എവിടെയോ ഒരു നൊമ്പരം...

ഏതാണ്ട് ഒരു നൂറ്റാണ്ടിന്‍റെ നന്മകളും വിഷാദങ്ങളും ഏറ്റുവാങ്ങി ജ്യോതിബാസുവും യാത്രയായി. മികച്ച സംഘാടകനായും കഴിവുറ്റ ഭരണാധികാരിയായും സര്‍വ്വോപരി സത്യത്തിന്‍റെ പ്രതീകമായും ഏഴു ദശകങ്ങള്‍ പ്രകാശം പരത്തിനിന്ന വംഗനാടിന്‍റെ ബഷു സ്വയം ഒരിതിഹാസമായി. ചില മനുഷ്യര്‍ ഇങ്ങനെയാണ്. ദേശ-കാല-രാഷ്ട്രീയങ്ങള്‍ക്കതീതമായി നമ്മള്‍ സ്നേഹിച്ചുപോകും. മഹാത്മജിയും, ഏ.കെ.ജിയും, നായനാരും, ആന്‍റണിയും വി.കെ. കൃഷ്ണമേനോനുമെല്ലാം ഈ ഗണത്തില്‍പെടുന്നു. പാര്‍ലമെന്‍റിലും അസംബ്ലിയിലും പോലും ക്രിമിനലുകള്‍ തിമിര്‍ത്താടുന്ന ഇന്ത്യയില്‍ ഷെയ്ക്ക് ഹസീനയുടെ ഈ വാക്കുകള്‍ നമുക്ക് ശ്രദ്ധിച്ചേ പറ്റൂ.

“ഇന്ത്യയില്‍ എനിക്ക് വിശ്വാസമുളള ഒരേ ഒരു രാഷ്ട്രീയനേതാവേ ഉളളു. ജ്യോതിബാസു”.

1940ല്‍ തുടങ്ങിയ സുദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തില്‍ ട്രേഡ് യൂണിയന്‍ നേതാവ്, ഉപമുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ഒടുവില്‍ 77 മുതല്‍ തുടര്‍ച്ചയായി 23 വര്‍ഷം മുഖ്യമന്ത്രി എന്നിങ്ങനെപലവേഷങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു. 1970ല്‍ ആനന്ദമാര്‍ഗ്ഗികളുടെ വധശ്രമത്തെ അത്ഭുതകരമായി അതിജീവിച്ചു.

നാളിതുവരെ വഹിച്ചിട്ടുളള ഓദ്യോഗിക സേവനം പരിഗണിച്ചല്ല മറിച്ച്, നിരാകരിക്കപ്പെട്ട പരമോന്നത പദവിയെ ഒര്‍ത്ത് വേണം നമുക്ക് ജ്യോതിബസുവിന്‍റെ മാറ്റുരയ്ക്കാന്‍.

1996ല്‍ അനാരോഗ്യമുണ്ടായിരുന്നെങ്കിലും വി.പി.സിംഗില്‍ നിന്നും മൂന്നാം മുന്നണിയെ പ്രതിനിധീകരിച്ച് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകാന്‍ ലഭിച്ച അപൂര്‍വ്വാവസരം ജ്യോതിബസു നിരസിച്ചു. അധികാരത്തോടുളള വിരക്തിമൂലമോ ഉന്നത പദവി പേറാനുളള ചങ്കൂറ്റമില്ലാത്തതുകൊണ്ടോ ബസു സ്വയം നിരസിച്ചതല്ല. ഇപ്പോള്‍ പ്രധാനമന്ത്രിപദം വേണ്ട എന്ന് പാര്‍ട്ടി കേന്ദ്രകമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 20-െനതിരെ 35 വോട്ടുകളുടെ തീരുമാനം!

ഇവിടെ എനിക്കില്ലെങ്കില്‍ നിനക്കുംവേണ്ട എന്ന മലയാളിയുടെ മനോഭാവം തെളിഞ്ഞുനിന്നു. കേരളഘടകത്തില്‍നിന്നായിരുന്നു അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിടേണ്ടിവന്നത്. പ്രത്യയശാസ്ത്രത്തിന്‍റെ തുരുമ്പിച്ച ഉടവാളുകൊണ്ട് അവര്‍ നന്നായി യുദ്ധം ചെയ്തു. അങ്ങനെ ഇന്ത്യയിലെ പ്രഥമ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി എന്ന പദവിയ്ക്ക് അര്‍ഹനാകാനുളള ബസുവിന്‍റെ സാധ്യത മുളയിലേ കരിഞ്ഞുപോയി. അപ്പോഴും ഉദരരോഗത്തിനുളള ആയുര്‍വ്വേദത്തിലെ കയ്പന്‍ കഷായങ്ങള്‍ നമ്മുടെ സഖാക്കള്‍ ബസുവിന് കൃത്യമായി എത്തിച്ചുകൊടുത്തുകൊണ്ടിരുന്നു.

അപ്പോള്‍ ഇതിലെന്ത് ത്യാഗം എന്ന ചോദ്യം ഉയര്‍ന്നുവരാം.

ജ്യോതിബസുവിന്‍റെ സ്ഥാനത്ത് നമ്മുടെ സോറനോ കരുണാനിധിയോ മായാവതിയോ ലാലുപ്രസാദോ ആണെന്ന് സങ്കല്പിക്കുക. ആദ്യം നേതാവ് പാര്‍ട്ടി തീരുമാനം പ്രഖ്യാപിക്കുമായിരുന്നു. തൊട്ടടുത്തദിവസം ഐകകണ്ഠേന സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെടുമായിരുന്നു. അവരുടെ മക്കളും വകയിലെ മക്കളും കാബിനറ്റ് മന്ത്രിമാരാകുമായിരുന്നു.

ഇവിടെയാണ് ജ്യോതിബസുവിന്‍റെ മഹത്വം. പാര്‍ട്ടിസെക്രട്ടറി സുര്‍ജിത്തടക്കം 55ല്‍ 20 അംഗങ്ങളുടെ പിന്തുണയുണ്ടായിട്ടും ഒരു കുതിരച്ചന്തയ്ക്കും തയ്യാറായില്ല. മേല്‍പ്പറഞ്ഞ നേതാക്കളില്‍ ആരെങ്കിലുമായിരുന്നെങ്കില്‍ പീഡനത്തിലൂടെയോ പ്രീണനത്തിലൂടെയോ തീര്‍ച്ചയായും മുപ്പത്തഞ്ചില്‍ ഇരുപതുപേരെയെങ്കിലും സ്വന്തം ചാക്കിലാക്കുമായിരുന്നു. പകരം ജനാധിപത്യമൂല്യങ്ങള്‍ക്ക് മഹത്ത്വം നല്‍കുന്ന ഇങ്ങനെയും ഒരുപ്രസ്ഥാനം ഇവിടെയുണ്ട് എന്നഭിമാനിക്കയാണ് ജ്യോതിബസു ചെയ്തത്.

ജ്യോതിബസുവിനെക്കുറിച്ച് ഒര്‍ക്കാന്‍ അങ്ങിനെപലതുമുണ്ട് നമുക്ക്... മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്‍റെ അവസാനകണ്ണികളില്‍ ഒരാള്‍...

ആ ബസുവിന്‍റെ മൃതശരീരം അദ്ദേഹത്തിന്‍റെ അഭീഷ്ടപ്രകാരം ഇപ്പോള്‍ കൊല്‍ക്കൊത്തയിലെ എസ്.എസ്.കെ.എം. മെഡിക്കല്‍ കോളേജിലെ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ കീറിമുറിക്കുകയാണ്. ഇത് അച്ചടിച്ചുവരുമ്പോഴേക്കും അദ്ദേഹത്തിന്‍റെ ആന്തരികാവയവങ്ങള്‍ ശാസ്ത്രീയമായി വേര്‍പെടുത്തി കണ്ണാടിപ്പാത്രങ്ങളില്‍ ശേഖരിച്ചുകഴിഞ്ഞിരിക്കാം.

നന്മയുടെ സുഗന്ധം പരത്തി അടിസ്ഥാനവര്‍ഗ്ഗത്തിനായി തുടിച്ചിരുന്ന ആ ഹൃദയം ഫോര്‍മലിന്‍റെയും, സ്പിരിറ്റിന്‍റെയും ഗ്ലിസറിന്‍റെയും രൂക്ഷഗന്ധം ഏറ്റുവാങ്ങും.

ഡിസക്ഷന്‍ ടേബിളില്‍ ചൊക്കിച്ചുളിഞ്ഞ് കണ്ണുകളില്ലാത്ത (കണ്ണുകള്‍ ദാനം ചെയ്തിരുന്നതുകൊണ്ട് അവ മരണാനന്തരം നീക്കം ചെയ്തിരുന്നു) ബസുവിന്‍റെ നഗ്നദേഹത്ത് തിരുനെറ്റിയില്‍ നിന്നാണ് പ്രക്രിയ തുടങ്ങിയത് എന്ന് വാര്‍ത്ത.

കിടിലന്‍ വാഗ്ധോരണിയില്ലാതെ കപട വാഗ്ദാനങ്ങളില്ലാതെ സാന്നിധ്യംകൊണ്ട് മാത്രം ജനലക്ഷങ്ങളെ ത്രസിപ്പിച്ച നേതാവാണ് ബസു.

ആ ബസുവിങ്ങനെ... കൊച്ചു കൊച്ചു പാത്രങ്ങളില്‍....

പാഠപുസ്തകങ്ങളിലൂടെയും വാര്‍ത്താമാധ്യമങ്ങളിലൂടെയും തങ്ങളുടെ ഹീറോ വര്‍ഷിപ്പിന്‍റെ ചലനാത്മക ബിംബമായിരുന്ന ബസുവിന്‍റെ തിരുനെറ്റിയിലൂടെ മൂര്‍ച്ചയുളള നേര്‍ത്ത കത്തി ചലിപ്പിച്ചപ്പോള്‍ വംഗനാടിന്‍റെ കുഞ്ഞുങ്ങളുടെ കൈവിറച്ചിരുന്നോ...?

നെഞ്ചില്‍ നെരിപ്പോടു പുകഞ്ഞിരുന്നോ...?

അറിയില്ല....

നെഹ്രുവിന്‍റെ ചിതാഭസ്മം ഭാരതത്തിന്‍റെ മണ്ണിലും ഇന്ത്യയെ സ്പര്‍ശിക്കുന്ന സമുദ്രത്തിലും അലിഞ്ഞുചേര്‍ന്നു. ഗാന്ധിജിയുടെ രാജ്ഘട്ടിലെത്തുമ്പോള്‍ നമ്മുടെ മനസ്സില്‍ സത്യത്തിന്‍റെ പാതയിലൂടെ മാത്രം സഞ്ചരിക്കാനുളള ഒരഭിനിവേശം കുടനിവര്‍ത്തും.

പക്ഷേ, ഇവിടെ....?

നിരീശ്വരവാദിയായിരുന്ന നായനാര്‍ ശാരദടീച്ചര്‍ ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഗോപുരനടയിലെ പല്ലവ ശില്പങ്ങള്‍ ആസ്വദിച്ചു നില്‍ക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. തന്‍റെ സിദ്ധാന്തങ്ങള്‍ ഒരിക്കലും അദ്ദേഹത്തിന്‍റെ കുടുംബത്തിന് ദുഃഖമായിട്ടില്ല.

കൊല്‍കൊത്തയില്‍ ബസുവിന്‍റെ പുത്രന്‍ ചന്ദന്‍ ബസുവും പൌത്രിയും കൂടി പണ്ഡിറ്റ് പരീഖ് ത്രിപാഠിയുടെ കാര്‍മികത്വത്തില്‍ മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്തു. സാധാരണഗതിയില്‍ വിധിപ്രകാരമുളള ക്രിയകള്‍ സാധിതമല്ലാതടക്കുന്ന അപൂര്‍വ്വ സാഹചര്യങ്ങളില്‍ ഹിന്ദുക്കള്‍ പുനര്‍സംസ്കാരകര്‍മ്മങ്ങള്‍ ചെയ്യാറുണ്ട്. ചമതക്കമ്പുകളില്‍ തീര്‍ത്ത രൂപത്തെ അനുഷ്ഠാനങ്ങളോടെ ചിതയിലേറ്റുന്നു. അങ്ങനെഅവര്‍ ആത്മാവിന് മുക്തി നേടുമെന്ന് വിശ്വസിക്കപ്പെടുന്നു ഈ വിധം ഒരു ചടങ്ങാവും തീര്‍ച്ചയായും അവര്‍ ചെയ്തിരിക്കുക.

ഇതില്‍നിന്നും നമ്മള്‍ എന്തു മനസ്സിലാക്കണം...?

ബസുവിന്‍റെ കുടുംബാംഗങ്ങള്‍ ആചാരവിധിപ്രകാരമുളള മരണാനന്തര കര്‍മ്മങ്ങള്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ ബസുവിന്‍റെ അഭീഷ്ടം തന്‍റെ ജഡംപോലും മനുഷ്യരാശിക്ക് ഉപയുക്തമാകട്ടെ എന്നായിരുന്നു. അത് അദ്ദേഹത്തിന്‍റെ മഹത്വം. പക്ഷെ ആത്മീയവാദികളും ഭൌതികവാദികളും ഒരുപോലെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. ദേഹിയില്ലാത്ത ദേഹം... ജീവനില്ലാത്ത ശരീരം... അത് വെറും അചേതനവസ്തു മാത്രമാകുന്നു... കുറേ തന്മാത്രകളുടെ വെറുമൊരു കൂമ്പാരം....

മൃതദേഹത്തെ ആദരിക്കുന്നത് നമ്മുടെ സംസ്കൃതിയുടെ ഭാഗമാണ്. അതുകൊണ്ടാണല്ലോ കൊല്ലപ്പെട്ട ക്രിമിനലുകളുടെ ദേഹത്തിന് മുന്നില്‍ നിന്നുപോലും പോലീസ് ഒഫീസര്‍മാര്‍ തൊപ്പിയൂരി തലകുനിക്കുന്നത്.

ആ നിലയ്ക്ക് മരണമടഞ്ഞ ജ്യോതിബസുവിന്‍റെ ആഗ്രഹത്തിനപ്പുറം ജീവിച്ചിരിക്കുന്ന അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ താല്പര്യങ്ങളായിരുന്നില്ലേ സംരക്ഷിക്കപ്പെടേണ്ടിയിരുന്നത്?

ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളിലെ ഏറ്റവും വലിയ പ്രതിസന്ധി പഠനആവശ്യത്തിന് വേണ്ടത്ര മൃതദേഹങ്ങള്‍ ലഭ്യമാകുന്നില്ല എന്നതാണ്. ബംഗാളില്‍തന്നെ 1986ന് ശേഷം 70,000 പേര്‍ സ്വന്തം ശരീരം മരണാനന്തരം മെഡിക്കല്‍ കോളേജുകള്‍ക്ക് വാഗ്ദാനം ചെയ്തെങ്കിലും വെറും 1400 ദേഹങ്ങള്‍ മാത്രമാണ് നാളിതുവരെ ലഭ്യമായത്.

ആ നിലയ്ക്ക് ബസുവിന്‍റെ സേവനം സ്തുത്യര്‍ഹംതന്നെയാണ്.

ഇതൊരു മതമൌലികവാദിയുടെ ജല്പനമല്ല...

ജ്യോതിബസുവിന്‍റെ ധിഷണയുടെ ഏഴരികത്ത് എത്താത്ത ഒരു സാധാരണ പൌരന്‍റെ ധര്‍മ്മസങ്കടം മാത്രമാണ്.

ഇതരുതായിരുന്നു...!!

ഇന്ത്യാചരിത്രത്തിന് മുന്‍കൂട്ടി തിരക്കഥയെഴുതാന്‍ കഴിഞ്ഞ ഒരു വലിയ മനുഷ്യന്‍റെ ഭൌതികശരീരത്തോട് നാം നീതി പുലര്‍ത്തിയോ? ഇവിടെ തീര്‍ച്ചയായും അരങ്ങൊഴിഞ്ഞ ബസുവിന്‍റെ ആഗ്രഹം നമ്മള്‍ മറക്കണമായിരുന്നു. ആചാരങ്ങളില്ലെങ്കിലും ഇലക്ട്രിക് ക്രിമറ്റേറിയമെങ്കിലും ഉപയോഗിക്കാമായിരുന്നു. നാസ്തികനായ ഒരു കമ്മ്യൂണിസ്റ്റ്കാരന്‍റെ ചിന്തകളുടെ വലുപ്പം അറിയാഞ്ഞല്ല. ചില ദുഃഖങ്ങള്‍ക്ക് തത്ത്വചിന്തയും പ്രത്യയശാസ്ത്രങ്ങളും പരിഹാരമാകുന്നില്ല.

അതുകൊണ്ടാകാം... ഉളളിന്‍റെയുളളില്‍... എവിടെയോ... ഒരു നൊമ്പരം....

_____________________

സുരേഷ് വര്‍മ്മ


1 comments:

Anonymous said...

ithu thankalude aakramanamaye thonniullu. ardhasathyavum kalpitakathakalum thunnippidippicha ee abhyasam arochakam. dukham chamanju apamanikkan sramikkunna ittharam kubuddhi neecham.........sekhar

Post a Comment