിഷണയുടെ മാത്രമല്ല ആക്ഷേപ ഹാസ്യത്തിന്റെയും മികവുറ്റ മാതൃകകളാണ്. താങ്കള്‍ ചിലവുചുരുക്കലിന്റെ ഭാഗമായി കാറ്റില്‍ ക്ളാസ്സില്‍ സഞ്ചരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു തരൂരിന്റെ മറുപടി. നിമിഷങ്ങള്‍ക്കകം കാലിത്തൊഴുത്തെന്നും പരിശുദ്ധ പശുക്കളെന്നും മൊഴിമാറ്റി നമ്മള്‍ വിമര്‍ശനത്തിന്റെ വാളുയര്‍ത്തി കഴിഞ്ഞു. അം ജനതയെ മുഴുവന്‍ തരൂര്‍ അപമാനിച്ചു എന്നായിരുന്നു മാധ്യമ പ്രചരണം. വിദര്‍ഭയിലെയോ കുട്ടനാട്ടിലെയോ നന്ദിഗ്രാമിലെയോ എത്ര പാവം കര്‍ഷകരാണ് ഇക്കോണോമിക് ക്ളാസ്സില്‍ വിമാനയാത്ര നടത്തുന്നത്? തരൂരിന്റെ ഓരോ നിമിഷത്തെയും വിവാദങ്ങളിലേക്ക് പരിഭാഷപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന കഠിനയത്നങ്ങള്‍ പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നു. ഇതിന്റെ പിന്നില്‍ ചൈനയുടെയും അമേരിക്കയുടെയും ഗൂഢാലോചനയുണ്ട് എന്ന വാദത്തെ തീര്‍ത്തും നിരാകരിച്ചു കൂടാ. ഇന്ത്യയോട് സൌഹൃദമെന്ന പ്രഖ്യാപിക്കുകയും ശത്രുതയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുകയാണല്ലോ ചൈനയുടെ രീതി. ബാന്‍ കി ടൂണുമായുള്ള യു.എന്‍ സെക്രട്ടറി ജനറല്‍ പദവിയിലേക്കുള്ള മത്സരം ഓര്‍മ്മിക്കുക. യു.എസ്സിന്റെ നെഗറ്റീവ് വോട്ടും, ചൈനവോട്ടിംഗില്‍ നിന്നും വിട്ടുനിന്നതും വഴി നഷ്ടപ്പെട്ട രണ്ട് വോട്ടുകള്‍ക്കായിരുന്നല്ലോ തരൂരിന്റെ പരാജയം. ചൈനയ്ക്ക് ഇന്തയക്കാരനെയും കൊറിയക്കാരനെയും ഒരുപോലെ വെറുപ്പാണ്. തരൂര്‍ വിജയിച്ചരുന്നെങ്കില്‍ തീര്‍ച്ചയായും യു.എന്നില്‍ സെക്യൂരിറ്റി കൌണ്‍സിലില്‍ ഇന്ത്യയ്ക്ക് സ്ഥിരം അംഗത്വം നേടിയെടുക്കുമായിരുന്നു. തരൂരുമായി ബന്ധപ്പെട്ട സമകാലീനവിവാദങ്ങള്‍ ശ്രദ്ധിക്കുക. ഇറക്കുമതി ചെയ്യപ്പെട്ട സ്ഥാനാര്‍ത്ഥിയെന്ന് ആദ്യം പറഞ്ഞത് സ്ഥാനമോഹികളായ ചില കോണ്‍ഗ്രസ്സ് നേതാക്കളാണ്. അന്നോളം യുഎന്‍ പരമാധികാര പദത്തിലേക്ക് പോലും നിര്‍ദ്ദേശിക്കപ്പെട്ട മലയാളിയെന്ന് തരൂരിനെവാഴ്ത്തിയവര്‍ പെട്ടെന്ന് അദ്ദേഹത്തെ രാഷ്ട്രീയ ശിശുവായി മുദ്രകുത്തി. മുണ്ടുടുക്കാനറിയാത്ത, മലയാളം വശമില്ലാത്ത ശശിതരൂര്‍ പാര്‍ലമെന്റില്‍ എന്തുചെയ്യും എന്നായി അടുത്ത മണ്ടച്ചോദ്യം. മണ്ഡലത്തിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനുള്ള മലയാളം തനിക്ക് വശമുണ്ടെന്നും തരൂര്‍ പ്രതിവചിച്ചു. കേന്ദ്ര അവഗണനയെക്കുറിച്ച് സദാ രോഷം കൊള്ളുമെങ്കിലും നമ്മുടെ പ്രശ്നങ്ങളെ വേണ്ടവിധം സഭയില്‍ ഉന്നയിക്കാന്‍ കഴിവുള്ള എം.പിമാര്‍ നമുക്ക് നന്നേ കുറവാണ്. പലകുറി മുഖ്യമന്ത്രിയായിരുന്ന പാര്‍ലമെന്റേറിയന്‍ കെ. കരുണാകരന്‍ പോലും മന്ത്രിയെന്ന നിലയില്‍ എഴുതി തയ്യാറാക്കിയ ഉത്തരങ്ങള്‍ പറയാന്‍ മാത്രമാണ് സഭയില്‍ അപൂര്‍വ്വമായി ശബ്ദം ഉയര്‍ത്തിയിട്ടുള്ളത്. ഇവിടെയാണ് തരൂരിനെപ്പോലെ ലോകത്തിന്റെ ഭൂപടമറിയുന്ന ഒരു വ്യക്തിയുടെ പ്രസക്തി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അടുത്ത കാലം വരെ ദിശാബോധമില്ലാത്ത ഒരാള്‍ക്കൂട്ടമായി വിലയിരരുത്തപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത കാലത്തായി പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ആ പാര്‍ട്ടി നടത്തിവരുന്നുണ്ട്. സോറന്‍ - ലാലു-മുലായങ്ങളില്ലാത്ത സര്‍ക്കാരും കൂടുതല്‍ യുവജനമുന്നേറ്റവുമെല്ലാം ശ്രദ്ധേയമായ കാല്‍വെയ്പുകളാണ്. ഒപ്പം തരൂരിന്റെ മന്ത്രിസഭാ പ്രവേശനം പാര്‍ട്ടിയുടെയും കാബിനറ്റിന്റെയും പ്രതിച്ഛായ കൂട്ടി. മഹാത്മജി നിരാഹാരം കിടന്നു മരിക്കട്ടെ എന്ന് പ്രഖ്യാപിച്ച വിന്‍സ്റന്‍ ചര്‍ച്ചിലിനെഒരിന്ത്യക്കാരനും സ്നേഹിക്കാനാവില്ല. എന്നാല്‍ ധിഷണയുടെ പാരമ്യതയില്‍ മാത്രം പിറവികൊള്ളുന്ന ഹാസ്യം തുളുമ്പുന്ന ചര്‍ച്ചില്‍ വചനങ്ങള്‍ ഇന്നും നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നു. പാലക്കാട് ചിറ്റിലഞ്ചേരി തറവാട്ടിലെ ചന്ദ്രന്‍ തരൂരിന്റെ മകന്‍ പിറന്നത് ലണ്ടനിലാണ് (1956). പഠനം ലണ്ടണിലും, മുംബൈയിലും, കല്‍ക്കട്ടയിലും. 78 മുതല്‍ യുഎന്‍ ആസ്ഥാനത്ത് ജോലി. മികച്ച എഴുത്തുകാരന്‍. ദ് ഗ്രേറ്റ് ഇന്ത്യ നോവല്‍ എന്ന കൃതിക്ക് 26 എഡിഷന്‍. 96 ലെ യുഗോസ്ളോവിയന്‍ സമാധാനദൌത്യത്തിന്റെ വിജയം തരൂരിന് കൂടുതല്‍ ലോകശ്രദ്ധ നേടിക്കൊടുത്തു. ട്വിറ്റര്‍ സൌഹൃദം തരൂരിന്റെ ദൌര്‍ബല്യമാണ്. ഈ നെറ്റ് വര്‍ക്കിനെ ഇത്രയോറെ പ്രശസ്തമാക്കിയത് തരൂര്‍ തന്നെയാണ്. ഇപ്പോള്‍ 1,80,000 ത്തിലധികം അംഗങ്ങളുണ്ട് ഈ ശൃംഖലയില്‍. കൊച്ചിയിലെ കൊതുകുകള്‍ക്ക് വോട്ടവകാശമുണ്ടെങ്കില്‍ അവിടെ മത്സരിച്ചാല്‍ എല്ലാ തെരഞ്ഞെടുപ്പിലും എനിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കും എന്ന് പറയാന്‍ നമുക്ക് തരൂര്‍ എന്ന ട്വീറ്ററെ വേണം. അമേരിക്കയില്‍ പെട്രോള്‍ പമ്പുകളില്‍ 25 കൊല്ലം പാര്‍ട്ട് ടൈം ജോലി ചെയ്യുന്നയാള്‍പോലും ഇന്ത്യയില്‍ വന്നാല്‍ ഫൈവ്സ്റാര്‍ ഹോട്ടലില്‍ തങ്ങും. അപ്പോള്‍ 78 മുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യു.എന്‍ ദൌത്യവുമായി നിരവധി രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച തരൂര്‍മാര്‍ കാറ്റില്‍ ക്ളാസ്സില്‍ തന്നെ കഴിയണമെന്ന നിര്‍ബന്ധബുദ്ധികൊണ്ട് എത്ര ചിലവു ചുരുക്കലാണ് പ്രതീക്ഷിക്കുന്നത്? (മഹാത്മജിയെ ഒന്നാം ക്ളാസ്സ് കംപാര്‍ട്ട്മെന്റില്‍ നിന്ന് പുറത്താക്കിയതില്‍ ഇന്നും രോഷം കൊള്ളുന്നവരാണ് നമ്മള്‍!) തരൂരും, രാഹുല്‍ ഗന്ധിയും ദില്ലിയില്‍ നിന്നും കെ.കെ. എക്സ്പ്രസ്സില്‍ കേരളത്തിലേക്ക് യാത്രചെയ്താലുള്ള സ്ഥിതി ഒന്നു സങ്കല്പിക്കുക. സുരക്ഷാ പ്രശ്നവും എര്‍ത്തുകളുടെ ബാഹുല്യവും മൂലം കഷ്ടപ്പെടുന്നത് പാവം സഹയാത്രികരാകും. കാര്‍ യാത്രയ്ക്കിടയില്‍ പോലും ഫയലുകള്‍ പഠിക്കുന്ന തരൂരിനെപ്പോലെ ഉയര്‍ന്ന പദവിയിലുള്ളവര്‍ക്ക് മുന്തിയ ജീവിത സൌകര്യങ്ങള്‍ നല്‍കാന്‍ നമുക്ക് ബാധ്യതയുണ്ട്. നമ്മുടെ സ്പീക്കര്‍ മീരാകുമാര്‍ പറയുംപോലെ ചിലവുചുരുക്കല്‍ സ്വയം തീരുമാനിക്കട്ടെ. ഇതൊരു തരൂര്‍ സ്തുതിപാഠമല്ല, മറിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന് പുത്തന്‍ പ്രതീക്ഷ നല്‍കുന്ന ഇത്തരം വ്യക്തികളെ ഏതുവിധത്തിലും ഒഴവാക്കാനുള്ള ഗൂഢാലോചനകളെ ചെറുത്തു തോല്പിക്കേണ്ടതുണ്ട് എന്ന് സമര്‍ത്ഥിക്കാനുള്ള ഒരു ചെറു സൂചിക മാത്രം. തരൂര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനായ വ്യക്തിയെന്ന് പറയാനാവില്ല. ഇസ്രയേല്‍ കൂട്ടക്കൊലയെ ന്യായീകരിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനം കടുത്ത വിമര്‍ശനം നേരിട്ടിട്ടുണ്ട്. വരും നാളുകളിലും തരൂര്‍ തരൂരിന്റെ ശൈലിയില്‍ തന്നെ തുടരുമെന്ന് നമുക്ക് പ്രത്യാശിക്കാം. സായിപ്പു പറയുന്ന ഹൌഡ്ലസ്സ് ചിക്കന്‍സിനെ അദ്ദേഹം പൂര്‍ണ്ണമായും അവഗണിക്കട്ടെ.

___________________
സുരേഷ് വര്‍മ്മ

1 comments:

സന്തോഷ്‌ പല്ലശ്ശന said...

ട്വിറ്റര്‍ വിവാദവും അതിനെതുടര്‍ന്ന്‌ മാധ്യമ ആഘോഷങ്ങളേയും വെറുതെ വിടുന്നു. പക്ഷെ സുരേഷ്‌ ഈ ലേഖനത്തില്‍ പറയുന്ന ചില കാര്യങ്ങളോട്‌ യോജിക്കാന്‍ വിഷമമുണ്ട്‌. യു. എന്‍. അണ്ടര്‍ സെക്രട്ടറിയായിരുന്ന കാലത്തെ ജീവിതം അല്ല ആയിരിക്കരുത്‌ ഇന്ത്യയെ പോലെ ദരിദ്ര രാജ്യത്തെ കേരളത്തെ പോലെ അഷ്ട ദാരിദ്രം പിടിച്ച ഒരു സംസ്ഥാനത്തിലെ ഒരു നിയോജക മണ്ടലത്തിന്‍റെ പ്രതിനിധിയാകുമ്പോള്‍ വേണ്ടത്‌. ഇരുപത്തഞ്ചുകൊല്ലം പാര്‍ട്ട്‌ ടൈ ജോലി അമേരിക്കയില്‍ ചെയ്യുന്ന ഒരാള്‍ക്ക്‌ അയാള്‍ അധ്വാനിച്ചുണ്ടാക്കുന്ന പൈസ പഞ്ച നക്ഷത്ര ഹോട്ടലില്‍ കൊണ്ടു പൊടിച്ചു കളയാം കുഴപ്പമില്ല പക്ഷെ ഇന്ത്യയെ പോലെ ഒരു ദരിദ്ര രാജ്യത്തിന്‍റെ ജനപ്രതിനിധിക്ക്‌ അങ്ങിനെ ആവാന്‍ പറ്റുമൊ. മന്ത്രിസഭ രൂപികരണത്തിന്‍റന്ന്‌ കരുണാ നിധി കളിച്ച നാറിയ കളി ഓര്‍ക്കുന്നുണ്ടൊ... തന്‍റെ മക്കളേയും ബന്ധുക്കളേയും കാശുവാരി വകുപ്പുകളില്‍ സ്ഥാപിക്കാന്‍ നടത്തിയ നെട്ടോട്ടം. ഇന്ത്യന്‍ രഷ്ട്രിയം ഇങ്ങിനെ പഞ്ച നക്ഷത്ര ഹോട്ടലില്‍ ഉറങ്ങി ശീലിച്ച ദുര്‍മ്മേദസ്സു ബാധിച്ചവരുടെ സംഗമ സ്ഥാനമാണ്‌. ഇത്തരം സുഖഭോഗങ്ങളൂം കാശുവലിക്കാനുള്ള ദുര്‍മ്മോഹവുമാണ്‌ തെരഞ്ഞെടുപ്പു സമയത്ത്‌ സീറ്റിനു കടിപിടികൂടുന്നതിന്‍റെ ഗുട്ടന്‍സ്‌. ഇനി ഇത്തരം നാറികളുടെ മുടിയാട്ടത്തിന്‍റെ വേദിയാകരുത്‌ ഇന്ത്യന്‍ രാഷ്ട്രീയം. സെക്യൂരിട്ടി പ്രശ്നങ്ങളുള്ള രാഹുലും വെളിയിലിറങ്ങിയാല്‍ അധോലോക ഗുണ്ടകള്‍ കാച്ചുമെന്ന്‌ ഭയക്കുന്ന നിരുപമന്‍മാരും നമ്മള്‍ക്ക്‌ ഒരുപോലെ തലവേദനയാണ്‌. സുരേഷിനറിയ്യോ ഇവിടെ ഒരു പഞ്ചസാരക്കള്ളന്‍ മഹാരാഷ്ട്ര മുന്‍ മുഖ്യന്‍ സ്ഥിരമായി അനില്‍ അംബാനിയുടെ ഹെല്‍കോപ്റ്ററിലാണ്‌ സഞ്ചാരം. കോര്‍പ്പറേറ്റു മുതലാളിമാര്‍ വെച്ചു വിളമ്പുന്ന ബോണ്‍ലെസ്സ്‌ കഴിച്ചു ശീലിച്ചവര്‍ ജനങ്ങളുടെ പൈസയെടുത്തും അതൊക്കെതതന്നെ തിന്നുകയുള്ളു. ഇത്തരം സുഖരാമന്‍മാരെ തീറ്റിപോറ്റേണ്ട ആവശ്യം ഇന്ത്യക്കാര്‍ക്കില്ല. അതു ശശി തരൂരായാലും രാഹുല്‍ ഗാന്ധിയായാലും. ഈ അടുത്തകാലത്ത്‌ അരൊ എഴുതികണ്ടു ലാല്‍ബഹാദൂറ്‍ സാസ്ത്രി എന്ന രാഷ്ട്രിയക്കാരനെക്കുറിച്ച്‌. പൊതു നിരത്തില്‍ ഒരു സുരക്ഷയുമില്ലാതെ ഇന്ത്യന്‍ തെരുവുകളിലൂടെ നടന്ന ലളിത രാഷ്ട്രിയ മാതൃകകളെ തമസ്ക്കരിക്കുന്നത്‌ ഇത്തരം വിലകുറഞ്ഞ ട്വിറ്റര്‍ വിവാദങ്ങളാണ്‌. ദുമ്മേദസ്സുകളെ പുറത്താക്കി പുണ്യാഹം തെളിക്കനുള്ള സമയമായി...

Post a Comment