അമ്മയാണെ സത്യം. ഇനി ഒരിക്കലും ഇനിപറയുന്ന വിഷയം ഞാന്‍ ഈ കോളത്തില്‍ എഴുതില്ല. മുന് കാലങ്ങളില് എഴുതിയിട്ടുമില്ല. കാരണം, പറഞ്ഞ് പറഞ്ഞ് തേഞ്ഞുപോയ ഒരു വിഷയമാണ്. പക്ഷെ, എന്തോ... ഒരിക്കലെങ്കിലും പറയണമെന്ന് തോന്നി.
വിഷയം മറ്റൊന്നുമല്ല. സോ കാള്ഡ് മുംബൈ സാഹിത്യം തന്നെ. മുംബൈ സാഹിത്യം, ബാംഗ്ലൂര് സാഹിത്യം എന്നൊക്കെപ്പറയുന്ന വസ്തുക്കള് എന്തെന്നറിയില്ല. മലയാളസാഹിത്യം കന്നഡസാഹിത്യം എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇനി മുംബൈയില് വസിച്ചുകൊണ്ട് മലയാള സാഹിത്യമെഴുതുന്നവരെക്കുറിച്ചാണ് വിവക്ഷയെങ്കില്, ഒന്നുപറയാം. ഈ മഹാനഗരിയില്‍ ജനിച്ചുവളര്ന്നവര് ഒരുകാലത്തും മലയാളത്തില് വലിയ അത്ഭുതഗ്രന്ഥങ്ങള് രചിച്ചിട്ടില്ല.
എം.പി.നാരായണപിളളയുടെ പരിണാമം, മാധവിക്കുട്ടിയുടെ മഹിമിലെ വീട്, ആനന്ദിന്റെ ആള്ക്കൂട്ടം, എന്.എസ്സ്. മാധവന്റെ ബോംബെ, ബാലകൃഷ്ണന്റെ നഗരത്തിന്റെ മുഖം, ഫര്ണസ്സ്, എം.ജി. രാധാകൃഷ്ണന്റെയും മാനസിയുടെയും, പി.എ. ദിവാകരന്‍റെയും ചില നല്ല കഥകള്... ഇങ്ങനെമുംബൈ പശ്ചാത്തലമാകുന്ന നിരവധി രചനകള് വായിച്ചതായി ഒര്ക്കുന്നു. എന്നാല് ഇവരെയൊന്നും മുംബൈ സാഹിത്യകാരന്മാര് എന്ന് ചുരുക്കി കണ്ടുകൂടാ. മുംബൈ നഗരമോ അല്ലെങ്കില് ഇവിടുത്തെ മലയാളി സാഹിത്യസംഘങ്ങളോ ഇവര്ക്ക് ജന്മം നല്കിയെന്നോ അമിത പ്രോത്സാഹനം നല്കിയെന്നോ പറഞ്ഞുകൂടാ. ഇവര് കാലാകാലങ്ങളില് ജീവിച്ചിരുന്ന മറ്റിടങ്ങള് എന്നപോലെ ഈ മഹാനഗരിയും ചില രചനകള്ക്ക് ഊര്ജ്ജസ്രോതസ്സായി എന്നുമാത്രം.
നമ്മള് മലയാളികള് വിമര്ശിക്കാന് മിടുക്കരാണ്. പക്ഷെ മുംബൈയിലെ മലയാളി സാഹിത്യലോകത്തെ മെച്ചപ്പെടുത്താന് കഴിയുന്ന സംഭാവനകള് നല്കാന് നമ്മളും ശ്രമിക്കാറില്ല.
മുംബൈ സാഹിത്യവേദിയെക്കുറിച്ച് ചിന്തിക്കുക. കഴിഞ്ഞ രണ്ടു ദശകങ്ങള്ക്കിടയില് ഒരിക്കല്പോലും അവര് പണപ്പിരിവുമായി എന്നെ സമീപിച്ചിട്ടില്ല. വി.ടി.ഗോപാലകൃഷ്ണന്, സി.വി.ശശീന്ദ്രന്, ചേപ്പാട് സോമനാഥന് തുടങ്ങിയവര് കാലാകാലങ്ങളില് നന്നേ ബുദ്ധിമുട്ടി നടത്തുന്ന തികച്ചും അനൌപചാരികമായ ഒരു പ്രസ്ഥാനമാണിത്. ഒരിക്കല് - വളരെ മുമ്പ് - വേദിയുടെ പ്രവര്ത്തനങ്ങളെക്കുറിച്ച് നേരിയ വിമര്ശനം ഉതിര്ത്തപ്പോള് ചേപ്പാട് പറഞ്ഞത് ഇന്നുമോര്ക്കുന്നു. നിങ്ങളെ പോലുളള ചെറുപ്പക്കാര് ഊര്ജ്ജസ്വലരായി മുന്നോട്ട് വന്നാല് ഞങ്ങള് പിന്നണിയിലേക്കൊതുങ്ങി കഴിയുന്നതെല്ലാം ചെയ്യാം.
അത് കഴിയാത്തത്കൊണ്ട് വേദിയില് ഒഴിവുളളപ്പോള് പോയാല് അതാത് സാഹിത്യസൃഷ്ടികളെക്കുറിച്ചുമാത്രം സംസാരിച്ച് മടങ്ങുന്നു.
മുംബൈ (മലയാള) സാഹിത്യം എന്നത് തീര്ച്ചയായും ഒരു സാങ്കല്പിക ജീവിയാണ്. വല്ലപ്പോഴും കൂടാറുളള സാഹിത്യവേദികള് അക്ഷരസ്നേഹികളായ സുഹൃത്തുക്കളുമായി സംവദിക്കാനുളള അവസരമായി മാത്രമേ ഞാന് കണ്ടിട്ടുളളു. 365 ദിവസവും എമര്ജന്സി വിഭാഗത്തില് ഉദ്യോഗം വഹിക്കാന് നിര്ബ്ബന്ധിതനായ ഞാന് സ്വന്തം കഥ അവതരിപ്പിക്കാന് എത്തിയതുതന്നെ അരമണിക്കൂര് വൈകിയാണ്. മനഃപൂര്വ്വമല്ല. 2007ല് വി.ടി. അവാര്ഡ് കിട്ടിയപ്പോഴും വിമര്ശനമുണ്ടായി. സ്ഥിരമായി പങ്കെടുക്കാത്ത വ്യക്തിക്ക് എന്തിന് അവാര്ഡ് നല്കി എന്നായിരുന്നു ചോദ്യം. സാഹിത്യവേദിയില് പുരസ്കാരം ആരം ചോദിച്ചുവാങ്ങുന്നതല്ല. അതിനുശേഷവും നാലോ അഞ്ചോ പരിപാടികള്ക്കേ എനിക്കു പങ്കെടുക്കാന് കഴിഞ്ഞുളളു.
ചുരുക്കിപ്പറഞ്ഞാല് മുംബൈയില് മലയാള സാഹിത്യം വളരുന്നതും തളരുന്നതുമെല്ലാം എഴുത്തുകാരുടെ അടിസ്ഥാനമാക്കിയാണ്. സാഹിത്യവേദികളില് പോകുന്നത്കൊണ്ടുമാത്രം ആരും മികച്ച എഴുത്തുകാരാകുന്നില്ല. അതേസമയം അക്ഷരങ്ങളുടെ ഏതു കൂട്ടായ്മയേയും നമ്മള് ഇഷ്ടപ്പെടണം. അവയ്ക്ക് പിന്നില് നിഗൂഢ ലക്ഷ്യങ്ങളില്ലെങ്കില്....
മുംബൈ സാഹിത്യരംഗത്ത് കൂടുതല് ചവറുകള് ഉത്പാദിപ്പിക്കപ്പെടുന്നു എന്ന സന്തോഷിന്റെ വാദം ശരിയാണ്. പല കഥയരങ്ങുകളും കഥയില്ലായ്മയായി പരിണമിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്.
എഴുതാന് ഒന്നുമില്ലെങ്കില് എഴുതാതിരിക്കുക... പറയാനൊന്നുമില്ലെങ്കില് പറയാതിരിക്കുക. സാഹിത്യവേദികളിലെ വിഷയങ്ങള് സാഹിത്യവേദികളില് ചര്ച്ച ചെയ്യുക.
ഇവിടെ സാഹിത്യലോകത്തോട് തിലകന് മാഷും, ഹരികുമാറും, നാരായണന്കുട്ടിയുമൊക്കെ കാട്ടുന്ന ആര്ജ്ജവംപോലും പിന്നെ ഗമിച്ചവര്ക്കുണ്ടോ എന്നും നമുക്ക് ആലോചിക്കാം.
________________
സുരേഷ് വര്‍മ
0 comments:
Post a Comment