പ്രശസ്ത കഥാകാരനും നിരൂപകനുമായ ഡോ. എം. രാജീവ്കുമാര്‍ ഈയിടെ മുംബൈയില്‍ വന്നു. നാട്ടില്‍നിന്ന് എഴുത്തുകാര്‍ നഗരത്തില്‍ വരുമ്പോള്‍ അവരില്‍ അപൂര്‍വ്വം ചിലരേ ഇവിടെയുളള സുഹൃത്തുക്കളെ ഫോണ്‍വിളിക്കാനോ നേരില്‍ക്കാണാനോ താല്പര്യം കാണിക്കാറുളളു. അക്കൂട്ടത്തില്‍ രാജീവ്കുമാര്‍ മുന്‍പന്തിയിലാണ്. ഇത്തവണ രാജീവ്കുമാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ ചോദിച്ച കൂട്ടത്തിലൊന്ന് നാട്ടിലെ ഏതെല്ലാം പ്രസിദ്ധീകരണങ്ങളാണ് മുംബൈയില്‍ കിട്ടാറുളളത് എന്നാണ്.
മുടക്കം കൂടാതെ വാങ്ങാന്‍ കിട്ടുന്ന ഏതാനും പ്രസിദ്ധീകരണങ്ങളുടെ പേര് ഞാന്‍ പറഞ്ഞു. വാങ്ങി വായിക്കാന്‍ ആഗ്രഹമുളള മലയാളം, മാധ്യമം, പച്ചക്കുതിര എന്നിവ കിട്ടാനില്ല എന്ന് പറഞ്ഞപ്പോള്‍ രാജീവ്കുമാര്‍ അതിന്‍റെ കാരണം തിരക്കി. എന്‍റെ ഉത്തരം വളരെ ലളിതമായിരുന്നു. കച്ചവടക്കാര്‍ തങ്ങളുടെ കടകളില്‍ അവ വില്പനയ്ക്കു വയ്ക്കുന്നില്ല എന്ന എന്‍റെ മറുപടികേട്ട് രാജീവ്കുമാര്‍ തുടര്‍ന്ന് ചോദിച്ചു: എന്തുകൊണ്ട് തപാലില്‍ വരുത്തിക്കൂടാ?
യുക്തിഭദ്രമായ ആ ചോദ്യത്തിന് ഞാന്‍ മറുപടി നല്‍കിയത് അതു നടപ്പുളള കാര്യമല്ല എന്നാണ്. കാരണം തപാല്‍ വകുപ്പ് കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചിരുന്ന കാലം കഴിഞ്ഞുപോയി. ഉരുപ്പടി അതിന്‍റെ മേല്‍വിലാസക്കാരന് കിട്ടുന്നത് വളരെ താമസിച്ചാണ്. കേരളത്തില്‍നിന്ന് 10-ാം തീയതി സീലടിച്ച് അയക്കുന്ന പ്രസിദ്ധീകരണം അടുത്തമാസം 10-ം തീയതിപോലും കിട്ടില്ല എന്നതാണ് അവസ്ഥ. ഇടയ്ക്ക് വാരികകളും മാസികകളുമൊക്കെ കിട്ടാതെയുമിരിക്കാം. പ്രസിദ്ധീകരണ സ്ഥാപനങ്ങളെ കുറ്റംപറയാന്‍ വയ്യ. അവര്‍ വരിക്കാര്‍ക്ക് സാധനം മുറപോലെ തപാല്‍ ചെയ്യുന്നുണ്ട്. കുഴപ്പം തപാല്‍ വകുപ്പിന്‍റേതാണ്. നഷ്ടം സഹിക്കേണ്ടി വരുന്നത് വരിസംഖ്യ അടച്ചവര്‍ക്കും.
സൂര്യാ ടിവിയിലും പിന്നീട് കൈരളിയിലും രാജീവ്കുമാര്‍ കണ്ണട എന്ന പേരില്‍ പ്രതിവാര സാഹിത്യ പംക്തി അവതരിപ്പിച്ചിരുന്നു. അതില്‍ മറുനാടന്‍ മലയാളികള്‍ കേട്ടിട്ടുപോലും ഉണ്ടാകാന്‍ ഇടയില്ലാത്ത നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ രചനകള്‍ അദ്ദേഹം പരാമര്‍ശത്തിന് വിധേയമാക്കാറുണ്ടായിരുന്നു. പലപ്പോഴും മറുനാടുകളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നവയിലെ സൃഷ്ടികള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുളളതായിരിക്കും രാജീവ്കുമാറിന്‍റെ അവലോകനം. ജ്വാല, വിശാലകേരളം, പ്രവാസിശബ്ദം (പൂനെ) ഈ മാസികകളിലെ രചനകളെ തന്‍റെ പംക്തിയിലദ്ദേഹം പലകുറി പരാമര്‍ശിച്ചിട്ടുണ്ട്.
കിട്ടാത്ത മാസികള്‍ വായിച്ചുകൊളളട്ടെ എന്നു കരുതി രാജീവ്കുമാര്‍ അദ്ദേഹത്തിനുകിട്ടിയ പല പത്രമാസികളും എനിക്ക് തന്നിട്ടുണ്ട്. ഒരിക്കല്‍ വിവിധ മാസികകളുടെ ഒരു വലിയ കെട്ടുതന്നെ തന്നുവിട്ടു. അത് തൂക്കിവിറ്റാല്‍ അദ്ദേഹത്തിന് കാശുകിട്ടും. അതിലും വലിയ കാര്യം അദ്ദേഹത്തിന് അവ വായിക്കാന്‍ താല്പര്യമുളള ആരുടെയെങ്കിലും കയ്യില്‍ എത്തുക എന്നതായിരുന്നു. സ്വയം വായിക്കുകയും മറ്റുളളവര്‍ വായിക്കുന്നതില്‍ ആനന്ദിക്കുകയും ചെയ്യുന്നവര്‍ കുറവായ ഇക്കാലത്ത് രാജീവ്കുമാറിന്‍റെപോലെ മനസ്സുളളവരെ നമ്മള്‍ നമിക്കണം.
വായനയില്‍ താല്പര്യമില്ലാത്തവര്‍ക്ക് അപരന്മാര്‍ പത്രമാസികാദികള്‍ വാങ്ങുന്നതും അവ സൂക്ഷിച്ചുവയ്ക്കുന്നതും തമാശയാണ്. ഇതൊക്കെ വായിച്ചുകൂട്ടി എന്തിനു കണ്ണുകേടുവരുത്തുന്നു എന്ന് ചോദിക്കുന്നവരുണ്ട്. വേറെ ചിലര്‍ ചിന്തിക്കുന്നത് ഇതിനുവേണ്ടി ചിലവാക്കുന്ന പണം ബാങ്കിലിട്ടാല്‍ പലിശക്കൊപ്പം അത് വളരുമല്ലോ എന്നാണ്. കുടിയന്മാരുടെ തലയിലുളള ആശയം വേറൊന്നായിരിക്കും. എത്രകുപ്പിക്കുളള കാശാണ് ഇങ്ങനെപാഴാക്കിക്കളയുന്നത് എന്നാകും മദ്യപന്‍റെ ഏറ്റം ലളിതമായ ചിന്ത.
വായിച്ചുകഴിഞ്ഞും ഒരാള്‍ ആനുകാലികങ്ങള്‍ സൂക്ഷിച്ചുവെയ്ക്കുന്ന അതേ താല്പര്യത്തോടെ നാട്ടിലുളള ഒരു സുഹൃത്ത് അയാളുടെ വീട്ടുവളപ്പില്‍ കുടിച്ചൊഴിഞ്ഞ കുപ്പികള്‍ കൂട്ടിവച്ചത് ഞാന്‍ കണ്ടിട്ടുണ്ട്. അതിശയോക്തി കലര്‍ത്തി പറയുകയാണങ്കില്‍, കുപ്പികളുടെ ഒരു ഹിമാലയം!
മദ്യംപോലെതന്നെ വായനയും ഒരുതരത്തിലുളള ലഹരി നല്‍കുന്നുണ്ട്. പക്ഷേ, ഒരു വ്യത്യാസം. മദ്യപന്‍ കുടിച്ചു വഴിയില്‍ വീഴുന്നു; വായനക്കാരന്‍ വായിച്ച് അറിവിന്‍റെ വഴിയില്‍ മുന്നേറുന്നു.
നമ്മുടെ പൊതു സ്വഭാവങ്ങളിലൊന്നാണ് കമിഴ്ന്നുവീണാല്‍ കാല്‍പ്പണംകൂലി എന്ന നിര്‍ബ്ബന്ധം. കച്ചവടക്കണ്ണോടെ മാത്രമേ ഏതുകാര്യത്തിലും ഇടപെടൂ എന്ന ശാഠ്യം മറ്റ് സമൂഹങ്ങളെ അപേക്ഷിച്ച് കൂടുതലാണ് നമുക്ക്. കച്ചവടമാകുമ്പോള്‍ കൂടിയ ലാഭം തന്നെ കിട്ടണമല്ലോ. അതിനുപറ്റിയ ചരക്കുകളേ നമ്മള്‍ വില്പനയ്ക്കെടുക്കൂ. വാരിക-മാസികാദികള്‍ വിറ്റാല്‍ കിട്ടുന്ന ലാഭമാകട്ടെ തുഛവും. അരരൂപയോ ഒരുരൂപയോ ആയിരിക്കുമത്. എത്രയെണ്ണം വിറ്റാലാണ് നൂറുരൂപ ആദായം കിട്ടുക!
ചില ആഴ്ചപ്പതിപ്പുകളും മാസികകളും വിറ്റുപോയില്ലങ്കില്‍ അവ തിരിച്ചെടുക്കുക എന്ന പതിവില്ല. കിട്ടിയ ലാഭം കച്ചവടക്കാരന് ആവഴിക്ക് നഷ്ടമാവുന്നു. ഇമ്മാതിരി നഷ്ടം സഹിച്ചും മലയാളം വാരികകളും മാസികകളും വാങ്ങിക്കൊണ്ടുവന്ന് തന്‍റെ സ്ഥാപനത്തില്‍ മറ്റു സാധനങ്ങള്‍ക്കൊപ്പം വില്പന നടത്തുന്ന ഒരാളുണ്ട് - ഉല്ലാസ്നഗറിലെ മാന്നാര്‍ ആയുര്‍വ്വേദിക്സിന്‍റെ ഉടമ ബാബു മാന്നാര്‍. അദ്ദേഹം ഈ പണി ചെയ്തില്ലെങ്കില്‍ എനിക്ക് വായിക്കാന്‍ മാതൃഭൂമി, കലാകൌമുദി, കുങ്കുമം, ഫയര്‍, മനോരമ, മംഗളം എന്നീ പ്രസിദ്ധീകരണങ്ങള്‍ കിട്ടില്ല. പത്തു വിതച്ച് നൂറ് കൊയ്യുന്നവര്‍ക്കിടയില്‍ നല്ല വായനക്കാരനും കലാസ്നേഹിയുമായ ബാബു മാന്നാര്‍ വ്യത്യസ്തനായി നിലകൊളളുന്നു.
എട്ടുപത്ത് കൊല്ലത്തിനിടയില്‍ നഗരപ്രാന്തത്തില്‍ മലയാളികളുടെ ഉടമസ്ഥതയിലുളള കടകളുടെ എണ്ണം പതിന്മടങ്ങായിട്ടുണ്ട്. അവിടങ്ങളില്‍ എണ്ണപ്പലഹാരങ്ങളും ഉണക്കമീനും അടക്കം വിവിധ സാധനങ്ങള്‍ തകൃതിയായി വിറ്റഴിയുമ്പോള്‍ പ്രസിദ്ധീകരണങ്ങളുടെ വില്പന ലാഭകരമല്ല എന്ന കാരണത്താല്‍ മിക്കവരും അവ ഒഴിവാക്കിയിരിക്കുന്നു. കടയുടമകള്‍ എല്ലാവരും ബാബു മാന്നാറിന്‍റെ മനസ്സുളളവരല്ല എന്നര്‍ത്ഥം.
ദൃശ്യമാധ്യമങ്ങള്‍ വീടുകളിലേക്ക് തളളിക്കയറി സ്വീകരണമുറി കീഴടക്കുന്നതിന് മുന്‍പ് നഗരത്തിലെ ശരാശരി മലയാളി ഒന്നുരണ്ട് പ്രസിദ്ധീകരണങ്ങളെങ്കിലും വാങ്ങി ടീപ്പോയിമേല്‍ ഇടുന്ന പതിവുണ്ടായിരുന്നു. ഇന്ന് തങ്ങളുടെ സ്വീകരണമുറിയില്‍ പത്രമാസികാദികള്‍ വയ്ക്കുന്നതിന് മലയാളിയുടെ അഭിമാനബോധം സമ്മതിക്കാതായിട്ടുണ്ട്.
അക്ഷരമറിയാവുന്ന എല്ലാവരും ഈ നഗരത്തില്‍ ബുദ്ധിജീവികളാണ്. അന്യരുടേതൊന്നും വായിക്കാത്തവരുടേയും ബുദ്ധിജീവി ചമയുന്നവരുടെയും കേന്ദ്രമായിട്ടുണ്ട് ഇന്ന് ഈ മഹാനഗരം. സാങ്കേതിക സൌകര്യങ്ങള്‍ എല്ലാം തികഞ്ഞപ്പോള്‍ പുസ്തകങ്ങളുടെ സ്ഥാനം പടിക്കു പുറത്തായി. ഗ്രന്ഥങ്ങള്‍ എന്ന ചങ്ങാതികള്‍ എന്ന പേരില്‍ പണ്ട് പ്രബന്ധമെഴുതിയ സുകുമാര്‍ അഴീക്കോട് ഈ ചങ്ങാതിക്കൂട്ടത്തെ പുറത്താക്കിയതില്‍ വ്യസനിക്കുന്നുണ്ടാകണം.
സമാജങ്ങള്‍ നടത്തിവരുന്ന ഗ്രന്ഥശാലകള്‍ മിക്കതും പൊടിയടിഞ്ഞുകിടക്കുന്നു എന്ന പരാതി പൊതുവെ കേള്‍ക്കുന്നുണ്ട്. വായനാതല്പരര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. വാങ്ങല്‍ ശേഷി വര്‍ദ്ധിച്ചപ്പോള്‍ അവര്‍ സ്വന്തമായി പുസ്തകങ്ങള്‍ പ്രസാധകരില്‍നിന്ന് നേരിട്ടു വാങ്ങിത്തുടങ്ങി. അപൂര്‍വ്വമായി മാത്രമേ ഈവന്നകാലത്ത് ഗ്രന്ഥശാലകളെ ഇത്തരക്കാര്‍ക്ക് ആശ്രയിക്കേണ്ടിവരുന്നുളളു.
വായനശാലയില്‍ പോയി കുത്തിയിരുന്ന് ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ സമയം കിട്ടാത്ത യഥാര്‍ത്ഥ വായനാതല്പരരുണ്ട്. അവര്‍ക്കുവേണ്ടി സമാജങ്ങള്‍ക്ക് ഒരു സല്‍ക്കര്‍മ്മമെങ്കിലും ചെയ്യാന്‍ കഴിയും. വായനാതല്പരരുടെ ആവശ്യം കണക്കിലെടുത്ത് ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ നേരിട്ട് വിതരണത്തിനെടുക്കണം. എന്നിട്ട് ആവശ്യക്കാരുടെ വീട്ടില്‍ അത് എത്തിച്ചുകൊടുക്കണം. സാമൂഹിക സേവനത്തില്‍ സമാജങ്ങളുടെ കമ്മിറ്റി അംഗങ്ങള്‍ക്ക് ഇങ്ങനെയൊരു ദിശാബോധം ഉണ്ടാകുന്നത് നന്ന്.
സുരേഷ് വര്‍മ്മയുടെ ഒരു കഥയെപ്പറ്റി കഴിഞ്ഞലക്കം ഈ പംക്തിയില്‍ ഞാന്‍ എഴുതിയിരുന്നുവല്ലോ. എന്നാല്‍ കഥയുടെ ശീര്‍ഷകം മാറിപ്പോയി. ഗാന്ധി ചിക്കന്‍സ് എന്നതിനു പകരം മൂര്‍ദ്ദാറാം എന്നാണ് അബദ്ധത്തില്‍ ഞാന്‍ എഴുതിയത്. കുറെ കഥകള്‍ ഒര്‍ത്ത് വച്ചതുകൊണ്ട് സംഭവിച്ചുപോയ ഈ അബദ്ധം ആരും ചൂണ്ടിക്കാട്ടിയില്ല. കയര്‍ എഴുതിയത് എസ്.കെ. പൊറ്റക്കാട്ടാണന്ന് എഴുതിയാലും ആരും പോരിന് വരില്ലെന്നാണ് തോന്നുന്നത്. അത്രയ്ക്കുണ്ട് നഗരത്തിലെ മലയാളിയുടെ വായനാശീലത്തിന്‍റെ വ്യാപ്തി!
പിന്‍വാതില്‍:
സ്വന്തം ചെലവില്‍ അച്ചടിച്ച പുസ്തകത്തിന്‍റെ രണ്ട് വലിയ കെട്ട് നഗരത്തിലെ കവിക്ക് അയച്ചുകൊടുത്തു നാട്ടിലെ പ്രസാധകന്‍. ഒരു കെട്ട് വീട്ടില്‍ കൊണ്ടുപോയി വച്ചിട്ട് മറ്റേ കെട്ടെടുക്കാന്‍ കവി സ്റ്റേഷനില്‍ തിരിച്ചുചെന്നപ്പോള്‍ പുസ്തകകെട്ടിനടുത്ത് മറന്നുവച്ച പിടിയില്ലാത്ത പഴയ കുട, മുഖം തുടച്ച കൈലേസ്, റീഫില്‍ തീര്‍ന്ന രണ്ടുരൂപയുടെ പേന ഇതുമൂന്നും കാണ്മാനില്ല. അനാഥ ശവം പോലെ ഒന്നുമാത്രം വച്ചിടത്തുണ്ട് - പുസ്തകക്കെട്ട്.
________________
മേഘനാദന്‍
പാവം, അത് മാവേലിയായിരിക്കാം...
Posted by
Whiteline
on Sunday, October 18, 2009
/
Comments: (1)
മാവേലി നാട് വാണീടും കാലം മാനുഷ്യരെല്ലാരും ഒന്നുപോലെ എന്ന പഴംപാട്ടിലെ മിത്തിനോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ് അക്കാലത്തെ മലയാളിക്കു പ്രവാസിയായി അന്യനാടുകളില്‍ അലയേണ്ട ഗതികേടുണ്ടായിരുന്നില്ല എന്നുളളതും.
എന്നാല്‍ മാവേലിക്ക് തന്നെ പ്രവാസിയായി പാതാളത്തിലേക്ക് പോകേണ്ടി വന്നതിനുശേഷമാണല്ലോ മാവേലിയുടെ പ്രജാ പരമ്പരയില്‍പ്പെട്ട നമ്മളും കാലാന്തരത്തില്‍ പ്രവാസികളായിത്തീര്‍ന്നത്. അതിനാല്‍ മലയാളിയെ സംബന്ധിച്ചിടത്തോളം നന്മയുടെ പ്രതീകമായ ഒരു രാജാവ് മാത്രമല്ല മാവേലി. മറിച്ച് പ്രവാസത്തില്‍ നമ്മുടെ ആദിഗുരുവും അഗ്രഗാമിയും കൂടിയാണ്.
ഇക്കാര്യം ഇവിടെ ചൂണ്ടിക്കാട്ടാന്‍ കാരണമുണ്ട്. ഒണം കഴിഞ്ഞിട്ട് നാളുകളേറെയായി. എന്നാല്‍ നഗരത്തില്‍ മലയാളി സമാജങ്ങളുടെ ഒണാഘോഷങ്ങള്‍ വെടിക്കെട്ടിനിടയില്‍ തെറിച്ചു പോയ പടക്കങ്ങള്‍ വെടിക്കെട്ട് തീര്‍ന്നിട്ടും അവിടവിടെ കിടന്ന് പിന്നേയും പൊട്ടിച്ചീറുന്നതുപോലെ ഇപ്പോഴും പലയിടത്തുമായി തുടര്‍ന്നുവരികയാണ്. ഒണത്തിന്‍റേയും നന്മയുടേയും പ്രതീകമായ മാവേലിയുടെ ഒര്‍മ്മയില്‍ അവര്‍ വടംവലി മുതല്‍ ബ്രേക്ക് ഡാന്‍സ് വരെ അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴും ആദ്യത്തെ പ്രവാസി മലയാളിയെന്ന നിലയില്‍ അദ്ദേഹത്തെ സ്മരിക്കുകയോ പരിഗണിക്കുയോ ചെയ്യുന്നില്ല എന്ന് പറഞ്ഞാല്‍ അതൊരു തമാശയായി തോന്നിയേക്കാം.
എന്നാല്‍ ഈയിടെ ഒരു സമാജം പ്രസിഡണ്ട് അതിലും വലിയൊരു തമാശ പറയുകയുണ്ടായി. അതായത്, മാവേലി പ്രവാസിയായി പോയത് പാതാളത്തിലേക്കാണ്. മുംബൈലേക്കല്ല. തിരുവോണ നാളില്‍ പാതാളത്തില്‍ നിന്നും തന്‍റെ പ്രജകളെ കാണാന്‍ കേരളത്തിലെത്തുന്ന മാവേലിക്ക് അതേ ദിവസംതന്നെ പലയിടത്തുംപ്രവാസികളായി കഴിയുന്ന മലയാളികളുടെ അടുത്ത് എത്തിച്ചേരാനുളള അസൌകര്യം പരിഗണിച്ചാണ് മുംബൈ മലയാളി സമാജങ്ങള്‍ ഒണം കഴിഞ്ഞിട്ടും പലനാളുകളിലും പലയിടങ്ങളിലുമായി ഒണാഘോഷങ്ങള്‍ തുടര്‍ന്നുവരുന്നതത്രെ.
അങ്ങനെയുളള ഒരോണാഘോഷച്ചടങ്ങില്‍ എന്‍ട്രി പാസ്സില്ലാതെതന്നെ പങ്ക് കൊളളാനവസരം ലഭിച്ചത് യാദൃച്ഛികമായിട്ടായിരുന്നു.
ഒണാഘോഷ പരിപാടികള്‍ രാവിലെ തന്നെ തുടക്കം കുറിച്ചിരുന്നു. എല്ലാ സമാജങ്ങളും അവതരിപ്പിച്ചു വരുന്ന സ്ഥിരം പരിപാടികളില്‍ നിന്നും വ്യത്യസ്ഥത അവകാശപ്പെടാവുന്ന ഒരു പരിപാടി ഈ ഒണാഘോഷത്തിലും കാണാനിടയായില്ല. സാംസ്കാരിക സമ്മേളനത്തിന് വിശിഷ്ടാതിഥിയായി എത്തിയിരുന്നത് നഗരത്തിലെ ഒരു പഴയ മലയാളി പണചാക്കാണ്. എന്നിട്ടുപോലും മുണ്ടുടുക്കാതെയാണ് കക്ഷി വേദിയില്‍ ഇരുന്നത്. എന്നുവച്ചാല്‍ സ്ഥിരം സഫാരി റോളിലെത്തിയ ആ സഫാരിക്കാരന്‍റെ വിടുവായിത്വം അപഹാസ്യവും അറുമുഷിപ്പനുമായിരുന്നു. എങ്കിലും സദ്യയുണ്ണാനുളള മോഹത്തില്‍ ജനം അയാളെ സഹിച്ചുകൊണ്ട് സമയം തളളിനീക്കി. ഒടുവില്‍ അടുത്തപരിപാടിയായ ഒണസദ്യയുടെ അറിയിപ്പുയര്‍ന്നു. ലോക്കല്‍ ട്രെയിനില്‍ സീറ്റ് പിടിക്കാന്‍ വേണ്ടിയുളള ആക്രാന്തവും മത്സരവും എന്നപോലെ സാംസ്കാരിക സമ്മേളനത്തില്‍ നിന്നും ഒരുവിധം രക്ഷപ്പെട്ട ജനക്കൂട്ടം പന്തിയിലേക്ക് ഇരച്ചുകയറി. സാമര്‍ത്ഥ്യമുളളവര്‍ക്കൊക്കെ സദ്യയുടെ ആദ്യറൌണ്ടില്‍ തന്നെ ഇരിപ്പിടം ലഭിച്ചു. അവരുടെ മുന്നില്‍ ഇലകളും ഇലകളില്‍ വിഭവങ്ങളും നിരന്നു. ഇതിനിടയില്‍ വിശിഷ്ടാതിഥിയേയും കൊണ്ട് സമാജം ഭാരവാഹികള്‍ കലാസാംസ്കാരിക പരിപാടികളരങ്ങേറിയ വേദിക്കു പിന്നിലെ ഗ്രീന്‍ റൂമിലേക്ക് നിഷ്ക്രമിക്കുന്നത് കണ്ടു. സദ്യവട്ടങ്ങളുടെ കൊതിപ്പിക്കുന്ന മണം കോമ്പൌണ്ടിനു പുറത്തോളം കടന്ന് വഴിയേ പോയിക്കൊണ്ടിരുന്നവരെപ്പോലും പ്രലോഭിപ്പിക്കുന്നതായിരുന്നു. ലൌഡ് സ്പീക്കറുകളില്‍ നിന്നും ഒണസ്മൃതികളുണര്‍ത്തിക്കൊണ്ട് മാവേലിനാട് വാണീടും കാലം... എന്ന ഗാനം ഒഴുകിയെത്തുന്നുണ്ടായിരുന്നുവെങ്കിലും ഊണിന്‍റെ ആവേശത്തില്‍ അതാരും കേട്ടില്ല.
ഇടക്കെപ്പോഴോ വിശിഷ്ടാതിഥിയും സമാജം ഭാരവാഹികളും വിയര്‍ത്തൊലിച്ച്, 70 എം.എം. ചിരിയുമായി ഗ്രീന്‍ റൂമില്‍ നിന്നിറങ്ങി സദ്യയുണ്ടുകൊണ്ടിരുന്ന എല്ലാവരേയും കൈകൂപ്പി തൊഴുതുകൊണ്ട് പന്തിയിലെത്തി. ഒണ ലഹരി സിരകളില്‍ ഒളം തല്ലിയപ്പോള്‍ അതിഥി വിശിഷ്ടന്‍ സദ്യയുണ്ണാത്തവരുടെ എച്ചില്‍ കൈകള്‍ ഗ്രഹിച്ച് ഒരോരുത്തര്‍ക്കും പ്രത്യേകം ഒണാശംസകള്‍ നല്‍കാനും മറന്നില്ല. പിന്നെ പുളളിക്കാരനും പന്തിഭോജനത്തില്‍ പങ്കാളിയായിക്കൊണ്ട് മലയാളി കൂട്ടായ്മക്ക് മാതൃകകാട്ടി. ഇതിന്‍റെയെല്ലാം വീഡിയോ ചിത്രീകരണവും നടക്കുന്നുണ്ടായിരുന്നു.
അപ്പോഴാണ് പന്തിയോട് ചേര്‍ന്നുളള ഗേറ്റിനടുത്ത് ഒരു ബഹളം. ഒണസദ്യയുണ്ണാനെത്തുന്നവരുടെ എന്‍ട്രി പാസ്സുകള്‍ പരിശോധിക്കാന്‍ ഗേറ്റില്‍ നിന്നിരുന്ന ചില വാളണ്ടിയര്‍മാര്‍ നീണ്ട താടിയും, മുടിയും, മുഷിഞ്ഞ വസ്ത്രങ്ങളുമായെത്തിയ മെലിഞ്ഞുണങ്ങി പ്രാകൃത രൂപിയായ ഒരു മധ്യവയസ്കനെകുത്തിന് പിടിച്ച് പുറത്തേക്ക് തളളുന്നു. എന്‍ട്രി പാസ്സില്ലാതെ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതാണ് കാരണം. അയാള്‍ മലയാളത്തില്‍ എന്തൊക്കെയോ പറഞ്ഞ് കേണപേക്ഷിക്കുന്നുണ്ട്. അത് ചെവിക്കൊളളാനാരും തയ്യാറിയില്ല. ഇത് കണ്ട് സദ്യ ഉണ്ണുകയായിരുന്ന ഒരു സരസന്‍റെ മനസ്സലിഞ്ഞു.
പാവം, അത് മാവേലിയായിരിക്കും. കടത്തിവിട്ട് അല്പം ഭക്ഷണം കൊടുക്കെടോ... ഒണാഘോഷമല്ലേ.
അയാള്‍ ഉറക്കെവിളിച്ചു പറഞ്ഞു. പക്ഷേ ഒണാഘോഷ പരിപാടികള്‍ക്ക് പ്രൊട്ടക്ഷന്‍ നല്‍കാന്‍ നിയുക്തരായ പോലീസുകാര്‍ അപ്പോഴേക്കും ആ പാവം മലയാളിയെ തൂക്കിയെടുത്ത് ജീപ്പിലിട്ടു. മാവേലി നാട് വാണീടും കാലം എന്ന ഗാനം അപ്പോഴും പന്തിയില്‍ മുഴങ്ങി കേള്‍ക്കാമായിരുന്നു.
_____________________
കാട്ടൂര്‍ മുരളി