അര്ദ്ധരാത്രിയിലും കുടചൂടുന്നവര്

നഗരത്തില് ഈയിടെ മലയാളികളുടേതായി നടന്ന ഒരു കലാ-സാംസ്കാരിക പരിപാടിയില് നിന്നുളള ദൃക്സാക്ഷിവിവരണമാണിത്.

വൈകിട്ട് കൃത്യം ആറ് മണിക്ക് പരിപാടികള്ക്ക് തുടക്കം കുറിക്കുമെന്ന് നോട്ടീസില് പറഞ്ഞിരുന്നുവെങ്കിലും പരിപാടി തുടങ്ങുമ്പോള് ഏഴ്മണി കഴിഞ്ഞിരുന്നു.

വി..പി. ഗണത്തില്പെട്ട അദ്ധ്യക്ഷനടക്കമുളള വിശിഷ്ടാതിഥികള് പാടവരമ്പത്തെ തവളകളെപ്പോലെ വേദിയില് മസിലും പിടിച്ചിരുപ്പുറപ്പിച്ചു. അതുപോലെതന്നെ ക്ഷണിക്കപ്പെട്ടോ കേട്ടറിഞ്ഞോ എത്തിയ ഇവിടുത്തെ കലാ-സാംസ്കാരിക സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ നിത്യനായകരെന്ന വ്യാജേനസദസ്സിന്റെ മുന്നിര സീറ്റുകളിലെ മധ്യഭാഗം കയ്യടക്കി വേറെ ചില പ്രഖ്യാപിത വി..പി. കളും പരസ്പരം കുശലങ്ങള് പറഞ്ഞും വെളളച്ചിരിയുമായി ഇരിപ്പുണ്ട്.

വായിലൊതുങ്ങാത്ത നീണ്ടവാക്കുളള ചില സ്ഥിരം കോര്ഡിനേറ്റര്മാരിലൊരാളാണ് ഇവിടേയും വേദി കൈകാര്യം ചെയ്യുന്നത്. തന്നില്ക്കവിഞ്ഞ് മറ്റാരുമില്ലെന്ന നാട്യത്തില് അയാള് മൈക്ക് സ്വന്തമാക്കി വായിലൊതുങ്ങാത്ത

നീണ്ട നാക്കുപയോഗിച്ച് വേദിയിലും സദസ്സിന്റെ മുന്നിരയിലും ഉപവിഷ്ടരായ വി..പി.കളെ പരിചയപ്പെടുത്തുകയും, അവരെ വാനോളം പുകഴ്ത്തുകയും ചെയ്തുകൊണ്ടിരുന്നു.

ഇനി ദീപം തെളിയിക്കലാണ് ചടങ്ങ്. അതിനായി കോര്ഡിനേറ്റര് എന്ന വിദൂഷകന് അധ്യക്ഷനെക്ഷണിച്ചു. കലയും സംസ്കാരവും തൊട്ടുതീണ്ടിയിട്ടില്ലാത്ത അദ്ധ്യക്ഷ ഡോബര്മാന് ഒരു തീപ്പെട്ടിയും താങ്ങിപ്പിടിച്ച് ദീപം തെളിയിക്കാന് പാടുപെടുന്നു. കോര്ഡിനേറ്ററും മറ്റ് വി..പി. കളും അയാളുടെ സഹായത്തിനെത്തി. ധരിച്ചിരുന്ന ഷൂസുപോലും അഴിച്ചുമാറ്റാനുളള ഓചിത്യം കാണിക്കാതെ ഡോബര്മാന് ദീപം തെളിയിച്ചപ്പോള് സാഹസംകണ്ട് വേദിയിലുളളവരും ഒപ്പം സദസ്സിന്റെ മുന്നിര സീറ്റിലുളളവരും കയ്യടിച്ച് പ്രോത്സാഹിപ്പിക്കാന് മറന്നില്ല.

ദീപം തെളിയിക്കുന്നതിനെന്തിനാ കയ്യടിയെന്ന് അന്നേരം സദസ്സിന്റെ പിന്നിരക്കാരായ സഹൃദയര്ക്കിടയില്നിന്ന് ഒരു കമന്റ് മുഴങ്ങിക്കേട്ടു. അതേസമയം, ദീപം തെളിയിക്കുമ്പോള് അധ്യക്ഷന് ഷൂസഴിച്ച് മാറ്റാതിരുന്നത് ആരുടേയും ശ്രദ്ധയില് പെട്ടില്ലെന്ന് തോന്നുന്നു. അല്ലെങ്കില് അതിനും കേട്ടേനെകമന്റ്. അധ്യക്ഷന്റെ ഭാഗ്യം.

പ്രബന്ധമവതരിപ്പിക്കലും പ്രഭാഷണവും ചര്ച്ചയുമൊക്കെയാണ് അടുത്ത പരിപാടികള്. അതെല്ലാം മുറപോലെ നടന്നുകൊണ്ടിരുന്നു.

സദസ്സിലിരിക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കളായ... എന്ന് മുന്നിരക്കാരായ ചിലരുടെ പേരുകള് പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ടാണ് അധ്യക്ഷന് തന്റെ പ്രഭാഷണത്തിന് തുടക്കമിട്ടത്. അന്നേരം സദസ്സിന്റെ മുന്നിരയിലിരുന്ന് ചിലര് ഞെളിപിരികൊളളുന്നതുകണ്ടു. അധ്യക്ഷന് വിളിച്ചുപറഞ്ഞ പേരുകളുടെ ഉടമകളായിരുന്നു അവരെല്ലാമെന്നത് ഫ്ളാഷ് ബാക്ക്.

പുളിമരത്തിലെറിഞ്ഞ കുറുവടിപോലെ എവിടെയൊക്കെയോ തട്ടിത്തടഞ്ഞ് അധ്യക്ഷന്റെ വങ്കത്തരങ്ങള് അവസാനിച്ചപ്പോള് സദസ്സിന്റെ മുന്നിരക്കാരില് ചിലര് മാത്രം കയ്യടിച്ച് അഭിനന്ദിച്ചു.

ഇനി വിശിഷ്ടാതിഥികളുടെ ഊഴമാണ്. അറിവിന്റെ അപ്പോസ്തലന്മാരായി അവരും തങ്ങളുടെ വങ്കത്തരങ്ങള് വിളിച്ചറിയിക്കുന്നതിനിടയിലും മുന്നിര സദസ്സിലുളള പലപേരുകള് ഉദാഹരണവും മാതൃകയുമാക്കി ഉയര്ത്തിക്കാട്ടാന് പഴുതുകള് തേടി. അതുവരെ ഞെളിപിരികൊണ്ടിരുന്ന മുന്നിര നായകര് അന്നേരം രോമാഞ്ചകഞ്ചുകമണിയുകയായിരുന്നു.

അപ്പോഴാണ് ലവനൊക്കെ ആരാ എന്ന വിസ്മയത്തില് സദസ്സിലെ പിന്നിരയിലുളള യഥാര്ത്ഥ സഹൃദയക്കൂട്ടം എത്തിച്ചേര്ന്നത്. എന്നാല് ലവന്റെയൊക്കെ മുഖം കാണാന് അവര്ക്കായില്ല. അവരെല്ലാം പിറകിലായിരുന്നല്ലോ.

അതേസമയം ഇത്തരം വിപ്രലംഭ ശൃംഗാരഗീതങ്ങളില് പുതുമയോ അത്ഭുതമോ ഇല്ലെന്നും ഇതെല്ലാം ഇന്ന് ഇവിടുത്തെ കലാസാംസ്കാരിക പരിപാടികളിലെ സ്ഥിരം ഇനമാണെന്നുമുളള തിരിച്ചറിവ് നേടിയ ചിലര് ഊറിച്ചിരിക്കുകയോ കാര്ക്കിച്ച് തുപ്പുകയോ ചെയ്തു. കാരണം, നീയെന്റെ പുറം തലോടിയാല് ഞാന് നിന്റെ പൃഷ്ടം തലോടാം എന്ന പരസ്പര ധാരണയിലുളള ഗൂഡാലോചനയുടെ ഭാഗം മാത്രമായിരുന്നു അത്.

ചില പ്രത്യേക ലോബികളില് പെട്ടവരാണ് അല്പന്മാരായ വി..പി. കൂട്ടം. അന്തസ്സും അഭിമാനവും കഴിവും അര്ഹതയുമുളളവരെ അകറ്റിനിര്ത്താനും തല്സ്ഥാനത്ത് സ്വയം പ്രതിഷ്ഠിതരാകാനും അതുവഴി ഇവിടുത്തെ സാംസ്കാരിക നായകര് ചമഞ്ഞ് ചുളുവില് പേരും പ്രശസ്തിയും തട്ടിയെടുക്കാനുളള ആക്രാന്തത്തിന്റെ സംഘടിത ശ്രമങ്ങളാണ് ഇതൊക്കെ. നല്ല കാര്യങ്ങളാണ് ഇതൊക്കെ. നല്ലകാര്യത്തിന് ഒരിക്കലും ഒന്നിച്ചുനില്ക്കാത്ത ഇവര് ഇത്തരം കുത്സിത തന്ത്രങ്ങള്ക്കായി എന്നും ഒറ്റക്കെട്ടായി നില്ക്കുമെന്നതിനുളള തെളിവുകൂടിയാണിത്.

ഇതും ഒരുതരം റാക്കറ്റാണ് എന്നുളളതില് സംശയം വേണ്ട. റാക്കറ്റില് പെട്ടവരാണ് ഇവിടുത്തെ ഒരോ സാംസ്കാരിക പരിപാടിയുടേയും വേദിയും മുന്നിരസദസ്സും പങ്കിട്ടു മാറിമാറി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. എങ്കിലും ഇതൊക്കെ പരസ്യമായ രഹസ്യമായി സൂക്ഷിക്കപ്പെടുന്നുവെന്നുമാത്രം. അല്പംകൂടി വിശദമായി പറഞ്ഞാല് ഇത്തരം വി..പി. അല്പന്മാര്ക്കുവേണ്ടി പ്രവര്ത്തിക്കുന്ന ചില ക്വട്ടേഷന് സംഘങ്ങളും ഇന്നിവിടെ സജീവമാണ്. ഒരു പരിപാടിയില് ആരാണ് അധ്യക്ഷനും മുഖ്യാതിഥികളും പ്രഭാഷകരുമൊക്കെയാകേണ്ടതെന്നും ആരെയൊക്കെയാണ് പൂച്ചെണ്ടും, ഷാളും, പ്രശസ്തിപത്രങ്ങളും നല്കി ആദരിക്കേണ്ടതെന്നും തീരുമാനിക്കുന്നത് ക്വട്ടേഷന് സംഘങ്ങളാണത്രെ. ഇവരെ മുഷിപ്പിച്ചുകൊണ്ടിവിടെ ഒരുപരിപാടിയും നടത്താനാവുകയില്ലെന്നാണ് ചില സംഘടനകളും സംഘാടകരും തങ്ങളുടെ പേരു വെളിപ്പെടുത്തരുതെന്ന ഗ്യാരണ്ടിയില് പറയുന്നത്.

ഇഷ്ടക്കാര്ക്ക് അവാര്ഡുകള് നല്കി ആദരിക്കുന്നതുപോലെ സാംസ്കാരിക പരിപാടികളില് ഇഷ്ടജനങ്ങളുടെ പേരുവിളിച്ചു പറഞ്ഞതുകൊണ്ടും ഒരാളും സാംസ്കാരിക നായകനായി ഉയരുകയില്ല. കാരണം, സംസ്കാരം എന്നുപറയുന്നത് പേരിലോ പദവിയിലോ, വസ്ത്രധാരണത്തിലോ ഒതുങ്ങി നില്ക്കുന്നതല്ല. ഇങ്ങനെസൃഷ്ടിക്കപ്പെടുന്ന അല്പന്മാരായ സാംസ്കാരിക നായകരെ തിരിച്ചറിയാന് പ്രയാസമില്ല. കാരണം, അര്ദ്ധരാത്രിയിലും അവര് കുട ചൂടിയിട്ടുണ്ടാകും.

_________________

കാട്ടൂര് മുരളി

0 comments:

Post a Comment