മുംബൈ മലയാളികള്ക്ക് വായനാശീലം ഇല്ല

ഈയിടെ ഒരജ്ഞാതന് എന്നെ ഫോണില് വിളിച്ചു ചോദിച്ചു:

മുംബൈയില് ഒരുപാട് കഥാകൃത്തുക്കളും കവികളും ഉണ്ടല്ലോ. എന്തുകൊണ്ട് അവര്ക്കിടയില് സക്കറിയയെപോലെ, മുകുന്ദനെപേലെ, .വി. വിജയനെപോലെ, കാക്കനാടനെപോലെ, എം.പി. നാരായണപിളളയെപോലെ ഒരു കഥാകൃത്ത് ഉയര്ന്നുവരുന്നില്ല? കടമ്മനിട്ടയെപോലെ, ബാലചന്ദ്രന് ചുളളിക്കാടിനെപോലെ, കെ.ജി. ശങ്കരപ്പിളളയെപോലെ ഒരു കവി ഉണ്ടാകുന്നില്ല? ”

എനിക്ക് കാര്യം പിടികിട്ടിപ്രവാസികളുടെ ഒരുചോദ്യം എം. മുകുന്ദനോട്എന്ന പേരില് ഞാനൊരു ലേഖനം എഴുതിയിരുന്നു ജ്വാല മാസികയില്. അതിന്റെ പ്രതികരണമാണ് ചോദ്യരൂപത്തില് ഞാന് ഫോണില് കേട്ടത്.

ഉണ്ടാകുന്നില്ലെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്?” ഞാന് കയര്ത്തു: “നിങ്ങള് ഇവിടെയുളളവരുടെ കഥകള് വായിച്ചിട്ടുണ്ടോ? കവിതകള് വായിച്ചിട്ടുണ്ടോ?”

ഞാന് നിങ്ങളെപ്പോലുളളവര് എഴുതുന്നതൊന്നും വായിക്കാറില്ല,” അപരന്റെ മറുപടി വളരെ ലാഘവത്വത്തോടെയായിരുന്നു.

പിന്നെ നിങ്ങളെങ്ങനെ മുമ്പു പറഞ്ഞ നിഗമനത്തിലെത്തി?” ഞാന് വിശദീകരണം തേടി.

ഇവിടെത്തന്നെയുളള ഒരു കഥാകൃത്ത് പറഞ്ഞു, നിങ്ങളെപ്പോലുളളവര് എഴുതുന്നതൊക്കെ പൈങ്കിളിയാണന്ന് ”. ഇത്രയും പറഞ്ഞതിനുശേഷം അയാള് കഥാകൃത്തിന്റെ പേര് വെളിപ്പെടുത്തി. തന്നെക്കാള് കേമനായി ആരുമില്ലെന്ന് മേനിനടിക്കുന്ന കഥാകൃത്തിന്റെ പേരുകേട്ടപ്പോള് എനിക്ക് ഉളളില് ചിരിയൂറി. അക്ഷരങ്ങള് തെറ്റുകൂടാതെ എഴുതാനറിയാത്ത അയാളുടെ ചില കയ്യെഴുത്തു പ്രതികള് ഞാന് വായിച്ചിട്ടുണ്ട് എന്നതാണ് അതിന്റെ കാരണം. ആരുടെയോ സൌജന്യത്തില് അയാളുടെ ഒന്നുരണ്ടെണ്ണം അച്ചടിമഷി പുരണ്ടു വന്നിട്ടുണ്ട്. അതിന്റെ പേരില് താനൊരു എം. സുകുമാരനോ പട്ടത്തുവിളയോ യു. പി. ജയരാജോ ആണെന്ന് ഊറ്റം കൊളളുന്നതും കണ്ടിട്ടുണ്ട്. വാസ്തവത്തില് ഇവരെപ്പോലുളളവരാണ് മുംബൈയിലെ മലയാള സാഹിത്യരംഗത്തെ ശാപം. പ്രവാസികള് എഴുതുന്നതെല്ലാം ചവറാണെന്ന് എം. മുകുന്ദനെപ്പോലുളളവരെക്കൊണ്ട് പറയിക്കുന്നത് ഇത്തരക്കാരാണ്.

സഹജീവികളുടെ സാഹിത്യത്തെ പുച്ഛിക്കുന്നവര് ഒന്നോര്ക്കണം. തങ്ങളുടെ കഥകളുടെ, കവിതകളുടെ നിലവാരം എത്രത്തോളമുണ്ടെന്ന് സ്വയം വിമര്ശനം നടത്തുക. കഥയിലോ നോവലിലോ ഒരു പുരുഷ കഥാപാത്രം സ്ത്രീ കഥാപാത്രത്തോട് സംസാരിച്ചാല് അതിനെ പൈങ്കിളി എന്ന് എളുപ്പം മുദ്രകുത്തുന്ന പ്രവണത മാറ്റണം. സാഹിത്യത്തിലെ പ്രണയം വിലക്കപ്പെട്ടതാണെങ്കില്അന്നാകരേനീനയുംചെമ്മീനും വില്ക്കുന്നത് നിരോധിക്കേണ്ടിവരും.

കൃതി വായിക്കാതെ അതിനെ വിലയിരുത്താനാവില്ല. അതിനാലാണ് എഴുത്തുകാര് മുംബൈയിലെ മറ്റുളളവരുടെ കൂടി സാഹിത്യം വായിക്കണമെന്നു ശഠിക്കുന്നത്. മുട്ടത്തുവര്ക്കിയുടെ കൃതി വായിക്കാതെ ആരെങ്കിലും പറഞ്ഞതുകേട്ട് അതിനെ അവഗണിക്കുന്നതാണ് തെറ്റ്. മുട്ടത്തു വര്ക്കിയെ വായിക്കാതെ .വി. വിജയനേയും ആനന്ദിനേയും വായിക്കുന്നത്, അസ്ഥിവാരമിടാതെ കെട്ടിടമുയര്ത്തുന്നതിനു തുല്യമാണ്. ചാള്സ് ഡിക്കന്സിനേയും വാള്ട്ടര് സ്കോട്ടിനേയും പഠിക്കാതെ മാര്ക്വേസിനേയും ബോര്ഹസിനേയും മനസ്സിലാക്കാനാകുമോ? അക്ഷരം പഠിക്കാതെ എഴുതാനോ വായിക്കാനോ ആവില്ലെന്ന ലളിതമായ സത്യംപോലെയാണത്.

നേരത്തെ സൂചിപ്പിച്ചതുപോലെ സ്വന്തം സാഹിത്യത്തെ വിമര്ശനബുദ്ധിയോടെ വിലയിരുത്തിയെങ്കിലേ മറ്റുളളവരുടെ സാഹിത്യമെന്താണെന്ന് മനസ്സിലാക്കാനാകൂ. ദില്ലിയിലെ മലയാളം എഴുത്തുകാര് തങ്ങളെഴുതിയ കഥകള് അച്ചടിക്കും മുന്നേ അന്യോന്യം വായിച്ച് ചര്ച്ചചെയ്തിരുന്നു. ആവശ്യത്തിന് വിമര്ശിക്കുകയും അത്യാവശ്യത്തിന് പുകഴ്ത്തുകയും ചെയ്തിരുന്നു.

കാക്കനാടനും എം. പി. നാരായണപിളളയും ഏകകാലത്താണ് എഴുതിതുടങ്ങിയത്. അവര് സുഹൃത്തുക്കളായിരുന്നു. മികച്ച ചില കഥകള് ഭാഷയ്ക്കു നല്കി എം.പി. നാരായണപിളള പോയി. സൌഹൃദത്തിലുപരി അവര്ക്ക് എഴുത്തിന്റെ കാര്യത്തില് അങ്ങോട്ടുമിങ്ങോട്ടും ബഹുമാനമായിരുന്നു. പരസ്പരം പുറം ചൊറിയുന്ന ഏര്പ്പാടായിരുന്നുവെന്ന് തെറ്റിദ്ധരിക്കരുത്. ഇനി പറയുന്നത് അതിന്റെ വലിയ ഉദാഹരണമായിട്ടുവേണം എടുക്കാന്. എം.പി. നാരായണപിളള കാക്കനാടന്റെ കഥകളെപറ്റി അവ മഹത്താണെന്ന് എഴുതുകയോ പറയുകയോ ചെയ്തിട്ടില്ല. പക്ഷേ, കാക്കനാടനോട് എം.പി. നാരായണപിളളയുടെ കഥകളെക്കുറിച്ച് ചോദിച്ചാല് അന്നും ഇന്നും അദ്ദേഹത്തിന്റെ ഉത്തരം ഒന്നാണ്. ലോകത്തിലെതന്നെ മികച്ച കഥമുരുകന് എന്ന പമ്പാട്ടിഎന്നേ കാക്കനാടന് പറയൂ.

തന്റെ കഥ കാക്കനാടന് വായിച്ച് ജനയുഗത്തിന്റെ പത്രാധിപരായിരുന്ന കാമ്പിശ്ശേരി കരുണാകരന് അത് പ്രസിദ്ധീകരിക്കാന് ശിപാര് ചെയ്ത് അയച്ചുകൊടുത്തിട്ടുളള കാര്യം എം. മുകുന്ദന് പറഞ്ഞിട്ടുണ്ട്. ഇന്ന് എഴുത്തുകാര് പരസ്പരം പാര പണിയുന്നവരാണ്. ഞാന് ഒരു കഥ പ്രസിദ്ധീകരിക്കാനായി ഏതെങ്കിലും വാരികയിലേയ്ക്ക് അയച്ചു എന്നിരിക്കട്ടെ. അതറിഞ്ഞാല് കഥ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പിന്നാലെ എന്റെ സാഹിത്യ സുഹൃത്തുക്കള് തന്നെ പത്രാധിപര്ക്ക് കത്തയയ്ക്കും. അവരെ അസഹിഷ്ണുക്കളാക്കുന്നതിന്റെ കാരണം വേറെ ചിലതാണ്. എനിക്ക് ഡോക്ടറേറ്റില്ല, ഞാന് ജേര്ണലിസം പഠിച്ചിട്ടില്ല എന്നൊക്കെയാവും കത്തില് പറയുന്ന ന്യായീകരണങ്ങള്.

കഥയെഴുത്തിന്റെ ബാലപാഠം മനസ്സിലാക്കാന് നിരന്തര വായനയും ഇത്തിരി പ്രതിഭയും കൂട്ടിന് കുറച്ച് അനുഭവവും മതി. അതിന് ഒരാള് ഡോക്ടറോ പ്രഫസറോ ജഡ്ജിയോ എന്ജിനീയറോ ആകണമെന്നില്ല. ഉന്നത വിദ്യാഭ്യാസമാണ് കഥയെഴുത്തിന്റെ മാനദണ്ഡമെന്ന് പറയാനാകുമോ? അങ്ങനെയാണെങ്കില് വൈക്കം മുഹമ്മദ് ബഷീറും പി. കേശവദേവും പോഞ്ഞിക്കര റാഫിയും വലിയ കഥാകൃത്തുക്കളായി അംഗീകാരം നേടുമായിരുന്നില്ല.

സംഗീതം, നൃത്തം, ചിത്രമെഴുത്ത് തുടങ്ങിയ സുകുമാരകലകള് ഗുരുവിന്റെ ശിക്ഷണത്തില് ഒരാള്ക്ക് സ്വായത്തമാക്കാന് കഴിയും. എന്നാല് ഗുരുമുഖത്തുനിന്ന് പഠിച്ചെടുക്കാന് കഴിയുന്നതല്ല സാഹിത്യവിദ്യ. പ്രതിഭയുളളവര് അത് സ്വയം ആര്ജിക്കുകയാണ്. അതിനാല് അഭ്യസ്തവിദ്യരുടേതെന്നും അനഭ്യസ്തവിദ്യരുടേതെന്നും ഉളള ഭേദം സാഹിത്യത്തിന് ബാധകമാകുന്നില്ല. എഴുത്തുകാരെ ജാതിതിരിച്ച് അവരെ പാര്ശ്വവത്കരിക്കുന്നതിന് എതിരെ നോവലിസ്റ്റ് സി. രാധാകൃഷ്ണന് ഈയിടെ പ്രസംഗിച്ചതായി വായിച്ചു. വെളളംപോലെ, വായു പോലെ, അഗ്നിപോലെ ആണ് സാഹിത്യം. അതിന് ദളിത-ബ്രാഹ്മണ ഭേദമില്ല. നമ്മള് കുടിക്കുന്ന വെളളം, നമ്മള് ശ്വസിക്കുന്ന വായു, നമ്മള് കത്തിക്കുന്ന തീ ഇതിനെല്ലാം ഭേദമുണ്ടോ? സാഹിത്യത്തെ സംബന്ധിച്ചും ഇതാണ് പരമമായ സത്യം. സ്രഷ്ടാവിനല്ല, സൃഷ്ടിക്കാണ് പ്രാധാന്യം. വിഷ്ണുനാരായണന് നമ്പൂതിരി എഴുതിയാലും രാഘവന് അത്തോളി എഴുതിയാലും കവിത കാമ്പുളളതാണെങ്കില് ജാതി മറന്ന് അതിനെ അംഗീകരിക്കണം. അങ്ങനെതന്നെ എന്നു പറയട്ടെ, വിദ്യയുളളവരുടെയും അതല്പം കുറഞ്ഞവരുടെയും സാഹിത്യ സൃഷ്ടികളുടെ കാര്യവും.

അവാര്ഡുകളുടെ കാര്യത്തില് മുംബൈയിലെ എഴുത്തുകാര്ക്ക് സംവരണം വേണം എന്നോ മറ്റോ ഒരാവശ്യം കുറെക്കൊല്ലം മുന്പ് ആരോ ഉന്നയിച്ചിരുന്നു. ചില ലോക്സഭാ-നിയമസഭാ മണ്ഡലങ്ങള് പട്ടികജാതിക്കാര്ക്കായി സംവരണം ചെയ്തിരിക്കുന്നതിനു തുല്യമായ ഒരേര്പ്പാടിനുവേണ്ടിയുളള ആവശ്യംതന്നെ എഴുത്തുകാര്ക്ക് അപമാനമാണ്. രാഷ്ടീയം മാതിരി സാഹിത്യവും തരംതാണതാണ് എന്ന തെറ്റായ ധാരണയുടെ ഉല്പന്നമാണ് സംവരണവിചാരം.

തങ്ങള് എഴുതുന്നതെല്ലാം വിശ്വസാഹിത്യമാണെന്ന ധാരണ മുംബൈയിലെ ചില എഴുത്തുകാര്ക്ക് ഉണ്ട്. മിഥ്യാധാരണ മാറ്റിവെച്ച് നല്ലതേത്, ചീത്തയേത് എന്നു നിര്ണയിക്കാന് കഴിയണം. സാഹിത്യ അക്കാദമി അവാര്ഡു കിട്ടിയ മാനസിയുടെ കഥകള് മുംബൈയിലെ എത്രപേര് വായിച്ചിട്ടുണ്ട്? അവരെ സംഘടനകള് പ്രസംഗിക്കാനായി ക്ഷണിച്ചുകൊണ്ടുപോകുന്നു. അവരുടെ ഒരു കഥപോലും വായിക്കാത്തവരായിരിക്കും ഇക്കൂട്ടര്. ഇത് മുകുന്ദനെപ്പോലുളളവര്ക്ക് അഭിപ്രായം പറയാന് വക നല്കിയേക്കാം. അഭിപ്രായം ഇങ്ങനെയാകാം: മുംബൈ മലയാളികള്ക്ക് വായനാശീലമില്ല!

പിന്വാതില്:

കഥാകൃത്തിന് പത്രാധിപരുടെ എഴുത്തു കിട്ടി, വാരികയുടെ ഇത്രാമത്തെ ലക്കത്തില് കഥ പ്രസിദ്ധീകരിക്കുന്നു എന്നു കാണിച്ച്. സ്ഥലപരിമിതി കാരണം കഥ പ്രസ്തുത ലക്കത്തില് ചേര്ക്കാന് കഴിയാതെപോയി പത്രാധിപര്ക്ക്. പക്ഷേ കഥ അസ്സലായിട്ടുണ്ട് എന്നറിയിച്ചുകൊണ്ട് അടുത്തലക്കത്തില് പ്രസിദ്ധീകരിക്കാനായി ധാരാളം എഴുത്തുകള് പത്രമോഫീസില് കിട്ടി. പ്രസിദ്ധീകരിക്കാത്ത കഥയ്ക്കു കഥാകൃത്തിന് കിട്ടിയ അഭിനന്ദനക്കത്തുകള് വായിച്ച് പത്രാധിപര് ബോധംകെട്ടു വീണുപോയി എന്നാണ് വാരികയുടെ സഹപത്രാധിപര് രഹസ്യമായി എന്നോട് പറഞ്ഞത്.

_____________

മേഘനാദന്

1 comments:

Philip Verghese 'Ariel' said...

ഒരു മറുനാടനായി പത്തു മുപ്പതു വർഷം മുൻപ് ഹൈദ്രബാദ് പട്ടണത്തിൽ ട്രെയിൻ ഇറങ്ങുമ്പോൾ ബാല്യത്തിലെ വളമിട്ടു വളർത്തിയ മലയാളം വായനയുടേയും എഴുത്തിന്റെയും വേരറ്റു പോയി എന്നു തന്നെ നിനച്ചിരിന്നു
പക്ഷെ ഇവിടെത്തി സിക്കന്ത്രാബാദ് റെയിൽവേ സ്റ്റേഷനു അടുത്ത് തന്നെ മലയാളം
പുസ്തകങ്ങൾ വിൽക്കുന്ന ഒരു കട (കെ ബി മേനോൻ & സണ്‍സ്) കണ്ടത് മരുഭൂമിയിൽ മരുപ്പച്ച കണ്ടെത്തിയ ഒരു പ്രതീതി ആയിരുന്നു, പിന്നെ ചേച്ചിയുടെ വീട്ടിൽ താമസവും അവരിരുവും ജോലിക്കു പോകുമ്പോൾ നേരെ മേനോൻ സാറിന്റെ കടയിലേക്ക് നടക്കും, അവിടെവെച്ചാണ് മുംബയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന സർവ്വദേശി മാസികയുടെ ഒരു പ്രതി വാങ്ങാനും അതിന്റെ പ്രസാദകരുമായി ബന്ധപ്പെടുവാനും ഇടയായി. അങ്ങനെ എന്റെ പല രചനകളും അതിൽ പ്രസിദ്ധീകരിക്കപ്പെട്ടു
ചർച്ചകളിലും സജീവ പങ്കാളിയായിരുന്നു.
എന്നാൽ ഈ കുറിപ്പിൽ സൂചിപ്പിച്ചതു പോലെ മുംബൈ മലയാളിയുടെ വായനയിലെ പിന്നോക്കം പോക്ക് ശരിക്കും "സർവ്വ ദേശി" പ്രവർത്തകർ ശരിക്കും അറിഞ്ഞു. അത് നിന്ന്. അതിനു പ്രധാന കാരണങ്ങളിൽ ഒന്ന് ഈ കുറിപ്പിന്റെ തലവാചകം തന്നെ എന്നു ഞാൻ വിശ്വസിക്കുന്നു. എന്തിനു പറയുന്നു ഇത് മുംബയുടെ മാത്രം ഒറ്റപ്പെട്ട ഒരു അവസ്ഥ എന്നു പറയാൻ കഴിയില്ല യെന്നാനെനിക്ക് തോന്നുന്നത്.
എന്തായാലും ഈ കുറി അനേകം പ്രവാസികളുടെ കണ്ണു തുറപ്പിക്കും എന്ന് തോന്നുന്നു
പക്ഷെ 2010 ൽ എഴുതിയ ഈ കുറിപ്പിന് ഒരു പ്രതികരണവും കാണാത്തതും എന്നെ അത്യധികം ദുഖിപ്പിച്ചു എന്നു പറഞ്ഞാല മതിയല്ലോ
മടുക്കാതെ നമുക്ക് മുന്നോട്ടു പോകാം മേഘ നാഥൻ
ആശംസകൾ
വളഞ്ഞവട്ടം ഫിലിപ്പ് വി ഏരിയൽ, സിക്കന്ത്രാബാദ്

PS:
Please remove the word verification from here, so that readers can easily post their comments. This you can do it by visiting your Dashboad's settings page. Thanks
Philip

Post a Comment