ആയ കാലത്ത് പുസ്തകം കൈകൊണ്ട് തൊടുകയോ നാലക്ഷരമെഴുതിത്തെളിയുകയോ ചെയ്തില്ല. എന്നിട്ടിപ്പോള് സാഹിത്യത്തിന്റെ ബാലികേറാമല കയറാന് ശ്രമിച്ച് കിതയ്ക്കുകയാണ്. ഒന്നും എഴുതാതെതന്നെ ഇവിടുത്തെ എഴുത്തപ്പന്മാരായി സ്വയം പ്രഖ്യാപിതരായ ചിലര്. കാക്ക കുളിച്ചാല് കൊക്കാവുകയില്ല. എങ്കിലും ഇവരെയൊക്കെ സഹിക്കുക എന്നതാണ് ഇവിടുത്തെ മലയാള സാഹിത്യത്തിന്റെ വിധി.
ഒരുപക്ഷേ ഇതൊക്കെ ഒരുതരം നിയോഗം തന്നെയാണ്. കാരണം സമീപകാലത്ത് മുംബൈ മലയാള സാഹിത്യ രംഗത്ത് ഏറെ പ്രതീക്ഷകള്ക്ക് വക നല്കിയ ഒരു കൂട്ടം ചെറുപ്പക്കാരുണ്ടായിരുന്നു. ഇന്ന് അവരെല്ലാം എങ്ങോ അപ്രത്യക്ഷരാണ്.
അവരെല്ലാം എങ്ങ് പോയെന്നോ അവരുടെ അജ്ഞാതവാസത്തിന്റെ നിമിത്തമെന്താണെന്നോ ചോദിച്ചാല് ജീവിതപ്രശ്നങ്ങള്ക്കിടയില് സാഹിത്യ പ്രവര്ത്തനങ്ങള്ക്കൊന്നും നേരമില്ലെന്ന് പറഞ്ഞു തടിതപ്പാന് ശ്രമിക്കുന്നവരാണ് അവരില് ഭൂരിഭാഗവും. സാഹിത്യ പ്രതിബദ്ധത നാല്ക്കവലകളിലും റെയില്വേ സ്റ്റേഷനുകളിലും മദ്യശാലകളിലും മാത്രമല്ല ശ്മശാനത്തിലും ചുവന്നതെരുവിലെ വേശ്യാലയത്തില്പോലും ചെന്ന് പ്രകടിപ്പിക്കാന് ചങ്കൂറ്റം കാട്ടിയവരും അക്കൂട്ടത്തിലുണ്ട്.
എന്നാല് അവരുടെ ഇപ്പോഴത്തെ നിലപാടുകളോടും ന്യായീകരണങ്ങളോടും യോജിക്കാനാവുകയില്ല. എന്തുകൊണ്ടെന്നാല് ഇത്തരം ന്യായീകരണങ്ങള് ഒരുതരം വിരക്തിയില്നിന്നോ നിരാശയില്നിന്നോ ഉടലെടുത്തതാണ്.
ഇവിടുത്തെ മലയാള സാഹിത്യരംഗം ഒരിക്കലും പച്ചപിടിക്കുയില്ലെന്നും ഇവിടെയിരുന്നുകൊണ്ട് സാഹിത്യ രംഗത്ത് ഒരു ഐഡന്റിറ്റി നേടാനാവുകയില്ലെന്നുമുളള യാഥാര്ത്ഥ്യത്തിന്റെ തിരിച്ചറിവില്നിന്നുണ്ടായ വിരക്തിയും നിരാശയുമത്രെ ആ യുവതലമുറയെ നിഷ്ക്രിയരാക്കിയത്.
ഇത്തരമൊരു സാഹചര്യത്തിലാണ് തൂലികയില്ലാതെ വെറും വാചകക്കസര്ത്തുകള് കൊണ്ട് സാഹിത്യകാരന്മാരായി നടക്കുന്ന അഭിനവ എഴുത്തുത്തന്മാരുടെ രംഗപ്രവേശനം. ഇന്ന് ഇവിടെ നടക്കുന്ന ഏതൊരു സാഹിത്യ സദസ്സില് പരതിയാലും ഇത്തരക്കാരുടെ ഡൈ ചെയ്ത സ്ഥിരം തലകളാണ് കാണാന് കഴിയുക. ഇവരുടെ വരട്ട് തത്വശാസ്ത്രങ്ങളിലും പ്രഭാഷണങ്ങളിലും മുഖരിതമാണ് ഇവിടുത്തെ മലയാള സാഹിത്യരംഗം.
ഈ നഗരത്തില്‍ വാര്ദ്ധക്യ ബാധിതര്ക്ക് മാത്രം വേണ്ടി നഗരസഭയുടെ ചില ഉദ്യാനങ്ങളുണ്ട്. വാര്ദ്ധക്യബാധിതര്ക്ക് അവിടെ ചെന്ന് കാറ്റുകൊളളാം. പരസ്പരം സൌഹൃദവും ഒപ്പം ദുഃഖഭാരങ്ങളും പങ്ക് വെക്കാം. പക്ഷേ ആര്ക്കും ആര്ക്ക് വേണ്ടിയും ഒരു പ്രതിവിധികാണാനാവുകയില്ല. (പ്രതിവിധികളാണല്ലോ പുതിയവഴികള് തുറക്കുന്നത്). ഇതുപോലെതന്നെയാണ് ഇവിടുത്തെ സാഹിത്യ സദസ്സുകളുടേയും ദുരവസ്ഥ.
ഈയിടെ ഒരു ഞായറാഴ്ച സന്ധ്യക്ക് ഇവിടെ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങിലേക്ക് എത്തിനോക്കാം. സാഹിത്യസദസ്സുകളിലെന്നപോലെ പുസ്തക പ്രകാശനച്ചടങ്ങിന്റെ സദസ്സിലും ആ സ്ഥിരം ഡൈചെയ്ത തലകള് മാത്രമായിരുന്നു. പ്രകാശനം നടക്കുന്ന പുസ്തകവും അത്തരത്തിലൊരാളുടേത് തന്നെ. എങ്കിലും അയാളുടെ ആദ്യ പുസ്തകമാണത്. ആ പുസ്തകത്തിലൂടെ പറയാനുദ്ദേശിക്കുന്നത് എന്താണെന്ന് അയാള്ക്കുപോലും നിശ്ചയമില്ല.
പ്രകാശനച്ചടങ്ങ് കഴിഞ്ഞു. അടുത്തത് ആശംസകളുടേയും അഭിപ്രായങ്ങളുടേയും ഊഴമാണ്. സദസ്സിന്റെ മുന്നിരയില് തന്നെ സ്ഥാനം പിടിച്ചിരുന്ന ഒരു മധ്യവയസ്കന് ചാടി വേദിയില് കയറി. അപ്പോള് മാത്രം പ്രകാശനം നടന്ന പുസ്തകത്തേയും (സൌജന്യ കോപ്പി വിതരണം അതുവരെ നടന്നിട്ടില്ല) രചയിതാവിനേയും കുറിച്ച് കാളമൂത്രം പോലെ പ്രശംസയൊഴുക്കി. അതിനുശേഷം അയാളുടെ അടുത്തിരുന്നിരുന്ന മറ്റൊരാളും അതേ ശേഷക്രിയതന്നെ ചെയ്തു.
പ്രഭാഷണം കഴിഞ്ഞു. വേദിയില് നിന്ന് താഴെയിറങ്ങിയ അവര് സദസ്സിലുളള മറ്റ് പലര്ക്കും കൈകൊടുത്ത് യാത്ര ചോദിക്കുന്നു.
കുര്ളയിലൊരു സാഹിത്യസദസ്സുണ്ട്. അവിടെയെത്തണം.
യാത്ര ചോദിക്കുന്നതിന് അവര് ന്യായീകരണവും നല്കി. ചടങ്ങ് അപ്പോഴും നടക്കുകതന്നെയായിരുന്നു.
അങ്ങനെഅവര് ഹാളിന്റെ വാതുക്കലെത്തി. എല്ലാ സാഹിത്യസദസ്സുകളിലും വെളളമടിച്ചെത്തി സാഹിത്യ കലഹം നടത്താറുളള ഒരു സ്ഥിരം സഹൃദയന് അവിടെ നില്പുണ്ടായിരുന്നു. അയാള് അവരെ തടുത്തുനിര്ത്തി.
നിങ്ങളിവിടെ പ്രകാശനം നടന്ന പുസ്തകം വായിച്ചിട്ടുണ്ടോ?
അയാള് ചോദിച്ചു.
എങ്ങനെവായിക്കാനാ? ഒരു പുസ്തകം മുമ്പേ തന്നിരുന്നെങ്കില് ആസ്വാദനപ്രഭാഷണം ഇതിലും ഗംഭീരമാക്കാമായിരുന്നു.
അവര് അഭിമാനപൂര്വ്വം മറുപടി നല്കി.
അപ്പോള് പിന്നെ പ്രഭാഷണത്തില് പറഞ്ഞ കാര്യങ്ങളോ?
സഹൃദയന് വിടാന് തയ്യാറായില്ല.
അത് പിന്നെ.... അയാളുടെ ആദ്യ പുസ്തകമല്ലേ, ചടങ്ങിന് കൊഴുപ്പ് കൂട്ടാന് വേണ്ടി പറഞ്ഞതാണ്.
അവര് ഒരു സ്വകാര്യം പോലെ പറഞ്ഞ് കുര്ളയില് നടക്കുന്ന സാഹിത്യസദസ്സിന് കൊഴിപ്പേകാന് റിക്ഷ പിടിച്ചു.
_____________
കാട്ടൂര് മുരളി
0 comments:
Post a Comment